ആഗോള ടൂറിസം മേഖലയിലെ ഇന്ത്യ; 'ഇൻക്രെഡിബിള്‍ ഇന്ത്യ'യുടെ 22 വർഷങ്ങൾ

ആഗോള ടൂറിസം മേഖലയിൽ ഇന്ത്യയുടെ നവീകരണം ലക്ഷ്യമിട്ട് 2002ൽ ഇന്ത്യ ഗവൺമെന്റിന്റെ മാർക്കറ്റിങ് ക്യാമ്പയിന്‍ ആയാണ് ഇൻക്രെഡിബിൾ ഇന്ത്യ ആരംഭിച്ചത്.
ആഗോള ടൂറിസം മേഖലയിലെ ഇന്ത്യ; 'ഇൻക്രെഡിബിള്‍ ഇന്ത്യ'യുടെ 22 വർഷങ്ങൾ
Published on

പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണ് വിനോദ സഞ്ചാര മേഖല. വിദേശനാണ്യ നേട്ടത്തിനൊപ്പം, തൊഴിലവസരങ്ങളുടെ വലിയ സാധ്യതകളും ടൂറിസം മേഖല തുറന്നിടുന്നു. ഇന്ത്യയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. വൈവിധ്യമാര്‍ന്ന സാംസ്കാരിക പൈതൃകത്തിനും അതിമനോഹരമായ ഭൂപ്രകൃതിക്കും പേരുകേട്ട നാടാണ് ഇന്ത്യ. അതുകൊണ്ടു തന്നെ, ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്ന വിനോദ സഞ്ചാരമേഖലയിൽ ഇന്ത്യയുടെ സംഭാവനകൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യയെ ആഗോള ടുറിസ്റ്റ് കേന്ദ്രമായി മാറ്റുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ഈ വര്‍ഷം തുടക്കത്തില്‍ തന്നെ, സ്വദേശ് ദര്‍ശന്‍, PRASAD -പ്രസാദ് (പിൽഗ്രിമേജ് റെജുവനേഷന്‍ ആൻഡ് സ്പിരിച്വല്‍ ഓഗ്മെന്റഷൻ ഡ്രൈവ്) തുടങ്ങിയ പദ്ധതികളുടെ കീഴിലായി ഏകദേശം 1400 കോടിയുടെ 52 പദ്ധതികളാണ് നരേന്ദ്ര മോദി സർക്കാർ ഉദഘാടനം ചെയ്തത്.

കോവിഡ് തിരിച്ചടിച്ച വിനോദ സഞ്ചാര മേഖല തിരിച്ചുവരവ് നടത്തിയിട്ടുണ്ടെങ്കിലും, വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. പോയവര്‍ഷം മാത്രം ഏകദേശം 16.5 ട്രില്യണ്‍ രൂപയുടെ വളര്‍ച്ചയാണ് വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യ കൈവരിച്ചത്. ഇതേ വർഷം തന്നെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ വർധനയാണുണ്ടായത്. ടൂറിസം മേഖലയുടെ വളർച്ചയെ മോശമായി ബാധിക്കുന്ന വിഷയങ്ങളെ അഭിമുഖീകരിക്കാനായി ധാരാളം പദ്ധതികളും സർക്കാർ കൊണ്ട് വന്നിട്ടുണ്ട്. ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിൻ, ഇ-വിസ ഫെസിലിറ്റി, സ്വദേശ് ദർശൻ, പ്രസാദ് തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നവയാണ്.

ആഗോള ടൂറിസം മേഖലയിൽ ഇന്ത്യയുടെ നവീകരണം ലക്ഷ്യമിട്ട് 2002ൽ ഇന്ത്യ ഗവൺമെന്റിന്റെ മാർക്കറ്റിങ് ക്യാമ്പയിൻ ആയാണ് ഇൻക്രെഡിബിൾ ഇന്ത്യ ആരംഭിച്ചത്. 2024ൽ 22 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഒന്നിലധികം ബഹുമതികൾ കൂടാതെ ലോകമെമ്പാടുമുള്ള ബ്രാൻഡ് റാങ്കിങ്ങിൽ ഒന്നാമതെത്താനും ഇൻക്രെഡിബിൾ ഇന്ത്യ രാജ്യത്തെ പ്രാപ്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇൻക്രെഡിബിൾ ഇന്ത്യ ആരംഭിച്ച ആദ്യ വർഷത്തിൽ തന്നെ സന്ദേശകരുടെ എണ്ണത്തിൽ 16 ശതമാനം വർധനവുണ്ടായി എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് 2002ൽ 2.23 ദശലക്ഷത്തിൽ നിന്നും 2014ൽ 7.7 ദശലക്ഷമായി ഉയർന്നു. ഇത് അന്താരാഷ്ട്ര ടൂറിസം ചെലവിൽ 200 ശതമാനം വർധന ഉണ്ടാക്കിയെങ്കിലും വിപണി വിഹിതത്തിൽ ഏകദേശം 0.52 ശതമാനം മാത്രമേ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 117 രാജ്യങ്ങൾ ഉൾപ്പെടുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2022ലെ കണക്കനുസരിച്ച് ട്രാവൽ ആൻഡ് ടൂറിസം ഡെവലെപ്മെന്റിൽ 4.25 സ്‌കോറുമായി 54-ാം സ്ഥാനത്താണ് ഇന്ത്യ. ജപ്പാൻ, യു എസ്, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങള്‍ ഇന്ത്യയേക്കാൾ മുന്നിലാണ്. അതേസമയം കോവിഡ് മഹാമാരിക്കുശേഷം അന്താരാഷ്ട്ര ടൂറിസം മേഖലയിലുണ്ടായ മൊത്തം ഇടിവാണ് ഇന്ത്യയിൽ പ്രതിഫലിച്ചതെന്നും, കണക്കുകൾ പ്രകാരം ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് മുന്നിലെന്നുമാണ് അധികാരികളുടെ വിശദീകരണം.

വിസ അപേക്ഷകളിലെ കാലതാമസം സഞ്ചാരികളുടെ വരവിനെ ബാധിക്കാതിരിക്കാനായി സർക്കാർ നടപ്പാക്കിയ മറ്റൊരു പദ്ധതിയാണ് ഇ-വിസ. പദ്ധതി പ്രകാരം 150ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിന്റെ സേവനം ലഭ്യമാണ്. ഇ-വിസ സൗകര്യം വന്നതോടുകൂടി സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധനയുണ്ടായി എന്നാണ് അവകാശവാദം. അതേസമയം 2015ൽ കൊണ്ടുവന്ന സ്വദേശ് ദർശൻ സ്‌കീമിന്റെ ലക്ഷ്യം ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവും ഉത്തരവാദിത്വപരവുമായ ടൂറിസം ടെസ്റ്റിനേഷൻസ് ഉണ്ടാക്കുക തുടങ്ങിയവയാണ്.

ഇത്തരത്തിൽ പതിനഞ്ച് സംസ്ഥാനങ്ങളെ തെരഞ്ഞെടുത്ത് 2022ൽ സ്വദേശ് ദർശൻ 2.0യ്ക്കും കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. കൂടാതെ കണക്റ്റിവിറ്റി, ആക്സസിബിലിറ്റി തുടങ്ങിയവ വർധിപ്പിക്കാനായി അടിസ്ഥാന സൗകര്യങ്ങളിലും ഗണ്യമായ വികസനങ്ങൾ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകളുടെ വികസനം, റോഡ് ശൃംഖലയുടെ വികസനം, റിമോട്ട് ഏരിയകളിലേക്കുള്ള ബഡ്ജറ്റ് എയർ ലൈൻ തുടങ്ങിയവയും സർക്കാരിന്റെ ലക്ഷ്യങ്ങളാണ്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ഏപ്രിലിൽ 6,03,985 വിദേശ സഞ്ചാരികളാണ് ഇന്ത്യയിൽ എത്തിയതെങ്കിൽ 2024 ഏപ്രിലിൽ എണ്ണം 6,50,748 ആയി വർധിച്ചു. ബംഗ്ലാദേശ്, യു.എസ്.എ, യു.കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് അധികവും. ടൂറിസം ത്വരിതപ്പെടുത്തുന്നതിനു വേണ്ടി 2019ൽ മോദി സർക്കാർ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി മറ്റ് രാജ്യങ്ങളിലെ സമാന പ്രൊജെക്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിദിന സഞ്ചാരികളിൽ ഏറ്റവും മുന്നിലാണെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. വിവാദങ്ങൾക്കൊടുവിൽ സ്ഥാപിച്ച അയോധ്യ ക്ഷേത്രവും വിനോദ സഞ്ചാര മേഖലയിൽ സർക്കാരിന് മുതൽക്കൂട്ടാണെന്നാണ് നിരീക്ഷണം. 100 മില്യൺ സഞ്ചാരികൾ പ്രതിവർഷം രാമക്ഷേത്രം സന്ദർശിക്കാൻ എത്തുമെന്നാണ് അനുമാനം. നിലവില്‍ 121.9 ബില്യൺ യു.എസ് ഡോളർ ആണ് പ്രതിവർഷം ടൂറിസം മേഖലയിൽ ഇന്ത്യ സംഭാവന ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ 4.6 ശതമാനമാണിത്. 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലകളിലൊന്നാണ് ടൂറിസം. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാനുള്ള പ്രധാന സാധ്യതയും ഇതിനുണ്ട്. എല്ലാ മേഖലകളിലുമുള്ള വളർച്ച ടൂറിസം മേഖലയിൽ ഗണ്യമായ സാധ്യതകള്‍ വർധിപ്പിക്കും. സർക്കാർ പ്രൊജെക്ടുകൾക്കൊപ്പം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, സുസ്ഥിരവികസനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു മുന്നോട്ട് പോകുകയാണെങ്കിൽ വിനോദ സഞ്ചാരികളുടെ പ്രതീക്ഷകൾ നിറവേറ്റാനാകും. അത് മേഖലയ്ക്ക് ഊര്‍ജമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com