
ഇന്ന് ലോക ചോക്ലേറ്റ് ദിനം. ഓര്‍ക്കുമ്പോള്‍ തന്നെ മധുരിക്കുന്ന ചിന്തകളാണ് മനസിലേക്ക് വരുന്നതെങ്കില്‍ നിങ്ങള്‍ മറ്റൊന്നുകൂടെ അറിയണം. ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല ചോക്ലേറ്റ് ഉത്പാദനം ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംരക്ഷിത വന മേഖലയില്‍ ഉണ്ടാക്കുന്നത്. ചോക്ലേറ്റ് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൂടാ.
ചോക്ലേറ്റ് എന്നത് പലര്‍ക്കും ഒരു വികാരമാണ്. ഡാര്‍ക്ക് ചോക്ലേറ്റ് ഇന്ന് വിപണിയിലെ താരവുമാണ്. പല ബ്രാന്‍ഡുകള്‍ പല രൂപത്തില്‍ വിപണിയിലേക്ക് എത്തിച്ചുതരുന്ന ഈ ചോക്ലേറ്റുണ്ടാക്കുന്നത് പക്ഷെ അതിഭീകര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. അതിന്റെ വേരുകള്‍ തേടി പോകുമ്പോള്‍ എത്തി നില്‍ക്കുക പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്.
ചോക്ലേറ്റ് ഉണ്ടാക്കുന്നത് കൊക്കോ മരത്തിന്റെ വിത്തായ കൊക്കോകളില്‍ നിന്നാണ്. തിയോബ്രോമാ കൊക്കോ മരത്തില്‍ നിന്നാണ് ഇവ ശേഖരിക്കുന്നത്. ദക്ഷിണ അമേരിക്കയാണ് മരത്തിന്റെ സ്വദേശം എങ്കിലും ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത് ആഫ്രിക്കയിലാണ്. അതില്‍ തന്നെ ഐവറി കോസ്റ്റും ഘാനയുമാണ് മൂന്നിലൊന്ന് ഉത്പാദനവും നടത്തുന്നതും.
ഏതാണ്ട് 2000 മുതല്‍ ഐവറി കോസ്റ്റിലെയും ഘാനയിലും സംരക്ഷിത വനങ്ങളില്‍ ഒരു ഭാഗം കൊക്കോ പ്ലാന്റേഷനായി പരിണമിച്ചു തുടങ്ങിയിട്ടുണ്ട്. ഐവറി കോസ്റ്റില്‍ 37.4 ശതമാനം സംരക്ഷിത വനമേഖല വനനശീകരണത്തിന് വിധേയമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഘാനയില്‍ ഇത് 13.5 ശതമാനത്തില്‍ അധികം. 1950 മുതല്‍ ഐവറി കോസ്റ്റിന് 90 ശതമാനത്തിലധികം വനനശീകരണം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു, അതേസമയം ഘാനയ്ക്ക് കുറഞ്ഞത് 65 ശതമാനമെങ്കിലും നഷ്ടപ്പെട്ടതായാണ് പഠനങ്ങള്‍ പറയുന്നത്.
പശ്ചിമാഫ്രിക്കയിലെ ഏകദേശം 2 ദശലക്ഷം കര്‍ഷകര്‍ വരുമാനത്തിനായി കൊക്കോയെ ആശ്രയിക്കുന്നു. ആഗോള ചോക്ലേറ്റ് വിപണിയില്‍ കോടികളാണ് വന്‍കിട കമ്പനികള്‍ നേടുന്നത്. പൊതു, സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരുടെ സങ്കീര്‍ണ്ണമായ ഒരു ശൃംഖലയാണിത്. പശ്ചിമാഫ്രിക്കയിലെ കൊക്കോ കര്‍ഷകര്‍ക്ക് ഒരു ചോക്ലേറ്റ് ബാറിന്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പറുദീസകൂടിയാണ് ഈ മേഖല. മധുരം നുണയുമ്പോള്‍ ഇതുകൂടെ അറിഞ്ഞിരിക്കാം.