അസാധാരണ ജീവിത രീതി, ജനനം മുതൽ മരണം വരെ സവിശേഷ വസ്ത്രധാരണം, വിചിത്ര നിയമാവലികളാൽ നിറഞ്ഞ ബ്രിട്ടീഷ് രാജ കുടുംബം

സ്ത്രീകള്‍ക്ക് മാത്രമല്ല രാജകുടുംബത്തിലെ പുരുഷന്മാര്‍ക്കും ഇത്തരത്തില്‍ നിയമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്
അസാധാരണ ജീവിത രീതി, ജനനം മുതൽ മരണം വരെ  സവിശേഷ വസ്ത്രധാരണം, വിചിത്ര നിയമാവലികളാൽ നിറഞ്ഞ ബ്രിട്ടീഷ് രാജ കുടുംബം
Published on


ഓരോ രാജകുടുംബത്തിനും അവരുടേതായ നിയമാവലികളും ചട്ടങ്ങളുമൊക്കെ ഉണ്ടാകുമല്ലേ ? അതുപോലെ ബ്രിട്ടീഷ് രാജകുടുംബത്തില്‍ അംഗങ്ങളെ അടി മുതല്‍ മുടി വരെ ഡ്രസ്സ്‌കോഡിൻ്റെ ഭാഗമാക്കി മാറ്റുന്ന വിചിത്ര നിയമങ്ങളെ കുറിച്ചാണ് പറയാന്‍ പോകുന്നത്. രാജകീയ മര്യാദകളനുസരിച്ചുളള ഒരു പഴയ നിയമമാണ് ബ്രിട്ടീഷ് രാജകുടുംബത്തിൻ്റേത്. അതിനാല്‍ തന്നെ അസാധാരണമായ ജീവിത ശൈലിയാണ് അവര്‍ പിന്തുടരുന്നത്. വസ്ത്രത്തിലും നിറത്തിലും എന്തിനേറെ നഖത്തിലും മേക്കപ്പിലും വരെ നിയമാവലികള്‍ പാലിക്കുന്നവര്‍. പതിറ്റാണ്ടുകളായി ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധമുള്ള റിച്ചാര്‍ഡ് ഫിറ്റ് വില്യംസ് ആണ് ഇക്കാര്യം വിശദമാക്കിയത്. 'മോഡേണ്‍ ബ്രിട്ടീഷ് മാനേഴ്സ്' എന്ന പുസ്തകത്തില്‍ ഇതേ കുറിച്ച് പറയുന്നുമുണ്ട്.

വസ്ത്രധാരണത്തിലും അതിന്റെ നിറത്തിലും ഒട്ടും വിട്ടുവീഴ്ച വരുത്താതെ നിയമം പിന്തുടരുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബം. അക്കാര്യത്തില്‍ അതീവ ശ്രദ്ധയായിരുന്നു എലിസബത് II രാജ്ഞിക്ക്. ഇടുന്ന വസ്ത്രങ്ങള്‍ വളരെ എടുത്തുകാണിക്കുന്ന നിറത്തിലുള്ളതും, എളിമയുള്ളതും, സാഹചര്യങ്ങള്‍ക്കിണങ്ങിയതുമായിരിക്കണം. അതാണ് ഒന്നാമത്തെ നിയമം. സാഹചര്യം നോക്കിയാണ് ഏത് വസ്ത്രം ഏത് തരത്തില്‍ ഏത് നിറത്തില്‍ ഇടണമെന്ന് തീരുമാനിക്കേണ്ടത്. മരണാനന്തര ചടങ്ങുകളാണെങ്കില്‍ കറുപ്പും, അല്ലാത്തപ്പോള്‍ മറ്റു നിറത്തിലുള്ള വസ്ത്രങ്ങളുമാണ് ധരിക്കേണ്ടത്.


സ്ഥലവും സന്ദര്‍ഭവും നോക്കി വസ്ത്രത്തിന്റെ നിറം തീരുമാനിക്കുന്നതാണ് മറ്റൊരു പ്രത്യേകത. ബ്രിട്ടീഷ് രാജകുടുംബത്തിലെ ദി ക്വീന്‍ ഓഫ് വെയില്‍സ് എന്നറിയപ്പെടുന്ന കേതറിന്‍ അഥവാ കെയിറ്റ് മിഡില്‍ട്ടണ്‍ (കെയിറ്റ് രാജകുമാരി) അത്തരത്തില്‍ സന്ദര്‍ഭോചിതമായി വസ്ത്രം ധരിക്കുന്ന കൂട്ടത്തിലാണ്. 2024 ലെ വിംബിള്‍ഡണ്‍ ടെന്നീസ് മാച്ചിന് പോയ കെയിറ്റ് രാജകുമാരി പര്‍പ്പിള്‍ നിറത്തിലുള്ള ഡ്രസായിരുന്നു ധരിച്ചത്. ആ ഇവെന്റിന്റെ ബ്രാന്‍ഡ് നിറങ്ങളില്‍ ഒന്നായിരുന്നു അത്. ഇനിയിപ്പോള്‍ അവര്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന് കരുതുക, അപ്പോള്‍ ആ രാജ്യത്തിന്റെ ഔദ്യോഗിക നിറത്തിലുള്ള വസ്ത്രമായിരിക്കും ധരിക്കുക. എന്താല്ലേ...നമ്മളും സാഹചര്യവും സ്ഥലവും സന്ദര്‍ഭവുമൊക്കെ നോക്കി വസ്ത്രം ധരിക്കുന്നവരാണ്, പക്ഷെ ഇത് തികച്ചും വിചിത്രമാണ് ...! എന്തിനാണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത് എന്ന് ചോദിച്ചാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വേര്‍തിരിച്ച് മനസിലാക്കാന്‍ എന്നാണ് അവരുടെ മറുപടി.


സ്ത്രീകള്‍ മിനിസ്‌കര്‍ട്ട് ധരിക്കാന്‍ പാടില്ല എന്നതാണ് മറ്റൊരു നിയമം. കാല്‍മുട്ടിന് താഴെ നീളമുളള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുകയുള്ളൂ. ഇത് പെണ്‍കുട്ടിക്കുകള്‍ക്കും ബാധകമാണ്. പക്ഷേ തണുപ്പുകാലത്ത് അവര്‍ക്ക് ടൈറ്റ്സിടാം. കൂടാതെ പാന്റിഹോസുകളും വെയിറ്റ്-ഡൗണ്‍ ഹെംലൈനുകളും നിര്‍ബന്ധമായും സ്ത്രീകള്‍ ഉപയോഗിക്കണം. വസ്ത്രങ്ങള്‍ കാറ്റില്‍ പറക്കുന്നത് തടയാനും സമൂഹത്തിനിടയില്‍ മാന്യത നിലനിര്‍ത്താനുമാണ് ഇത്തരത്തിലുള്ള സ്റ്റോക്കിങ്ങ്സുകള്‍ ഉപയോഗിക്കുന്നതെന്നാണ് എലിസബത് II രാജ്ഞി പറഞ്ഞിരുന്നത്.


ഗ്ലൗസിന്റെയും ഷൂസിന്റെയും ബാഗിന്റെയും കാര്യത്തിലാണ് അടുത്തതായി അവര്‍ നിയമവിധേയമാകുന്നത്. ഇടുന്ന ഗ്ലൗസിന്റെ നിറത്തിന് അനുയോജ്യമായിരിക്കണം ഷൂസിന്റെയും ബാഗിന്റെയും നിറം. അതുപോലെ ഡ്രെസ്സിന്റെ കൈയിന്റെ നീളം കുറയുന്നതിനനുസരിച്ച് ഗ്ലൗസിന്റെ നീളം കൂട്ടുകയും വേണം. മുന്‍പൊക്കെ ഈ ഗ്ലൗസ് ഒഴിച്ചുകൂടാന്‍ പറ്റാത്തൊരു ഘടകമായിരുന്നു, എന്നാലിപ്പോള്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. വേഗത്തില്‍ മുഷിഞ്ഞുപോകും എന്നതുകൊണ്ടാണ് ഇങ്ങനെയായത്. ഗ്ലൗസ് ഇട്ടുകൊണ്ട് ഷേക്ക് ഹാന്‍ഡ് കൊടുക്കാം പക്ഷെ അതുപോലെ ഭക്ഷണം കഴിക്കുന്നത് തെറ്റാണ്. ഭക്ഷണം കഴിക്കുമ്പോള്‍ മടിയില്‍ ടൗവ്വലിന്റെ താഴെയായി വേണം ഗ്ലൗസ് അഴിച്ചുവെക്കാന്‍.

എവിടെ പോകുമ്പോഴും ബാഗും പേഴ്‌സുമൊക്കെ കയ്യില്‍ കരുതുന്നവരാണ് രാജകുടുംബത്തിലെ സ്ത്രീകള്‍. ഇത്തരം വസ്തുക്കള്‍ എപ്പോഴും ഇടത് കയ്യില്‍ മാത്രമേ പിടിക്കാവൂ എന്നതാണ് മറ്റൊരു നിയമം. ഷേക്ക് ഹാന്‍ഡ് നല്‍കുന്നതിനും മറ്റുള്ളവരെ അഭിസംബോധന ചെയ്യാനും വലതു കൈ എപ്പോഴും ഫ്രീയായിരിക്കണം എന്നതാണ് പറയുന്നത്. ഇനി അവരത് വലതുകൈയിലാണ് പിടിക്കുന്നതെങ്കില്‍ സമ്പര്‍ക്കത്തിന് താല്പര്യമില്ല എന്നുവേണം കരുതാന്‍. ഒരു സഭയില്‍ ഈ ബാഗ് രാജ്ഞി തന്റെ മേശപ്പുറത്ത് വെക്കുകയാണെകില്‍ അതിനര്‍ത്ഥം ചര്‍ച്ച വേഗം അവസാനിപ്പിക്കണമെന്നോ വേഗം ഭക്ഷണം കഴിക്കണമെന്നോ ആണ്.


രാജ്ഞിമാരെ കുറിച്ചോര്‍ക്കുമ്പോള്‍ കിരീടവും തൊപ്പിയുമൊക്കെയാണ് നമുക്ക് ആദ്യം ഓര്‍മ വരുക. ആ തൊപ്പിക്കും കിരീടത്തിനുമുണ്ട് നിയമവശം. ഓരോ തൊപ്പിക്കും ഓരോ സമയവും കാലയളവുമുണ്ട്. ഈസ്റ്റര്‍ മുതല്‍ സെപ്റ്റംബര്‍ മാസം വരെ വൈക്കോലുകൊണ്ട് നിര്‍മിച്ച തൊപ്പികളാണ് അവര്‍ ധരിക്കുന്നത്. അതിനു ശേഷം ഫോര്‍മലായുള്ള തൊപ്പികളും ഉപയോഗിക്കുന്നു. തലയില്‍ തൊപ്പി പിന്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം ഊരിപ്പോകാന്‍ സാധ്യതയുണ്ട്. ഈ തൊപ്പികള്‍ ഒരിക്കലും കൈയില്‍ എടുക്കാനും പാടില്ല. വിവാഹവേളകളിലും മരണാന്തരവേളകളിലും പങ്കെടുക്കുമ്പോള്‍ തൊപ്പിയുടെ വലുപ്പം കുറവുമായിരിക്കണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെയിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 6 മണിക്ക് ശേഷമുള്ള ഒരു പരിപാടികളിലും തൊപ്പി ധരിച്ച് പോകരുത് പകരം ടിയാരയാണ് ധരിക്കേണ്ടത്. രത്നങ്ങള്‍ പതിപ്പിച്ച കിരീടത്തെയാണ് ടിയാര എന്നുപറയുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ ഈ കിരീടം ധരിക്കാന്‍ അനുവാദമുള്ളു. അതിനാല്‍ തന്നെ മറ്റുള്ളവര്‍ ഒരു കാരണവശാലും അത് വാങ്ങാനോ ധരിക്കാനോ പാടില്ല.


മേക്കപ്പ് എപ്പോഴും ലളിതമായിരിക്കണം എന്നതാണ് മറ്റൊരു നിയമം. അധികമായി മേക്കപ്പ് ഇട്ട് പുറത്തിറങ്ങിയാല്‍ അത് അനാവശ്യ ചര്‍ച്ചകള്‍ക്ക് കാരണമായേക്കുമെന്നാണ് പറയുന്നത്. നഖങ്ങള്‍ക്കും ഇക്കാര്യം ബാധകമാണ്. തിളക്കമുള്ളതോ നിയോണ്‍ നിറങ്ങളിലോ ഉള്ള നെയില്‍ പോളീഷുകള്‍ ഇടാന്‍ പാടില്ല. പക്ഷേ കെയിറ്റ് രാജകുമാരി ഈ രീതികള്‍ക്കൊന്നും അനുകൂലമല്ല. ചുവപ്പും കറുപ്പും നിറത്തിലുമുള്ള നെയില്‍ പോളിഷുകള്‍ ഇട്ട് പൊതുപരിപാടികളില്‍ അവര്‍ പങ്കെടുത്തിട്ടുണ്ട്.

മറ്റൊരു വിചിത്രമായ നിയമം വിവാഹ വസ്ത്രത്തിന് രാജാവിന്റെ അഗീകാരം ലഭിക്കണം എന്നതാണ്. രാജാവോ രാജ്ഞിയോ അംഗീകരിക്കാതെ നവദമ്പതികള്‍ക്ക് വിവാഹ വസ്ത്രം തീരുമാനിക്കാന്‍ കഴിയില്ല. ഇനി രാജാവിനും രാജ്ഞിക്കും അനുയോജ്യമായ സന്ദര്‍മല്ലെങ്കില്‍ സഭയിലെ മറ്റംഗങ്ങളുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് അന്തിമ തീരുമാനമെടുക്കുന്നത്. വിവാഹ വസ്ത്രം എപ്പോഴും എളിമയുള്ളതും വൈവിധ്യമാര്‍ന്നതും, വ്യത്യസ്തതയുള്ളതും ആയിരിക്കണം എന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണിത്.


സ്ത്രീകള്‍ക്ക് മാത്രമല്ല രാജകുടുംബത്തിലെ പുരുഷന്മാര്‍ക്കും ഇത്തരത്തില്‍ നിയമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അവര്‍ താടിയും മീശയും വളര്‍ത്താന്‍ പാടില്ല. ബ്രിട്ടീഷ് ആര്‍മി നിയമത്തിന്റെ ഒരു പിന്തുടര്‍ച്ച കൂടിയാണിത്. പക്ഷേ ഈ നിയമങ്ങള്‍ ലംഘിച്ച് ഹാരി രാജകുമാരന്‍ തന്റെ വിവാഹവേളയിലും, ജോലി സ്ഥലത്തുമൊക്കെ താടിയും മുടിയും വളര്‍ത്തിയിരുന്നു. ആ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികളാണെങ്കില്‍ 8 വയസ്സുവരെ ട്രൗസറുകള്‍ ധരിക്കണം. എന്നാല്‍ അത് ശൈത്യകാലത്ത് അവര്‍ക്ക് കോട്ടുകള്‍ ധരിക്കാനുള്ള അനുമതിയുണ്ട്.


കെയിറ്റ് രാജകുമാരിയും പ്രിന്‍സ് ഹാരിയുമൊക്കെ ഈ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് പറയുമ്പോള്‍ അതിനുള്ള ധൈര്യം എവിടെ നിന്ന് കിട്ടി എന്നായിരിക്കും അടുത്ത ചോദ്യം. അപ്പോള്‍ ഒരേയൊരു പേരേ അവര്‍ക്ക് പറയാനുണ്ടാകു 'ഡയാന രാജകുമാരി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിയ വിപ്ലവ രാജകുമാരിയായിരുന്നു അവര്‍. സാധാരണക്കാരുടെ രാജകുമാരി, വലിയ പ്രസക്തിയോ പദവിയോ ഒന്നും ആഗ്രഹിച്ച കൂട്ടത്തിലല്ലായിരുന്നു അവര്‍. ആ അസാധാരണ രീതി തന്നെയാണ് ഡയാനയെ ഇപ്പോഴും വേറിട്ടതാക്കുന്നത്. നിയമങ്ങളൊന്നും പാലിച്ചില്ലെന്നുമാത്രമല്ല അവര്‍ക്ക് സ്വന്തം നിയമങ്ങളായിരുന്നു. ഭര്‍ത്താവ് ചാള്‍സുമായുള്ള വിവാഹമോചന ശേഷമാണ് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഡയാന ജീവിച്ചത്. അദ്ദേഹം ഉള്ളപ്പോഴാണെങ്കിലും അതിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.


ജനങ്ങള്‍ക്കിടയില്‍ സ്വന്തമായൊരു ഫാഷന്‍ ബ്രാന്‍ഡ് തന്നെ ഉണ്ടാക്കിയെടുക്കാന്‍ ഡയാനക്ക് സാധിച്ചിട്ടുണ്ട്. തന്റെ പരീക്ഷണം മുഴുവന്‍ വസ്ത്രങ്ങളിലായിരുന്നു എന്നതിനാല്‍ ഫാഷന്‍ രാജകുമാരി എന്നും ഡയാന അറിയപ്പെട്ടു. തന്റെ കോളേജ് പഠന കാലം മുതലാണ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അവര്‍ തുടക്കം കുറിക്കുന്നത്. ബിക്കിനി, കറുപ്പ് വസ്ത്രം, പാന്റ്സ്, ഓഫ് ഷോള്‍ഡര്‍ ഡ്രെസ്സുകള്‍, അങ്ങനെ തുടങ്ങുന്നു മാറ്റങ്ങളുടെ കാലഘട്ടം. വൈറ്റ് ഹൗസില്‍ നടന്‍ ജോണ്‍ ട്രാവോള്‍ട്ടയ്‌ക്കൊപ്പം കറുപ്പ് ഓഫ്ഷോള്‍ഡര്‍ വസ്ത്രത്തില്‍ ഡാന്‍സ് കളിക്കുന്ന ഡയാനയുടെ ഫോട്ടോ അന്ന് വളരെയധികം ചര്‍ച്ചയായ ഒന്നായിരുന്നു. മരണാന്തര ചടങ്ങുകളില്‍ മാത്രം ധരിച്ചിക്കുന്ന കറുപ്പ് വസ്ത്രം വിശേഷ സാഹചര്യങ്ങളിലും ധരിച്ചു എന്നതായിരുന്നു കാരണം.


അതുപോലെതന്നെ ടിയാരയും ഗ്ലൗസും തൊപ്പികളുമൊക്കെ അന്യമാക്കപ്പെട്ടതായിരുന്നു ഡയാനക്ക്. കഴുത്തിലെ നെക്ലേസ് ആയിരുന്നു പലപ്പോഴും അവര്‍ക്ക് ടിയാര. ചുളിവുകളുള്ള വസ്ത്രങ്ങളും എടുത്ത് കാണിക്കുന്ന തരത്തിലുള്ള നെയില്‍ പോളിഷുകളും മേക്കപ്പുമെല്ലാം അവര്‍ക്കൊരു ഹരമായിരുന്നു. എലിസബത് II രാജ്ഞിയുടെ കര്‍ക്കശമായ നിയമങ്ങളില്‍ ഒന്നായിരുന്ന പാന്റിഹോസുകള്‍ പോലും ഉപയോഗിക്കാന്‍ ഡയാന തയ്യാറായിരുന്നില്ല.


ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇനിയുമുണ്ട് ഇതുപോലെ വിചിത്രമായ ഒരുപാട് നിയമങ്ങള്‍. പക്ഷേ ഈ നിയമങ്ങളൊന്നും പാലിക്കാന്‍ പുതു തലമുറ തയ്യാറല്ല എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടാണ് കെയിറ്റ് രാജകുമാരിയും, പ്രിന്‍സ് ഹാരിയുമൊക്കെ അവരുടെ ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത്. ഡയാന രാജകുമാരിയുടെ അതേ രീതികളാണ് നിലവില്‍ പ്രിന്‍സ് ഹാരിയുടെ ഭാര്യയായ മേഗന്‍ മാര്‍ക്കിലും പിന്തുടരുന്നത്. ബിക്കിനിയിലേക്കൊന്നും എത്തിയില്ലെങ്കിലും ബാക്കിയെല്ലാം ഡയാനയുടെ പിന്തുടര്‍ച്ച തന്നെയാണ്. ഡയാന ബാക്കി വെച്ച ഫാഷനുകളുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ് മേഗനും മറ്റു കുടുംബാംഗങ്ങളും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com