
ദിവസത്തിൽ ഒന്നിലേറെ തവണ മുഖം കഴുകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രാവിലെ എഴുന്നേൽക്കുന്നതു മുതൽ കിടക്കുന്നതിനിടെ അഞ്ചു പത്തും തവണ മുഖം കഴുകുന്ന ശീലം മിക്കവർക്കും ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ മുഖം കഴുകുന്നത് ചർമത്തിന് നല്ലതാണോ? ഒരു ദിവസത്തിൽ എത്ര തവണ മുഖം കഴുകാം. ഇക്കാര്യങ്ങൾ പരിശോധിക്കാം.
അമിതമായി കഴുകരുത്
ചർമത്തിലടിഞ്ഞു കൂടുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ മുഖം കഴുകുമെങ്കിലും അമിതമായി മുഖം കഴുകുന്നത് ചർമത്തെ മോശമാക്കാൻ സാധ്യതയുണ്ട്. ഒന്നിലേറെ തവണ കഴുകുന്നതിലൂടെ മുഖത്തുള്ള സ്വഭാവിക എണ്ണമയത്തെ നീക്കം ചെയ്യുകയും ചർമം വരണ്ടതാക്കാനും ഇടയാക്കുന്നു. ചില സമയങ്ങളിൽ ചൊറിച്ചിലിനും ഇടയാക്കും. ചർമ സംരക്ഷണത്തിൽ ഏറെ പ്രധാനമാണ് അനുയോജ്യമായ ഫെയ്സ് വാഷ് തെരഞ്ഞെടുക്കുന്നത്.
മുഖം കഴുകാതിരിക്കുന്നതും ശരിയല്ല. മുഖം കഴുകലിന് കൃത്യമായ രീതി പിന്തുടരേണ്ടതുണ്ട്. ശരിയായ രീതി പിന്തുടരുന്നതിലൂടെ ചർമത്തെ തിളക്കമുള്ളതാക്കി മാറ്റാനും യുവത്വമുള്ളതാക്കി തീർക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. മുഖത്ത് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്ന എണ്ണമയത്തെ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.
ദിവസത്തിൽ എത്ര തവണ കഴുകണം
രാവിലെ എഴുന്നേൽക്കുന്നതു മുതൽ നിരവധി തവണ മുഖം കഴുകുന്ന സ്വഭാവം ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൃത്യമായ രീതി പിന്തുടർന്നാൽ മുഖത്തെ അഴുക്കും മറ്റും നീക്കം ചെയ്യാൻ ഇത് ഉപകരിക്കും. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും മുഖം നിർബന്ധമായും കഴുകണമെന്നാണ് വിദഗ്ധർ പറയുന്നത്. മഴക്കാലത്ത് അന്തരീക്ഷത്തിലെ അമിതമായ ഈർപ്പവും നനവുമൊക്കെ ചർമത്തിൽ അഴുക്ക് അടിഞ്ഞ് കൂടാൻ ഇടയാക്കും. ഇത് മുഖക്കുരു പോലുള്ള ചർമപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ചർമത്തിന് അനുയോജ്യമായ ഫെയ്സ് വാഷ് ഉപയോഗിച്ച് രണ്ട് തവണ മുഖം കഴുകേണ്ടതുണ്ട്.
രാത്രിയിൽ ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കിനെ നീക്കം ചെയ്യാനാണ് രാവിലെ മുഖം കഴുകണമെന്ന് പറയുന്നത്. അതുപോലെ എല്ലാ തിരക്കുകളും കഴിഞ്ഞ് രാത്രിയിലും മുഖം കഴുകേണ്ടതുണ്ട്. പകൽ ഒരുപാട് നേരം വെയിലും പൊടിയുമേൽക്കുന്ന സാഹചര്യമുണ്ടെങ്കിലും ഇടയ്ക്ക് മുഖം കഴുകേണ്ടതുണ്ട്.
അനുയോജ്യമായ ഫെയ്സ് വാഷ് തെരഞ്ഞെടുക്കുക
മുഖം കഴുകാൻ ഫെയ്സ് വാഷ് ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാൽ ചർമത്തിന് അനുയോജ്യമായ ക്ലൻസർ ഉപയോഗിക്കുന്നതാണ് ചർമ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യം. വീര്യം കൂടിയ ക്ലൻസർ ഉപയോഗിക്കുന്നത് ചർമത്തെ മോശമാക്കാൻ ഇടയാക്കും. മൈൽഡ് ആയിട്ടുള്ള ഫെയ്സ വാഷാണ് തെരഞ്ഞെടുക്കേണ്ടത്. ഇത് മുഖത്തിൻ്റെ സ്വഭാവികത നഷ്ടപ്പെടുത്താതെ ചർമത്തെ സംരക്ഷിക്കാൻ സഹായിക്കും. മേക്കപ്പ് ഇടുന്നവരാണെങ്കിൽ കൃത്യമായും മുഖത്തെ അഴുക്കു നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണ്ടതുണ്ട്. വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണെങ്കിലും അടുപ്പിച്ച് ഇത്തരത്തിൽ കഴുകുന്നതിലൂടെ മുഖത്തുള്ള സ്വഭാവിക എണ്ണമയത്തെ നീക്കം ചെയ്യാൻ കാരണമാകും.