ഡോക്ടർ ചൈനയിൽ, രോഗി ഹൈദരാബാദിൽ; 3000 കി.മീ. അകലെ നിന്നുള്ള ശസ്ത്രക്രിയ വിജയം

ഹൈദരാബാദിലുള്ള രോഗിക്ക് ചൈനയിൽ നിന്നുള്ള ഇന്ത്യൻ ഡോക്‌ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.
ഡോക്ടർ ചൈനയിൽ, രോഗി ഹൈദരാബാദിൽ; 3000 കി.മീ. അകലെ നിന്നുള്ള ശസ്ത്രക്രിയ വിജയം
Published on
Updated on

ഹൈദരാബാദ്: ആരോഗ്യ മേഖലയിൽ സുപ്രധാന നാഴികക്കല്ലായി 3000 കിലോമീറ്റർ അകലെ നിന്നും നടത്തിയ ശസ്ത്രക്രിയ. ഹൈദരാബാദിലുള്ള രോഗിക്ക് ചൈനയിൽ നിന്നുള്ള ഇന്ത്യൻ ഡോക്‌ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. യൂറോളജിസ്റ്റായ ഡോ. സയ്യിദ് മുഹമ്മദ് ഗൗസാണ് റോബോർട്ടിൻ്റെ സഹായത്തോടെ മൂത്രനാളിയുടെ റീഇംപ്ലാൻ്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ചൈനയിൽ വികസിപ്പിച്ചെടുത്ത റോബോട്ടിക് സാങ്കേതികവിദ്യയും അൾട്രാ-ഫാസ്റ്റ് 5ജി ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ചൈന ഡെയ്‌ലിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ടോങ്ജി ആശുപത്രിയിലെ ഡോക്ടർമാരും ഹൈദരാബാദിലെ മെഡിക്കൽ സംഘവും ഏകോപിപ്പിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, വുഹാനിലെയും ഹൈദരാബാദിലെയും ഡോക്ടർമാർ സംയുക്തമായി രോഗിയുടെ മെഡിക്കൽ രേഖകൾ ഓൺലൈനായി പരിശോധിക്കുകയും റോബോട്ടിക് കൈകളുടെ ചലന പാത ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും ചെയ്തു. ഇതിന് ശേഷം ഹൈദരാബാദില ഡോക്ടർമാർ രോഗിക്ക് അനസ്‌ത്യേഷ്യ നൽകിയശേഷം റോബോട്ടിക് ഉപകരണങ്ങൾ ഓപ്പറേഷൻ തിയറ്ററിൽ സജ്ജമാക്കി.

റോബോട്ടിക് സിസ്റ്റത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങളും ഹൈ-ഡെഫനിഷൻ ത്രീഡി ക്യാമറകളും ഉൾപ്പെട്ടിരുന്നു. തത്സമയ ദൃശ്യങ്ങൾ അവ വുഹാനിലെ സയ്യിദ് മുഹമ്മദ് ഗൗസിന് അനുനിമിഷം നിരീക്ഷിക്കാൻ പറ്റുന്ന വിധത്തിൽ സജ്ജമാക്കിയിരുന്നു. ഡോക്ടറുടെ കൈകളുടെ ചലനം അനുകരിച്ചാണ് റോബോട്ടിക് കൈകൾ പ്രവർത്തിച്ചത്. വെറും 200 മില്ലി സെക്കൻഡ് സമയം കൊണ്ടാണ് വുഹാനിൽ നിന്ന് ഡോക്ടറുടെ നിർദേശങ്ങൾ ഹൈദരാബാദിലെ രോഗിയിലേക്ക് എത്തിയത്. ഏകദേശം 90 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ചോക്ടർ എക്സിൽ കുറിച്ചു.

News Malayalam 24x7
newsmalayalam.com