സന്തോഷിച്ചാട്ടെ! ദിവസേന രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് ആയുസ് കൂട്ടുമെന്ന് പഠനം

ദിവസേന ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ രക്ഷിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.
coffee
Source: Freepik
Published on

രാവിലെ ഒരു കപ്പ് കാപ്പി കുടിക്കാത്തവരായിട്ട് ആരുണ്ട് അല്ലേ? അതിരാവിലെ പല്ലും മുഖവും കഴുകിയ ശേഷം ഒരു കപ്പ് കാപ്പി കുടിക്കുന്നത് ആയുസ് വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ദിവസേന ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ രക്ഷിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ വലിയ പ്രതീക്ഷയേകുന്നതാണ്. ദിവസേന മിതമായ അളവിൽ കാപ്പി കുടിക്കുന്നതിലൂടെ ആയുസ് വർധിക്കുമെന്നാണ് കരൾ വിദഗ്ധനായ ഡോ. എസ്.കെ. സരിൻ പറയുന്നത്.

അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷൻ്റെ വാർഷിക യോഗത്തിൽ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി അവതരിപ്പിച്ച ഒരു പുതിയ പഠന റിപ്പോർട്ട് പ്രകാരം ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നവരുടെ മരണസാധ്യത 14% കുറയുമെന്നാണ് പറയുന്നത്.

ഒരു ദശാബ്ദക്കാലമായി 46,000ത്തിലധികം ആളുകളിൽ നടത്തിയ റിസർച്ച് പ്രകാരമുള്ളതാണ് ടഫ്റ്റ്സ് പഠന റിപ്പോർട്ട്. അതുപ്രകാരം ദിവസവും 1-2 കപ്പ് കാപ്പി കുടിക്കുന്നവർക്ക് കാൻസർ, ഹൃദയ സംബന്ധമായ കാരണങ്ങൾ എന്നിവ മൂലമുള്ള മരണസാധ്യത കുറവാണെന്ന് കണ്ടെത്തി.

ബ്രിട്ടനിലെ ബയോബാങ്ക് 1,89,020 പങ്കാളികളിൽ നടത്തിയ മറ്റൊരു പഠനത്തിലും സമാനമായ ആരോഗ്യ സവിശേഷതകൾ കണ്ടെത്തി. ദിവസവും രണ്ട് കപ്പിൽ കൂടുതൽ മധുരമിടാത്ത കാപ്പി കുടിക്കുന്നവരിൽ പുതിയ കാൻസറുകളും കാൻസർ സംബന്ധമായ മരണങ്ങളും 11 മുതൽ 16 ശതമാനമായി കുറയുന്നതായി കണ്ടെത്തി.

കാപ്പി കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കുന്നു. 2015ൽ നോർവേയിൽ നടത്തിയൊരു പഠനത്തിൽ, രണ്ടോ അതിലധികമോ കപ്പ് കാപ്പി കഴിക്കുന്നവർക്ക് ലിവർ സിറോസിസ് മൂലമുള്ള മരണ സാധ്യത 40% കുറവാണെന്ന് കണ്ടെത്തിയിരുന്നു. മെറ്റബോളിക് കരൾ രോഗങ്ങൾക്കുള്ള മരുന്നായി കാപ്പിയെ കണക്കാക്കാം. പക്ഷേ പുകവലി, മദ്യം, പഞ്ചസാര, കൊഴുപ്പ് എന്നിവയ്ക്കുള്ള പ്രതിവിധിയല്ല ഇത്.

കാപ്പി കുടിക്കുന്നത് മെറ്റബോളിക് സിൻഡ്രത്തിൻ്റെ ദോഷഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. അതായത് ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി, പ്രമേഹം, ഉയർന്ന ലിപിഡുകൾ എന്നിവ കുറയ്ക്കുന്നു. കൂടാതെ കുടലിലെ ഗട്ട് ബാക്ടീരിയകളെ പരിവർത്തനം ചെയ്ത് കുടൽ വീക്കം തടയുകയും കാൻസർ വിരുദ്ധ കോംപൗണ്ടുകൾ രൂപീകരിക്കുകയും ചെയ്യുന്നു.

കൂടാതെ കാപ്പി കുടിക്കുന്നത് ക്ഷീണം മാറ്റുകയും മിതമായ അളവിലുള്ള ഉപയോഗം പക്ഷാഘാതത്തിനും ഡിമെൻഷ്യയ്ക്കുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, ഏകദേശം 3.5 ലക്ഷം ആളുകളിൽ നടത്തിയ ഒരു മെറ്റാ അനാലിസിസ് കാണിക്കുന്നത് ഓരോ അധിക കപ്പ് കാപ്പിയും വിഷാദരോഗ സാധ്യത 8% കുറയ്ക്കുന്നു എന്നാണ്.

അതേസമയം, ദിവസേന നാല് കപ്പിലേറെ കാപ്പി കുടിക്കുന്നതും, ഉയർന്ന അളവിൽ പഞ്ചസാരയും പാലും അടങ്ങിയ കാപ്പി കുടിക്കുന്നതും വിപരീത ദിശയിലുള്ള ഫലങ്ങൾ സൃഷ്ടിക്കുമെന്നും ഡോ. എസ്.കെ. സരിൻ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com