ജീവിത ശൈലി രോഗങ്ങളിൽ പ്രധാന വില്ലനാണ് പ്രമേഹം. അത് കൂടിയാലും കുറഞ്ഞാലും അപകടം തന്നെ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് പ്രധാന കാരണം ഭക്ഷണക്രമം തന്നെയാണ്. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെ സാധാരണ ഗതിയിൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷണ ശേഷം പരിശോധിച്ചാൽ ഭൂരിഭാഗം ആളുകളുടെ രക്തത്തിലും പഞ്ചസാരയുടെ അളവ് വർധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ അത് ശാരീരികമായും മാനസികമായും ബാധിക്കും. ക്ഷീണം, തലകറക്കം, അമിതമായ വിശപ്പ്, ദേഷ്യം തുടങ്ങി പലതരത്തിലാകും അത് പ്രതിഫലിക്കുക. എന്നുവച്ച് ഭക്ഷണം ഒഴിവാക്കലും പ്രയോഗികമല്ല. രക്തത്തിൽ പഞ്ചസാരയുടെ അളവിനെ ഉയർത്താത്ത ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രതിവിധി.
അങ്ങനെയുള്ള ഭക്ഷണം ഏതൊക്കെയെന്ന് അറിയാം.
പ്രോട്ടീൻ
ഇന്ന് ആരോഗ്യ സംരക്ഷണത്തിന് നിർദേശിക്കുന്ന ഡയറ്റുകളിൽ പ്രധാനമാണ് പ്രോട്ടീനുകൾ. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ നിയന്ത്രിത അളവിൽ നിലനിർത്താൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് കഴിയും. പ്രത്യേകിച്ചു കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ക്ഷണത്തിനൊപ്പം പ്രോട്ടീൻ ഉൾപ്പെടുത്തുന്നത്. രക്തത്തിലെ മൊത്തത്തിലുള്ള പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ സഹായിക്കും. പ്രോട്ടീൻ ലഭിക്കുന്നതിനായി മുട്ട, പനീർ, പയർ, അല്ലെങ്കിൽ ചിക്കൻ പോലുള്ള പദാർഥങ്ങളാണ് ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നത്.
കാർബോ ഹൈഡ്രേറ്റ്
ലോ കാർബ് ഡയറ്റുകളുടെ കാലത്ത് കാർബോ ഹൈഡ്രേറ്റ് നല്ലതെന്നു കരുതി വൈറ്റ് റൈസും, വൈറ്റ് ബ്രൈഡും, പഞ്ചസാരയും, മൈദയും ഉൾപ്പെടുത്തിയാൽ മതിയല്ലോ എന്ന് ആശ്വസിക്കരുത്. അതേ അപകടമാണ്. എളുപ്പത്തിൽ ദഹിക്കാത്ത തരത്തിലുള്ള കാർബ് ഭക്ഷണങ്ങളാണ് ഗുണം ചെയ്യുക. തവിട്ട് അരി, ഓട്സ്, തിന, അല്ലെങ്കിൽ ഗോതമ്പ് എന്നിവ തിരഞ്ഞെടുക്കാം. ഇവ സാവധാനത്തിൽ ദഹിപ്പിക്കപ്പെടുകയും ഗ്ലൂക്കോസ് ക്രമേണ നിയന്ത്രിതമായ രീതിയിൽ രക്തത്തിലേക്ക് എത്തുകയും ചെയ്യും.
ഫൈബർ
ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണമാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഘടകം. നാരുകൾ അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിൽ ഏറെ സഹായകമാണ്. കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നതിനെയും മന്ദഗതിയിലാക്കാൻ നാരുകളുടെ പ്രവർത്തനം സഹായിക്കും. പഴങ്ങൾ , പച്ചക്കറികൾ, നട്ട്സ്, പയർ വർഗങ്ങൾ എന്നിവ നാരുകളടങ്ങിയ ഭക്ഷണമാണ്.
ആരോഗ്യകരമായ കൊഴുപ്പുകൾ
ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ല.നട്സ്, വിത്തുകൾ, അവോക്കാഡോ, ഒലീവ് ഓയിൽ തുടങ്ങി സസ്യജന്യമായ കൊഴുപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഭക്ഷണത്തിന് മുമ്പ് അല്പം വിനാഗിരിയോ നാരങ്ങയോ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ഇവ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്നും ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മന്ദഗതിയിലാക്കുമെന്നും പറയപ്പെടുന്നു.
പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ്, ജങ്ക് ഫുഡ്സ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പെട്ടെന്ന് ഉയർത്തും. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിനേക്കാൾ ചെറിയ അളവിൽ ഇടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം ചിട്ടയായ ഭക്ഷണ ക്രമം തയ്യാറാക്കുക.