പ്രമേഹത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതേ!

ഇടയ്ക്കിടെ മൂത്രമൊഴിക്കുമ്പോഴുള്ള നിര്‍ജലീകരണം കൊണ്ടാവാം ശരീരം വെള്ളത്തിനായി അമിത ദാഹം പ്രകടിപ്പിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർന്നതിനുള്ള സൂചനയാകാം
പ്രമേഹത്തിൻ്റെ ആദ്യ  ലക്ഷണങ്ങൾ; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതേ!
Published on

ഒരു ജീവിത ശൈലി രോഗമെന്ന് പറഞ്ഞ് മാറ്റി നിർത്താവുന്ന ഒന്നല്ല പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് തന്നെ അപകടം സംഭവിക്കവുന്ന തരത്തിൽ പ്രമേഹം വില്ലനായി മാറും. പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ അവഗണിച്ചാൽ ഗുരുതരമായ മറ്റ് രോഗാവസ്ഥയിലേക്കാകും നാം എത്തുക. ശരീരം തന്നെ നൽകുന്ന സൂചകൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നേരത്തേ തന്നെ അറിയാനും നിയന്ത്രിക്കുവാനും സാധിക്കും.

ആദ്യ ലക്ഷണങ്ങൾ!

കൂടുതൽ തവണ മൂത്രമൊഴിക്കുക

സാധാരണയിലും കൂടുതൽ തവണ മൂത്രമൊഴിക്കുന്നത് ഒരു പക്ഷെ പ്രമേഹത്തിൻ്റെ ലക്ഷണമാകാം. രക്തത്തില്‍ നിന്ന് അധിക പഞ്ചസാര ഫില്‍റ്റര്‍ ചെയ്യാന്‍ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാകാം. 'പോളിയൂറിയ' എന്ന ഈ അവസ്ഥ. പ്രമേഹത്തിന്റെ ഒരു സാധാരണ മുന്‍കൂര്‍ സൂചനയാണിത്.

അമിതമായ ദാഹം

വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷെ എത്ര വെളളം കുടിച്ചാലും പിന്നെയും പിന്നെയും ദാഹം തോന്നുന്ന സാഹചര്യം ഉണ്ടെങ്കിൽ അവഗണിക്കരുത്. ഇടയ്ക്കിടെ മൂത്രമൊഴിക്കുമ്പോഴുള്ള നിര്‍ജലീകരണം കൊണ്ടാവാം ശരീരം വെള്ളത്തിനായി അമിത ദാഹം പ്രകടിപ്പിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനുള്ള സൂചനയാകാം.

ശരീരഭാരം കുറയുക

ഒരു വ്യായാമവും, ഭക്ഷണക്രമീകരണവും ചെയ്യാതെ തന്നെ ശരീരഭാരം കുറയുന്നെങ്കിൽ സന്തോഷിക്കാൻ വരട്ടെ. ആദ്യം പരിശോധനയാണ് വേണ്ടത്. ശരീരത്തിന് ഗ്ലൂക്കോസ് ശരിയായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൊഴുപ്പും പേശികളും വിഘടിച്ച് ശരീരഭാരം കുറയുന്നതാകാം. ടൈപ്പ് 1 പ്രമേഹത്തില്‍ ഇത് സാധാരണമാണ്. ടൈപ്പ് 2 പ്രമേഹത്തിൽ ചിലപ്പോള്‍ ഇത് സംഭവിക്കാം.

നിയന്ത്രിക്കാനാകാത്ത വിശപ്പ്

എന്തൊക്കെ കഴിച്ച് വയർ നിറച്ചാലും പിന്നെയും പിന്നെയും വിശക്കുന്നതായി തോന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിന് ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാൻ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് അനുവദിക്കില്ല. അതാണ് അമിതമായ വിശപ്പിന് കാരണമാകുന്നത്.

ക്ഷീണം
എല്ലാ സമയത്തും കഠിനമായ ക്ഷീണം തോന്നുതും അവഗണിക്കരുത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്നാൽ അതുമൂലം ശരീരത്തിന്റെ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരും. അതോടെ ശരീരം തളർച്ച പ്രകടിപ്പിക്കും.

കാഴ്ച മങ്ങൽ

കണ്ണിൻ്റെ കാഴ്ചയ്ക്ക് മങ്ങൽ തോന്നിയാൽ കണ്ണു മാത്രം പരിശോധിച്ചാൽ പോര. പ്രമേഹം ഉണ്ടെയോന്നു കൂടി പരിശോധിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യത്യാസം കണ്ണുകളുടെ ലെന്‍സുകള്‍ വീര്‍ക്കാന്‍ കാരണമാകും.

മുറിവുകൾ ഉണങ്ങാൻ കാലതാമസം

ശരീരത്തിലുണ്ടാകുന്ന ക്ഷതങ്ങളും മുറിവുകളും ഉണങ്ങാൻ കാല താമസം എടുക്കുന്നുണ്ടോ?. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഉയർന്നാൽ അത് മുറിവുകള്‍ ഉണക്കാനും അണുബാധകള്‍ക്കെതിരെ പോരാടാനുമുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കും. രക്തചംക്രമണം തടസപ്പെടുകയും നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. ചെറിയ മുറിവുകൾ പോലും ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യതയുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com