
മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ എക്സിൽ ഡൗൺവോട്ടിങ്ങ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്. യു ട്യൂബിന് സമാനമായ ഡിസ്‌ലൈക്ക് ബട്ടണാണ് എക്സിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഉടൻ തന്നെ ഫീച്ചർ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
എക്സിൻ്റെ ഇൻ്റർഫേസിൽ കാണുന്ന ഹൃദയാകൃതിയിലുള്ള ലൈക്ക് ബട്ടണിന് സമീപം തകർന്ന ഹൃദയാകൃതിയിലുള്ള ഡൗൺവോട്ട് ബട്ടൺ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എക്സ് ഇലോൺ മസ്ക് ഏറ്റെടുക്കുന്നതിന് മുന്നോടിയായി 2021ൽ ട്വിറ്ററിൽ കമ്പനി ഇത്തരത്തിൽ ഒരു ഫീച്ചർ പരീക്ഷണം നടത്തിയിരുന്നു.
തുടക്കത്തിൽ കമ്പനി എല്ലാ പോസ്റ്റുകളിലും അപ്‌വോട്ടിംഗ്, ഡൗൺവോട്ടിംഗ് ബട്ടണുകൾ പരീക്ഷിച്ചിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം പോസ്റ്റിന് കീഴിലുള്ള മറുപടികൾക്ക് മാത്രം ഡൗൺ വോട്ടുകൾ അനുവദിക്കുന്ന രീതിയാണ് എക്സ് പരിഗണിക്കുന്നത്. അതേസമയം കഴിഞ്ഞ ജൂണിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യാവുന്ന ഫീച്ചറും എക്സ് അവതരിപ്പിച്ചിരുന്നു.