മലയാളികള്‍ക്ക് അഭിമാനമായി സ്മിത ഭാസി സഞ്ജീവ്; മിസിസ് യൂണിവേഴ്‌സ് 2026ല്‍ ടോപ് 25-ല്‍ ഇടം നേടി മലയാളി യുവതി

'മിസിസ് യൂണിവേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക' എന്ന കിരീടധാരിയായാണ് സ്മിത മത്സരിച്ചത്.
മലയാളികള്‍ക്ക് അഭിമാനമായി സ്മിത ഭാസി സഞ്ജീവ്; മിസിസ് യൂണിവേഴ്‌സ് 2026ല്‍ ടോപ് 25-ല്‍ ഇടം നേടി മലയാളി യുവതി
Published on: 
Updated on: 

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന 49-ാമത് മിസിസ് യൂണിവേഴ്‌സ് ഗ്രാന്‍ഡ് ഫിനാലെയില്‍ മലയാളിയായ സ്മിത ഭാസി സഞ്ജീവ് ടോപ് 25-ല്‍ ഇടം നേടി. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 123 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച വേദിയില്‍, 'മിസിസ് യൂണിവേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക' എന്ന കിരീടധാരിയായാണ് സ്മിത മത്സരിച്ചത്.

എട്ട് ദിവസം നീണ്ടുനിന്ന മത്സരപരിപാടികളിലുടനീളം ഓരോ മത്സരാര്‍ത്ഥിയെയും വിധികര്‍ത്താക്കള്‍ സൂക്ഷ്മമായി വിലയിരുത്തിയിരുന്നു. ഈ ദിവസങ്ങളില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ 'മിസിസ് യൂണിവേഴ്‌സ് പേഴ്‌സണാലിറ്റി' എന്ന പ്രത്യേക പുരസ്‌കാരവും സ്മിത സ്വന്തമാക്കി. ആത്മവിശ്വാസവും വ്യക്തിത്വവും കൊണ്ട് വിധികര്‍ത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സ്മിത, ടോപ് 25 സാഷും കിരീടവും അണിഞ്ഞാണ് വേദി വിട്ടത്.

തിരുവല്ല സ്വദേശിയായ സ്മിത, ഭര്‍ത്താവ് സഞ്ജീവ് നായര്‍ക്കും മൂന്ന് ആണ്‍മക്കള്‍ക്കുമൊപ്പം അമേരിക്കയിലെ ഷാര്‍ലറ്റിലാണ് താമസം. കൊച്ചിയിലെ വ്യവസായി ഭാസി കെ. നായരുടെയും ജയലക്ഷ്മിയുടെയും മകളാണ്. മൂന്ന് മക്കളുടെ അമ്മയെന്ന ഉത്തരവാദിത്തങ്ങള്‍ക്കിടയിലും നിരവധി സൗന്ദര്യ മത്സരങ്ങളിലും ഫാഷന്‍ ഷോകളിലും സജീവ സാന്നിധ്യമായ സ്മിത, 'മിസിസ് ഇന്റര്‍നാഷണല്‍ ദിവ' എന്ന പേരിലും അറിയപ്പെടുന്നു.

'പറക്കാനുള്ള ചിറകുകള്‍ തന്നത് അമേരിക്കയാണ്, എന്നാല്‍ ഇന്നത്തെ ഞാന്‍ ഞാനായത് കേരളവും എന്റെ വേരുകളും നമ്മുടെ സംസ്‌കാരവും കൊണ്ടാണ്. പ്രായമോ, വിവാഹമോ, കുടുംബ ഉത്തരവാദിത്തങ്ങളോ ഒരിക്കലും നമ്മുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കരുത്. ഓരോ സ്ത്രീക്കും തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ ഈ നേട്ടം ഒരു പ്രചോദനമാകട്ടെ,' സ്മിത പറഞ്ഞു.

News Malayalam 24x7
newsmalayalam.com