എന്നാ പിന്നെ അങ്ങ് സന്തോഷിച്ചാട്ടെ... ഹാപ്പി ഹോർമോൺ കൂട്ടാൻ ഇതൊക്കെ കഴിച്ചോളൂ!

ചിരിക്കുക എന്നത് നമ്മൾ വളരെ നിസാരമായ ഒരു കാര്യമായി കാണുമ്പോൾ ലാഫിംഗ് എക്സർസൈസുകൾ വരെ ഇന്ന് നിലവിലുണ്ടെന്ന് ആലോചിക്കണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source; Meta AI
Published on

ആരോഗ്യത്തോടെ ഇരിക്കാൻ ശരീരം മാത്രം ശ്രദ്ധിച്ചാൽ പോരാ. മാനസികാരോഗ്യത്തിനും പരിഗണന നൽകണം. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ആശങ്കകളും, ഗൗരവമേറിയ ചിന്തകളും ചർച്ചകളുമൊക്കെയായി മുന്നോട്ടു പോകുമ്പോൾ സന്തോഷിക്കാൻ മറന്നുപോകരുത്. സന്തോഷമില്ലെങ്കിലെന്താ സമാധാനം മതിയല്ലോ എന്ന് പറയുന്ന ചിലരുണ്ട്. സന്തോഷം വേണ്ടിടത്ത് സന്തോഷം തന്നെ വേണം. അത് മാനസികാരോഗ്യത്തിന് പ്രധാനമാണ്. ചിരിക്കുക എന്നത് നമ്മൾ വളരെ നിസാരമായ ഒരു കാര്യമായി കാണുമ്പോൾ ലാഫിംഗ് എക്സർസൈസുകൾ വരെ ഇന്ന് നിലവിലുണ്ടെന്ന് ആലോചിക്കണം.

അതെ ചിരിമാത്രമല്ല മാനസികമായ സന്തോഷം അത് തരുന്നത് ഹാപ്പി ഹോർമോണുകളാണ്. ജീവിത ശൈലിയും, ചില പ്രത്യേക സംഭവങ്ങളും, യാത്രകളും, രസകരമായ സംസാരങ്ങളും, അനുഭവങ്ങളുമെല്ലാം സന്തോഷം തരും. അതിനു പുറമെ നമ്മുടെ ശരീരത്തിലെ ഹാപ്പി ഹോർമോണുകളെ കൂടുതൽ സജീവമാക്കാൻ ഭക്ഷണത്തിലൂടെയും സാധിക്കും. ഡോപാമൈൻ, സെറോടോണിൻ, ഓക്‌സിടോസിൻ, എൻഡോർഫിനുകൾ തുടങ്ങിയവയാണ് ഹാപ്പി ഹോർമോണുകൾ എന്നറിയപ്പെടുന്നത്. ചില ഭക്ഷണങ്ങൾ സെറാടോണിൻ കൂട്ടാൻ സഹായിക്കും.

ഏറെയാളുകളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ചോക്ലേറ്റുകൾ. അതിൽ ഡാർക്ക് ചോക്ലേറ്റുകൾക്ക് അധികം ആരാധകരുണ്ടോ എന്ന് സംശയമാണ്. മധുരത്തോടൊപ്പം അൽപം കയ്പും കലർന്നതുകൊണ്ടുതന്നെ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കാൻ പലരും മടികാണിക്കാറുണ്ട്.ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ആനന്ദം, സന്തോഷം എന്നിവ നൽകുന്നു. ട്രിപ്റ്റോഫാൻ, തിയോബ്രോമിൻ, ഫിനൈൽതൈലനൈൻ തുടങ്ങി ഹൈപ്പി ഹോർമോണുകളെ സജീവമാക്കുന്ന ഘടങ്ങൾ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ചെറുനാരങ്ങയും, മാവും, ബ്ലീച്ചുമൊക്കെ വീട്ടിലുണ്ടോ? മതി, ഇനി ക്ലീനറുകൾ വാങ്ങി കാശ് കളയണമെന്നില്ല!

ഇനി മത്സ്യം കഴിക്കാൻ താൽപ്പര്യമുള്ളവർക്ക് സാൽമൺ മത്സ്യം തെരഞ്ഞെടുക്കാം. ഇപിഎ, ഡിഎച്ച്എ,ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയെ ഉത്തേജിപ്പിക്കാൻ ഇവയിലൂടെ കഴിയും. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ കൂൺ കഴിക്കുന്നതും മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. ആന്റീഡിപ്രസന്റ് ഗുണങ്ങളുള്ള വിഭവമാണ് കൂൺ.

പഴങ്ങളിൽ വാഴപ്പഴം, ബെറിപ്പഴങ്ങൾ, അവക്കാഡോ എന്നിവയാണ് ഉത്തമം. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന് അമിനോ അസിഡ് ശരീരത്തിൽ സെറാടോണിൻ ഉൽപാദിപ്പിക്കും.അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ബി എന്നിവ സ്ത്രീകളിൽ ഉത്കണ്ഠ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ബെറിപ്പഴങ്ങൾ വിഷാദരോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

പാനീയങ്ങളിൽ കാപ്പിയാണ് ഗുണകരം. ന്യൂറോ ട്രാൻസ്മിറ്ററായ ഡോപാമൈനിന്റെ അളവ് കൂട്ടാൻ കാപ്പിയിലെ കഫീന് കഴിയും. ഇത് ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. അമിതമായ അളവിൽ കഫീൻ ശരീരത്തിൽ ചെന്നാൽ വിപരീതഫലം ഉണ്ടാകാനും സാധ്യതയുണ്ട്. മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ അടങ്ങിയ ഒന്നാണ് തേങ്ങ. ഭക്ഷണത്തിൽ തേങ്ങ, തേങ്ങാപ്പാൽ എന്നിവ ഉപയോഗിക്കുന്നത് ഊർജം വർധിപ്പിക്കുവാനും, ഉത്കണ്ഠ കുറയ്ക്കുവാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com