കേട്ടതൊക്കെ സത്യമാണ്; വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ഹാര്‍ദിക് പാണ്ഡ്യയും നടാഷയും

സ്വകാര്യതയെ ബഹുമാനിക്കണമെന്ന് അഭ്യർത്ഥന
hardik-natasha
hardik-natasha
Published on

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാതിരിക്കുകയും വാര്‍ത്തകളോട് മൗനം പാലിക്കുകയും ചെയ്തതോടെ ആരാധകരും ഇക്കാര്യം ഏറെക്കുറേ ഉറപ്പിച്ചിരുന്നു.

ഇപ്പോഴിതാ, കേട്ട വാര്‍ത്തകളില്‍ സത്യമുണ്ടെന്ന് രണ്ടു പേരും തുറന്നു പറഞ്ഞിരിക്കുകയാണ്. ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗികമായി തന്നെ ഹാര്‍ദിക്കും നടാഷയും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. നാല് വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്നും ഒന്നിച്ചു പോകാന്‍ ഏറെ ശ്രമിച്ചുവെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും രണ്ടു പേര്‍ക്കും നല്ലത് വേര്‍പിരിയുന്നതാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.

പരസ്പരം സഹകരിച്ച് മകന്‍ അഗസ്ത്യയെ വളര്‍ത്താനാണ് തീരുമാനം. മകന്റെ സന്തോഷത്തിനാണ് മുന്‍ഗണന. ഒന്നിച്ചെടുത്ത തീരുമാനത്തെ എല്ലാവരും മാനിക്കണമെന്നും സ്വകാര്യതയെ ബഹുമാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

2018 ല്‍ ഹാർദിക്കും നടാഷയും ഡേറ്റ് ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. 2020 ല്‍ വീട്ടുകാര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇരുവരും വിവാഹിതരായി. അതേ വര്‍ഷം ജുലൈയിലാണ് മകന്‍ അഗസ്ത്യയുടെ ജനനം. 2020 ലെ വിവാഹം ആഘോഷങ്ങളില്ലാതെ നടത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ഡേയ്ക്ക് ഉദയ്പൂരില്‍ വെച്ച് ആര്‍ഭാഢമായി വീണ്ടും വിവാഹിതരായിരുന്നു.

ഈ വര്‍ഷം മെയ് മാസത്തോടെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ സജീവമായത്.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com