2100-ൽ മനുഷ്യവംശം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടുമോ? ഭീഷണിയായി 17 മഹാവിപത്തുകൾ: റിപ്പോര്‍ട്ട്

17 ഭീഷണികളിൽ മനുഷ്യവംശത്തെ പൂർണ്ണമായി ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള രണ്ട് വിപത്തുകളായി ആണവയുദ്ധത്തെയും നിർമ്മിത ബുദ്ധിയുടെ ദുരുപയോഗത്തെയുമാണ് ഗവേഷകർ പ്രത്യേകം എടുത്തുപറയുന്നത്.
17 Global Threats That Could Endanger Humanity by 2100
Lancet Report: 17 Global Threats That Could Endanger Humanity by 2100news malayalam 24x7
Published on: 
Updated on: 

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അപകടകരമായ ദുരുപയോഗവും ആണവയുദ്ധ ഭീഷണികളും കാരണം 2100-ഓടെ മനുഷ്യവംശത്തിന്റെ നിലനിൽപ്പ് തന്നെ കടുത്ത വെല്ലുവിളി നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റിന്‍റെ' പുതിയ റിപ്പോർട്ട്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 35 പ്രമുഖ ഗവേഷകരും വിദഗ്ദ്ധരും അടങ്ങുന്ന സമിതി തയ്യാറാക്കിയ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ആരോഗ്യ ഭീഷണികൾ' എന്ന പഠനത്തിലാണ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരാശിയുടെ കോടിക്കണക്കിന് ആരോഗ്യകരമായ ജീവതവർഷങ്ങളെ അപകടത്തിലാക്കുന്ന 17 മഹാവിപത്തുകളെക്കുറിച്ച് അക്കമിട്ട് നിരത്തുന്നത്.

ആണവ സംഘർഷം, എഐയുടെ വിനാശകരമായ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം, ആഗോള പകർച്ചവ്യാധികൾ, വായു മലിനീകരണം, മരുന്നുകൾക്ക് വഴങ്ങാത്ത അണുബാധകൾ, പരമ്പരാഗത യുദ്ധങ്ങൾ, കുട്ടികളിലെ പോഷകാഹാരക്കുറവ്, അമിത മദ്യപാനം, പുകവലി, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, മോശം മാനസികാരോഗ്യം, അനാരോഗ്യകരമായ വാർദ്ധക്യം, വരുമാന അസമത്വം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, ആരോഗ്യ വികസന ഫണ്ടുകളുടെ തകർച്ച എന്നിവയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന പ്രധാന ഭീഷണികൾ.

17 Global Threats That Could Endanger Humanity by 2100
ലോകാവസാനം ഇങ്ങനെയാണോ?

ഈ 17 ഭീഷണികളിൽ മനുഷ്യവംശത്തെ പൂർണ്ണമായി ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള രണ്ട് വിപത്തുകളായി ആണവയുദ്ധത്തെയും നിർമ്മിത ബുദ്ധിയുടെ ദുരുപയോഗത്തെയുമാണ് ഗവേഷകർ പ്രത്യേകം എടുത്തുപറയുന്നത്. ഒരു ആണവയുദ്ധമുണ്ടായാൽ അത് ലോകത്ത് ഉടനടി വരുത്തിവെക്കുന്ന സർവ്വനാശത്തിന് പുറമെ, ഭൂമിയിലാകെ കനത്ത പുകയും ചാരവും നിറഞ്ഞ് സൂര്യപ്രകാശം തടസ്സപ്പെടുന്ന 'ആണവ ശൈത്യത്തിന്' വഴിവെക്കും. ഇത് കൃഷിയെയും ഭക്ഷ്യോൽപ്പാദനത്തെയും തകർത്ത് ലോകവ്യാപകമായ മഹാക്ഷാമത്തിലേക്കും വംശനാശത്തിലേക്കും മനുഷ്യരെ തള്ളിവിട്ടേക്കാം.

മറുവശത്ത്, നിർമ്മിത ബുദ്ധിയെ സൈനികാവശ്യങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്നത് എഐ നിർമ്മിത ജൈവായുധങ്ങളുടെ വ്യാപനത്തിലേക്കും, മനുഷ്യ നിയന്ത്രണമില്ലാത്ത സ്വയംനിയന്ത്രിത കൊലയാളി യന്ത്രങ്ങളിലേക്കും, തന്ത്രപ്രധാനമായ ആഗോള പശ്ചാത്തല സൗകര്യങ്ങളുടെ തകർച്ചയിലേക്കും നയിച്ചേക്കാം. എന്നാൽ 2100-ഓടെ മനുഷ്യവംശം അനിവാര്യമായും നശിക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നില്ലെന്നത് ആശ്വാസകരമായ കാര്യമാണ്. ഇത്തരം വംശനാശ സാഹചര്യങ്ങൾ വളരെ കുറഞ്ഞ സാധ്യത മാത്രമുള്ളവയാണെന്നും , മനുഷ്യരാശി ഇന്ന് കൈക്കൊള്ളുന്ന നയപരമായ തീരുമാനങ്ങൾക്കാണ് ഭാവിയെ തിരുത്തിക്കുറിക്കാൻ കഴിയുകയെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള കൃത്യമായ സഹകരണം, ഉത്തരവാദിത്തമുള്ള എഐ വികസന നയങ്ങൾ, ആണവ നിരായുധീകരണ നീക്കങ്ങൾ, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണം, ശാസ്ത്രീയ മുന്നേറ്റങ്ങൾ എന്നിവയിലൂടെ ഈ വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും. വരുന്ന തലമുറകൾക്ക് കൈമാറേണ്ട ഭൂമിയുടെ ഭാവി ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന വലിയ തിരിച്ചറിവാണ് ലാൻസെറ്റ് റിപ്പോർട്ട് നൽകുന്നത്.

17 Global Threats That Could Endanger Humanity by 2100
ട്രെൻഡിങ്ങായി കടലിലെ പ്രതിഭാസങ്ങളും ലവിയതനും! സോഷ്യൽ മീഡിയ ചോദിക്കുന്നു, ഇത് ലോകാവസാനമോ?
News Malayalam 24x7
newsmalayalam.com