വ്യവസായ സൗഹൃദ പാഠ്യപദ്ധതിയുമായി കുസാറ്റ്; കേരളത്തിൽ ആദ്യം

സിലബസിന്റെ 80 ശതമാനം കോർ സിലബസും ശേഷിക്കുന്ന 20 ശതമാനം ഫ്ലെക്സിബിൾ ഘടകവുമായിരിക്കും.
വ്യവസായ സൗഹൃദ പാഠ്യപദ്ധതിയുമായി കുസാറ്റ്; കേരളത്തിൽ ആദ്യം
Published on
Updated on

കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ സാധ്യമാക്കുന്നതിനായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുന്നതിനുള്ള നിർണായക തീരുമാനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ധാരണയായി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫ്ലെക്സിബിൾ കരിക്കുലം സംവിധാനം അവതരിപ്പിക്കുന്നത്. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ സർവകലാശാല ഡീന്മാരുടെയും വകുപ്പ് മേധാവികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമെടുത്തത്.

ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുമ്പോൾ, പുതുതായി ഉയർന്നുവരുന്ന വിഷയമേഖലകൾ ഫലപ്രദമായി പഠിപ്പിക്കുന്നതിനായി ഫാക്കൽറ്റി അംഗങ്ങൾക്ക് ട്രെയിനിങ് പരിപാടികൾ, വ്യവസായ മേഖലയുമായുള്ള ഇടപെടലുകൾ, പ്രമുഖ ഗവേഷണ-വികസന സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിന് അവസരം നൽകണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്.

പരമ്പരാഗത രീതിയിൽ ഒരു പ്രോഗ്രാം ആരംഭിക്കുമ്പോൾ പഠന ബോർഡ് അംഗീകരിക്കുന്ന സിലബസ് പ്രോഗ്രാമിന്റെ കാലയളവിലുടനീളം മാറ്റമില്ലാതെ തുടരുന്നതാണ് നിലവിലെ രീതി. ഇതുമൂലം പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ, സാങ്കേതികവിദ്യയിലെ നൂതന മാറ്റങ്ങൾ, വ്യാവസായിക മേഖലയിലെ പുതിയ വികസനങ്ങൾ, അന്തർവിഷയപരമായ അറിവുകൾ എന്നിവ പാഠ്യപദ്ധതിയിൽ സമയബന്ധിതമായി ഉൾപ്പെടുത്തുന്നതിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് പാഠ്യപദ്ധതിയുടെ നിശ്ചിത ഭാഗം കാലാനുസൃതമായി പരിഷ്‌കരിക്കാൻ കഴിയുന്ന ഫ്ലെക്സിബിൾ കരിക്കുലം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.

വ്യവസായ സൗഹൃദ പാഠ്യപദ്ധതിയുമായി കുസാറ്റ്; കേരളത്തിൽ ആദ്യം
വീടിനു മുന്നിലെ 'ജീപ്പ് പൊലീസ് സ്റ്റേഷന്‍'; കാരണം വിശദീകരിക്കേണ്ടത് പൊലീസ്; വസ്തുത വിശദീകരിച്ച് പിണറായി വിജയന്‍

ശാസ്ത്ര-സാങ്കേതിക മേഖലകളിൽ പുതിയ അറിവുകളും സാങ്കേതികവിദ്യകളും അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരിഷ്‌കരണങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. വിവിധ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ പുതിയ കണ്ടുപിടിത്തങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, ഗവേഷണ മേഖലകൾ, വ്യാവസായിക വികസനങ്ങൾ എന്നിവയ്ക്കനുസരിച്ച് പാഠ്യപദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ഇതിലൂടെ സാധിക്കും. സെമികണ്ടക്ടർ ടെക്‌നോളജി, ഫോട്ടോവോൾട്ടായിക്‌സ്, ബയോടെക്നോളജി തുടങ്ങിയ അതിവേഗം വികസിക്കുന്ന മേഖലകളിലെ പുതിയ അറിവുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഇതുവഴി കഴിയും. എൻജിനീയറിങ്, പരിസ്ഥിതി ശാസ്ത്രം, മാനേജ്മെന്റ്, നിയമം, സാമൂഹിക ശാസ്ത്രം തുടങ്ങിയ മേഖലകളിലും സമാനമായ പരിഷ്‌കരണങ്ങൾ നടപ്പാക്കാനാകും.

നിർദ്ദിഷ്ട മാതൃകപ്രകാരം സിലബസിന്റെ 80 ശതമാനം പഠന ബോർഡ് നിർദേശിക്കുന്ന കോർ സിലബസും ശേഷിക്കുന്ന 20 ശതമാനം ഫ്ലെക്സിബിൾ സിലബസും ഘടകവുമായിരിക്കും. കോർ സിലബസ് അക്കാദമിക് നിലവാരവും നിയമപരമായ ആവശ്യകതകളും ഉറപ്പാക്കുമ്പോൾ, ഫ്ലെക്സിബിൾ ഘടകം കാലാനുസൃതമായി പരിഷ്‌കരിച്ച് പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണ കണ്ടെത്തലുകൾ, അന്തർവിഷയ വിഷയങ്ങൾ, വ്യാവസായിക രീതികൾ, കേസ് സ്റ്റഡികൾ, സമകാലിക വികസനങ്ങൾ എന്നിവ ഉൾപ്പെടുത്താൻ കഴിയും.

വിവിധ വകുപ്പുകളിലെ വിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രധാനപ്പെട്ട ഗവേഷണ കണ്ടെത്തലുകൾ വകുപ്പ് റിസർച്ച് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും നിർദ്ദേശമുണ്ട്.

ഫ്ലെക്സിബിൾ സിലബസിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ കണ്ടെത്തുന്നതിനും പാഠ്യപദ്ധതി പരിഷ്‌കരണത്തിന് അംഗീകാരം നൽകുന്നതിനും ഉള്ള നടപടികൾ സുതാര്യമായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി വകുപ്പ് അധ്യാപകരെ ഉൾപ്പെടുത്തി Departmental Curriculum Committee രൂപീകരിക്കാനും, അധ്യാപകർ, വിദ്യാർഥികൾ, ഗവേഷണ വിദ്യാർഥികൾ, പോസ്റ്റ് ഡോക്ടറൽ ഫെലോകൾ, വ്യവസായ വിദഗ്ധർ, പൂർവവിദ്യാർഥികൾ തുടങ്ങിയവർക്ക് പുതിയതും ഉയർന്നുവരുന്നതുമായ വിഷയമേഖലകൾ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും അവസരമുണ്ടാകും. പുതിയ വികസനങ്ങൾ കണ്ടെത്തി ഫ്ലെക്സിബിൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നതിനായി ഗവേഷകർക്കും അധ്യാപകരെ സഹായിക്കാനും കഴിയും.

News Malayalam 24x7
newsmalayalam.com