
വളരെയധികം മാനസിക സമ്മർദവും പിരിമുറുക്കവുമൊക്കെ അനുഭവിക്കുന്ന സമയത്ത് ആരെങ്കിലും ഒന്ന് ആലിംഗനം ചെയ്തിരുന്നെങ്കിൽ എന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ? എങ്കിൽ പണം വാങ്ങി ആലിംഗനം നൽകുന്ന മാൻ മോമുകൾ ഇപ്പോൾ ചൈനയിലെ യുവതികൾക്കിടയിൽ സജീവമാകുകയാണ്. അഞ്ച് മിനിട്ട് ആലിംഗനത്തിന് 50 യുവാൻ (600 രൂപ) ആണ് മാൻ മോമുകൾ ഈടാക്കുന്നത്. "മാൻ മോം" എന്ന പദം ഇപ്പോൾ പുരുഷന്മാർ ആശ്വാസകരമായ ആലിംഗനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെയും, ശക്തിയെ സൗമ്യതയുമായി സംയോജിപ്പിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാകുന്നത്.
ഈ പണമടച്ചുള്ള ആലിംഗനങ്ങൾ ചാറ്റ് ആപ്പുകൾ വഴിയാണ് ഒരുക്കുന്നത്. സാധാരണയായി മാളുകൾ, സബ്‌വേ സ്റ്റേഷനുകൾ പോലുള്ള പൊതു ഇടങ്ങളിലാണ് ആലിംഗനം നൽകുക. സമ്മർദകരമായ സമയങ്ങളിൽ വൈകാരിക ആശ്വാസം നൽകുന്നതാണ് ഈ സംവിധാനം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് പ്രകാരം, ഈ പദം ആദ്യം ജിമ്മിൽ പോകുന്നവരെയാണ് വിശേഷിപ്പിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അത് ശാരീരിക ശക്തിയും സൗമ്യതയും ക്ഷമയും സംയോജിപ്പിക്കുന്ന പുരുഷന്മാരെയാണ് സൂചിപ്പിക്കുന്നത്.
മാനസിക സമ്മർദത്തിലായ ഒരു വിദ്യാർഥി അടുത്തിടെ ഓൺലൈനിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു. തീസിസ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദത്തെ നേരിടാൻ ഒരു മാൻ മോമിനെ സമീപിക്കണം എന്നായിരുന്നു അത്. സെക്കൻഡറി സ്കൂളിൽ ഒരിക്കൽ എന്നെ ആലിംഗനം ചെയ്തപ്പോൾ എനിക്ക് അതിലൂടെ വലിയ സമാധാനമാണ് തോന്നിയത്. അഞ്ച് മിനിറ്റോളം എതെങ്കിലും പൊതുയിടത്തിൽ മാൻ മോമിനെ ആലിംഗനം ചെയ്യാനാകുമെന്നും വിദ്യാർഥി സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു ലക്ഷത്തിലധികം പ്രതികരണങ്ങളാണ് ആ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. മാൻ മോമിനെ കുറിച്ച് കൂടുതൽ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
മൂന്ന് മണിക്കൂർ ഓവർ ടൈം ജോലിക്ക് ശേഷം, മാൻ മോമിനെ സമീപിച്ചതായി മറ്റൊരു സ്ത്രീയും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അദ്ദേഹം മൂന്ന് മിനിറ്റ് തന്നെ ആലിംഗനം ചെയ്തു, തന്റെ ബോസിനെക്കുറിച്ച് അയാളോട് പറഞ്ഞപ്പോൾ സമാധാനിപ്പിച്ചുകൊണ്ട് തോളിൽ മൃദുവായി തലോടിയെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.