
പ്രാങ്കുകൾ പലതരം, അതിൽ തന്നെ ആരും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിലാണ് ഇപ്പൊ വിവാഹങ്ങൾക്കിടെയുള്ള പ്രാങ്കുകൾ. അത്തരത്തിലൊന്നാണ് വിവാഹ റിസപ്ഷനിടെ കഴിഞ്ഞ ദിവസം വരൻ ചെയ്തത്. റിസപ്ഷന് കേക്ക് മുറിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വരൻ വധുവിൻ്റെ തല പിടിച്ച് കേക്കിലേക്ക് പൂഴ്ത്തി. ആ പ്രാങ്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ചാവിഷയം.
ദ ബെസ്റ്റ് എന്ന എക്സ് അക്കൗണ്ടിലാണ് ഇൻസ്റ്റൻ്റ് ഡിവോഴ്സ് എന്ന തലക്കെട്ടോടെ ഈ പ്രാങ്കിൻ്റെ വീഡിയോ പങ്കുവെച്ചത്. വിവാഹ സന്തോഷം പങ്കിടാനായി വരനും വധുവും ചേർന്ന് കേക്ക് മുറിക്കുന്ന സന്ദർഭത്തിലാണ് വരൻ്റെ പ്രാങ്ക്. വരനും വധുവും ചേർന്ന് കേക്ക് മുറിക്കുന്നതും, പിന്നീട് വരൻ പ്രാങ്കായി വധുവിൻ്റെ തല കേക്കിൽ പൂഴ്ത്തുന്നതും, പ്രാങ്കിൽ ഷോക്കായി നിൽക്കുന്ന വധുവും എല്ലാം വീഡിയോയിൽ കാണാം.
എന്നാൽ പിന്നെ സംഭവിച്ചതെല്ലാം സമൂഹമാധ്യമങ്ങളിലാണ്. വീഡിയോക്ക് താഴെ വൻ പ്രതികരണമാണ് ലഭിക്കുന്നത്. പ്രാങ്ക് അതിരുവിട്ട് പോയി, വധുവിന് ആ പ്രാങ്ക് അത്ര പിടിച്ചിട്ടില്ലെന്നത് അവരുടെ നോട്ടത്തിൽ നിന്ന് വ്യക്തമാണ്, എങ്ങനെയാണ് വധുവിൻ്റെ വീട്ടുകാർക്ക് ഇത് കണ്ടുകൊണ്ട് നിൽക്കാൻ സാധിച്ചത്, ഇത് എൻ്റെ പങ്കാളിയാണ് ചെയ്തിരുന്നതെങ്കിൽ അപ്പൊ കാണാമായിരുന്നു പൂരം...
ചിലര് വരനെ സപ്പോർട്ട് ചെയ്തും രംഗത്തെത്തി. ഇതൊക്കെ ഒരു തമാശയായി കാണണം. ഇതിനെ വിമർശിക്കുന്നവരൊക്കെ തമാശയെ അങ്ങനെ കാണാൻ സാധിക്കാത്തവരാണ്.... ഇങ്ങനെ പോകുന്നു കമൻ്റ് പ്രവാഹം... ഇതൊക്കെ അവര് അറിയുന്നുണ്ടോ ആവോ!