ഈ വാലൻ്റൈൻസ് ഡേയ്ക്ക് എന്താണ് നിങ്ങളുടെ ഡേറ്റ് പ്ലാൻ? ഫ്ലോറിഡയിലെ മയാമിയിൽ ഒരു ആഡംബര നോർവീജിയൻ ക്രൂയിസിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? വളരെ റൊമാൻ്റിക്കായിരിക്കും അല്ലേ. എന്നാൽ ചെറിയൊരു ട്വിസ്റ്റുണ്ട്, ഈ കപ്പലിലുള്ളവരെല്ലാം വളരെ കുറച്ച് വസ്ത്രം മാത്രമേ ധരിക്കൂ. ചിലപ്പോൾ വസ്ത്രം ധരിക്കാറേ ഇല്ല. ഞെട്ടണ്ട, സംഗതി സത്യമാണ്.
യുഎസ് ആസ്ഥാനമായുള്ള ബെയർ നെസസിറ്റീസ് എന്ന കമ്പനിയാണ് ഈ 'ബിഗ് ന്യൂഡ് ബോട്ട്' കൊണ്ടുവന്നത്. വസ്ത്രമില്ലാതെ അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന യാത്രക്കാരെല്ലാം ഇവിടെയെത്തി ആഘോഷിക്കും. അടുത്തിടെ നിർത്തിവെച്ച ആഘോഷം 2026 ൽ വീണ്ടും ആരംഭിക്കുകയാണ് കമ്പനി.
വസ്ത്രം ധരിക്കാതെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ഒരു ആഡംബര നോർവീജിയൻ ക്രൂയിസ് ലൈൻ കപ്പലിൽ കയറ്റി മനോഹരമായ ദ്വീപുകളിലേക്ക് യാത്ര പോവുക. ആശയം സിംപിളാണ്. ബോഡി പോസിറ്റീവിറ്റി,പരസ്പര ബഹുമാനം എന്നിവയിലൂന്നിയാകും ഈ 11 ദിവസത്തെ യാത്ര. ഇത് ലൈംഗികതയെക്കുറിച്ചല്ല, മറിച്ച് ആശ്വാസത്തെയു ആത്മവിശ്വാസത്തെയും ആധികാരികതയെയും കുറിച്ചാണെന്ന് സംഘാടകർ അവരുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. നീന്തൽ വസ്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ബീച്ചുകളിൽ ഓടികളിക്കാനും കുളത്തിനരികിലിരുന്ന് കോക്ടെയിൽ കുടിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്.
2,300 ആളുകൾക്ക് സഞ്ചരിക്കാവുന്ന ഒരു ഫ്ലോട്ടിംഗ് പ്ലേഗ്രൗണ്ടാണ് നോർവീജിയൻ പേൾ എന്ന ക്രൂയിസ് കപ്പൽ. അതിൽ 16 റെസ്റ്റോറന്റുകൾ, 14 ബാറുകൾ, രണ്ട് ബൗളിംഗ് ലെയ്‌നുകൾ, ഒരു കാസിനോ, ഒരു സ്പാ, ഗാർഡൻ വില്ലകൾ പോലും ഉണ്ട്.
എന്തായാലും കുറച്ച് നിയമങ്ങളോടെയാണ് ബിഗ് ന്യൂഡ് ബോട്ടിൻ്റെ പ്രവർത്തനരീതി. ഡൈനിംഗ് ഹാളുകളിലും, ക്യാപ്റ്റന്റെ സ്വീകരണത്തിലും, സാംസ്കാരിക ആഘോഷങ്ങളിലും, കപ്പൽ തുറമുഖത്ത് എത്തുമ്പോഴുമെല്ലാം വസ്ത്രം നിർബന്ധമാണ്.
പൂളുകൾക്കും ഡാൻസ് ഫ്ലോറുകൾക്കും ചുറ്റും ഫോട്ടോ എടുക്കാൻ പാടില്ലാത്ത മേഖലകൾ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പെരുമാറ്റം ഉണ്ടായാൽ അടുത്ത തുറമുഖത്ത് കപ്പലിൽ നിന്ന് ഉടനടി ടിക്കറ്റ് ലഭിക്കും, പണം തിരികെ നൽകുകയുമില്ല.
വസ്ത്രമിടാതെ നടക്കാൻ നിങ്ങൾ പ്ലാനിടുന്നുണ്ടെങ്കിൽ, കുറച്ചധികം പണം ചിലവഴിക്കേണ്ടി വരും. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടനുസരിച്ച് ഈ ക്രൂയിസുകളുടെ ടിക്കറ്റ് വില 43 ലക്ഷം രൂപ വരെ എത്തിയേക്കും. 11 ദിവസം കടൽ ആസ്വദിച്ച്, രുചികരമായ ഭക്ഷണം കഴിച്ച്, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന വസ്ത്രമില്ലാത്ത ദിനങ്ങൾ ആസ്വദിക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും, ഇത്രയധികം പണം ചെലവഴിക്കേണ്ടതിനാൽ ആളുകൾ എത്തുന്നില്ലെന്ന് കമ്പനി പറയുന്നുണ്ട്. അതായത്, ഇവരുടെ കസ്റ്റമേഴ്സെല്ലാം മുൻപ് വന്നവർ തന്നെയാണ്.