മരണത്തിൽ നിന്ന് കൈപിടിച്ച് കയറ്റി; നസീറയ്ക്ക് നന്ദി പറയാൻ വീണ്ടുമെത്തി തെരുവുനായ
വയനാട്: തൊണ്ടയിൽ എല്ല് കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകയായി വീട്ടമ്മ. വയനാട് പിണങ്ങോട് സ്വദേശി ഒ. നസീറയാണ് കഴിഞ്ഞ ദിവസം തൊണ്ടയിൽ എല്ല് കുടുങ്ങിയ നായയെ രക്ഷിച്ചത്. നായയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് കമ്പ് വെച്ച് തോണ്ടിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ജീവൻ രക്ഷിച്ച നസീറ കാണാൻ നായ തിരികെയെത്തിയതും ഏറെ കൗതുകമായി.
തെരുവുനായകളെ കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടെയാണ് വയനാട്ടിൽ നിന്നും ഒരു സ്നേഹത്തിൻ്റെ കഥ പുറത്തുവരുന്നത്. എല്ലിൻകഷണം തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ ദിവസങ്ങളായി പാടുപെടുകയായിരുന്നു ഒരു തെരുവുനായ. ആരോട് സഹായം ചോദിക്കണമെന്നറിയാതെ നിസഹായനായി നടന്ന അവനെ നസീറ കണ്ടു. സഹായിക്കാതെ പോകാൻ അവർക്ക് തോന്നിയില്ല.
പിന്നെ നസീറയ്ക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു. അവർ വഴിയരികിൽ കണ്ട കമ്പെടുത്ത് പതുക്കെ എല്ലിൻ കഷണം തോണ്ടിതുടങ്ങി. സ്വന്തം മക്കളെ പോലെ നായയെ ചേർത്തുപിടിച്ചായിരുന്നു നസീറ എല്ലിൻ കഷണം പുറത്തെടുത്തത്. നായയാവട്ടെ ഒരു കുട്ടിയെ പോലെ അനുസരണയോടെ ഇരിക്കുകയും ചെയ്തു. അൽപം പണിപെട്ടെങ്കിലും എല്ല് പുറത്തുവന്നു.
രക്ഷനേടിയ സന്തോഷത്തിൽ അന്ന് ഓടിപ്പോയെങ്കിലും ജീവൻ രക്ഷിച്ച നസീറയ്ക്ക് നന്ദി പറയാൻ അവൻ വീണ്ടുമെത്തി.രക്ഷിച്ചയാളെ കണ്ടയുടനെ അരികിലെത്തി സ്നേഹത്തോടെ ആ നായ അതിൻ്റെ ഭാഷയിൽ നന്ദി പറഞ്ഞു. വീണ്ടും കാണാനെത്തിയ നായയോട് 'നിൻ്റെ വേദന മാറിയോ' എന്ന് നസീറ ചോദിക്കുന്നുമുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലാണ്.