ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും അപകടകാരിയാണ് കാൻസർ. കൃത്യമായ പരിചരണത്തിലൂടെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകും. ഇന്ന് കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുവരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാറിയ ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാം അതിന് കാരണങ്ങളായി പറയുന്നുണ്ട്.
ചില ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളും കാൻസറിന് കാരണമാകുന്നു. ഭക്ഷണം പോലെ തന്നെ പല ഭക്ഷണ ശീലങ്ങളും കാസർ സാധ്യത ഉയർത്തുന്നവയാണ്. മോശം ഭക്ഷണക്രമം ക്യാന്‍സര്‍ സാധ്യത കൂട്ടുന്നതായി പല പഠനങ്ങളും പറയുന്നു. അത്തരത്തിൽ ദോഷകരമാകുന്ന ചില ശീലങ്ങൾ ഇവയാണ്.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത്
ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ചെറിയ ലാഭമായിരിക്കും. അതു പക്ഷെ വലിയ അപകടമാണ് ഉണ്ടാക്കുക. എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. വീണ്ടും ചൂടാകുമ്പോൾ ആൽഡിഹൈഡുകളും ധ്രുവ സംയുക്തങ്ങളും ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎൻഎ നശിക്കുന്നതിനും വീക്കത്തിനും കാരണമാകുന്നു. ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസ് മാർക്കറുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ വർധിക്കാനും ഇത് കാരണമാകും.
അമിതമായി ഗ്രിൽ ചെയ്ത ഭക്ഷണം
ഹെൽത്തി ഡയറ്റിന്റെ പേരിൽ പലരും എണ്ണയിൽ പൊരിക്കാത്ത ഭക്ഷണം എന്ന ധൈര്യത്തിലാണ് ഗ്രിൽ ചെയ്തവ തിരഞ്ഞെടുക്കുന്നത്. പക്ഷെ അമിതമായി ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ കാൻസറിനുള്ള സാധ്യത കൂട്ടുന്നു. അവ കാൻസറിന് കാരണമായ ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) ഉണ്ടാക്കുന്നു. ഇവയൊക്കെ കൊളോറെക്ടൽ, പാൻക്രിയാറ്റിക് ക്യാൻസറുകൾക്ക് കാരണമാകും.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ
തിരക്കേറിയ ജീവിത ശൈലിയാണ് പലപ്പോഴും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നത്. ഇത്തരം ഭക്ഷണങ്ങൾ ശീലമായാൽ അത് കുടലിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ഉപാപചയ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന കാൻസർ സാധ്യതയാണ് ഇവയ്ക്കുള്ളത്.
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത്
നല്ല പാത്രങ്ങൾ വാങ്ങാൻ മടിച്ച് ആളുകൾ ചെയ്യുന്ന എളുപ്പപ്പണിയാണ് പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുക എന്നത്. അതു പക്ഷെ തീരെ ഗുണം ചെയ്യില്ല. ബിപിഎ, ഫാറ്റ്ലേറ്റുകൾ തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കടക്കാൻ വളരെ എളുപ്പമാണ്. ഹോർമോൺ സംബന്ധമായ ക്യാൻസറുകൾക്ക് ഇവ കാരണമായേക്കും. പ്ലാസ്റ്റിക്കിൽ നിന്ന് ചൂടാക്കിയ ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലും മൂത്രത്തിലും പ്ലാസ്റ്റിക്ക് ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കളുടെ അളവ് ഉയരുന്നതായും പഠനങ്ങൾ പറയുന്നു.
സോസേജുകൾ, ബേക്കൺ എന്നിവയുടെ നിത്യോപയോഗം
പ്രഭാത ഭക്ഷണം എളുപ്പത്തിലാക്കാൻ പലരും തെരഞ്ഞെടുക്കുന്നവയാണ് സോസേജുകൾ, ബേക്കൺ എന്നിവ. ചെറിയ അളവിലായാൽ പോലും ഇവ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഒരു ദിവസം 50 ഗ്രാം സംസ്കരിച്ച മാംസം കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത ഗണ്യമായി വർധിപ്പിക്കും. നൈട്രൈറ്റുകൾ, നൈട്രേറ്റുകൾ തുടങ്ങിയ പ്രിസർവേറ്റീവുകൾ ശരീരത്തിൽ എൻ-നൈട്രോസോ സംയുക്തങ്ങളായി മാറുന്നതാണ് അപകടം.