ഏറ്റവും കൂടുതൽ എയർലൈനുകളിൽ കയറിയതിനു ഗിന്നസ് വേൾഡ് റെക്കോർഡ്; ചാരനല്ലെന്ന് തെളിയിക്കേണ്ടിവന്നത് 4 തവണ

ഇറാൻ, ലിബിയ, പപ്പുവ ന്യൂ ഗിനിയ, റഷ്യ എന്നീ സ്ഥലങ്ങളിലാണ് ചാരനെന്ന് തെറ്റിദ്ധരിച്ച് ഇൻഡി നെൽസണെ തടവിലാക്കിയത്
ഏറ്റവും കൂടുതൽ എയർലൈനുകളിൽ കയറിയതിനു ഗിന്നസ് വേൾഡ് റെക്കോർഡ്;  ചാരനല്ലെന്ന് തെളിയിക്കേണ്ടിവന്നത് 4 തവണ
Published on

യാത്രകൾ സ്ഥിരമായി ചെയ്യുന്നവർക്ക് വെല്ലുവിളികൾ ഉണ്ടാവുക എന്നത് സാധാരണമാണ്. പ്രത്യേകിച്ച് രാജ്യാന്തര യാത്രകൾ നടത്തുന്നവർക്ക്. പാസ്പോർട്ട് പുതുക്കൽ, ഐഡിന്റിറ്റി വെരിഫിക്കേഷൻ, ചെലവുകൾ, ഭാഷ പ്രശ്നങ്ങൾ അങ്ങനെ ഒരുപാട് വെല്ലുവിളികൾ അവരുടെ മുന്നിലുണ്ട്. എന്നാൽ, ഇൻഡി നെൽസൺ എന്ന അമേരിക്കന്‍ യുവാവിനു ഇതിനപ്പുറമുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. പല രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കിടയിൽ താനൊരു ചാരനല്ലെന്ന് തെളിയിക്കാൻ ഇൻഡിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു.

നോർത്ത് കൊറിയ ഉൾപ്പടെയുള്ള ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള മനുഷ്യനാണ് ഇൻഡി നെൽസൺ. അദ്ദേഹത്തിന്റെ യാത്രകൾ പോലെ തന്നെ സമാനതകളില്ലാത്ത കുറച്ചധികം പ്രശ്നങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.


ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നതനുസരിച്ച്പലതവണ യുദ്ധ ബാധിത പ്രദേശത്തുകൂടി സഞ്ചരിച്ച ഇൻഡി നെൽസണെ നാല് തവണയാണ് ചാരനെന്ന് സംശയിച്ച് അവിടുത്തെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത്. ഇറാൻ, ലിബിയ, പപ്പുവ ന്യൂ ഗിനിയ, റഷ്യ എന്നീ സ്ഥലങ്ങളിലാണ് ചാരനെന്ന് തെറ്റിദ്ധരിച്ച് ഇൻഡി നെൽസണെ തടവിലാക്കിയത്.
എന്നാൽ ഇപ്പോൾ, ഏറ്റവും കൂടുതൽ തവണ എയർലൈൻസുകളിൽ കയറിയതിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം.

170 എയർലൈനുകളിലാണ് ഇൻഡി പറന്നിട്ടുള്ളത്. 2017 ൽ തന്റെ 22 വയസ്സിൽ തുടങ്ങിയ 18 മാസം നീണ്ടുനിന്ന യാത്രയിലാണ് ഇൻഡി ഭൂരിഭാഗം എയർലൈൻസുകളിലും കയറിയത്. ഇതിന് മുന്നേ ഏറ്റവും കൂടുതൽ തവണ എയർലൈൻസുകളിൽ കയറിയത് ജപ്പാൻകാരനായ റ്യുജി ഫുരുഷോ ആണ്. 156 എയർലൈൻസുകളിലാണ് അദ്ദേഹം പറന്നിട്ടുള്ളത്.


പലപ്പോഴും ഞാൻ ആ നാട്ടിൽ നിന്ന് രക്ഷപെടുമെന്ന് കരുതിയിരുന്നില്ല. നാലാമത്തെ തവണയായപ്പോൾ, ഇതിൽ 'ഇനി വലിയ കാര്യമൊന്നുമില്ല' എന്ന മട്ടിലായിരുന്നുവെന്ന് ഇൻഡി നെൽസൺ പറഞ്ഞു. ആഫ്രിക്കയുടെ തെക്കുകിഴക്കൻ തീരത്തുള്ള ദ്വീപുകളുടെ ഒരു ചെറിയ കൂട്ടമായ കൊമോറോസാണ് ഇൻഡിക്ക് ഇഷ്ടമില്ലാത്ത രാജ്യം. ഇൻഡിക്ക്  പ്രിയപ്പെട്ട രാജ്യം കംബോഡിയയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com