ഗർഭനിരോധന മാർഗങ്ങളിലെ പുതിയ വഴിത്തിരിവ്. ഹോർമോൺരഹിത പുരുഷ ഗർഭനിരോധന ഗുളികകൾ മനുഷ്യശരീരത്തിന് സുരക്ഷിതമാണെന്ന് കണ്ടെത്തൽ. പുരുഷൻമാർക്ക് ഗുളിക നൽകി നടത്തിയ സുരക്ഷാപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നും കണ്ടെത്തിയിട്ടില്ല. ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഏറ്റവും പുതിയ ഫലങ്ങൾ കമ്മ്യൂണിക്കേഷൻസ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു.
വൈ.സി.ടി-529 എന്ന് പേരിട്ടിരിക്കുന്ന ഗുളിക പ്രതിദിനം കഴിക്കുന്നത് വഴിയാണ് പ്രവർത്തിക്കുക. വൃഷണങ്ങളിലെ വിറ്റാമിൻ എ മെറ്റബോളൈറ്റിനെ അതിന്റെ റിസപ്റ്ററുമായി ബന്ധിപ്പിക്കുന്നത് തടഞ്ഞാണ് ഗുളികയുടെ പ്രവർത്തനം. പ്രതിദിനം ഗുളിക കഴിക്കുന്നതോടെ, ബീജ ഉത്പാദനം കുറയുന്നു. ഹോർമോൺ അളവിനെ ബാധിക്കാതെ തന്നെ ബീജ ഉത്പാദനം തടയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
വാസക്ടമിക്ക് വിധേയരായ ആരോഗ്യവാൻമാരായ 16 പുരുഷന്മാരിലാണ് ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. ഗുരുതരമായ പ്രതികൂല സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ഗുളിക ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തിയെന്നും റിപ്പോർട്ടുണ്ട്.
പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഏകദേശം 180 മില്ലിഗ്രാം അളവിൽ കഴിക്കുന്നതാകും ഉത്തമം. എന്നാൽ, കൂടുതൽ പഠനങ്ങക്ക് മാത്രമേ കൃത്യമായ അളവ് നിർണയിക്കാനാകൂ. ബീജം കുറയ്ക്കുന്നതിലും ഗർഭധാരണം തടയുന്നതിലും ഗുളികയുടെ ഫലപ്രാപ്തി നിലവിലെ പരീക്ഷണം വിലയിരുത്തിയില്ല.
അതേസമയം പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ എൻഡോക്രൈനോളജിസ്റ്റായ ഡോ. സ്റ്റെഫാനി പേജ്, ഹോർമോൺരഹിത ഗുളികയുടെ കണ്ടെത്തൽ ഒരു നാഴികകല്ലാണെന്ന് അഭിപ്രായപ്പെട്ടു. "പുരുഷന്മാർക്ക് പഴയപടിയാക്കാവുന്ന ഗർഭനിരോധന മാർഗ്ഗങ്ങൾ നമുക്ക് ശരിക്കും ആവശ്യമാണ്," സ്റ്റെഫാനി പേജിനെ ഉദ്ധരിച്ച് സയന്റിഫിക് അമേരിക്കൻ റിപ്പോർട്ട് ചെയ്യുന്നു.
മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകാരം, എലികളിൽ മരുന്ന് നിർത്തി 4 മുതൽ 6 ആഴ്ചകൾക്കുള്ളിലും, മനുഷ്യേതര പ്രൈമേറ്റുകളിൽ 10-15 ആഴ്ചകൾക്കുള്ളിലും പ്രത്യുത്പാദന ശേഷി പുനഃസ്ഥാപിക്കപ്പെട്ടിടുണ്ട്. ഗർഭനിരോധന ഉറകൾ, വാസക്ടമി തുടങ്ങിയ നിലവിലുള്ള പുരുഷ ഗർഭനിരോധന മാർഗ്ഗങ്ങൾക്ക് സുരക്ഷിതമായ ഒരു ബദലായിരിക്കും ഈ ഹോർമോൺരഹിത ഗുളിക.