
ലോകത്ത് ആളുകൾ ഏറ്റവുമധികം ഭയപ്പെടുന്ന രോഗം കാൻസർ ആണെന്ന് വേണമെങ്കിൽ പറയാം. കാൻസർ ബാധിതരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. കാൻസർ തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധ്യത കുറവാണ്. പലരും ആദ്യ ഘട്ടത്തിൽ അത് തിരിച്ചറിയാത്തതാണ് കാൻസർ ചികിത്സ ഫലപ്രദമാകാതിരിക്കാൻ കാരണം. ചിലരിൽ പ്രകടമായ ലക്ഷണങ്ങൾ കാണാത്തതും ഇതിന് കാരണമാണ്. എന്തിരുന്നാലും ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതിനാൽ കാൻസർ വരാതിരിക്കാനുള്ള ജീവിതരീതികൾ പരിശീലിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏക മാർഗം.
ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എല്ലാം ഇതിലുണ്ട്. അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നതനുസരിച്ച്, പഴങ്ങളും പച്ചക്കറികളും ദിവസേന കഴിക്കുന്നത് ശ്വാസകോശം, വായ, തൊണ്ട, ആമാശയം എന്നിവിടങ്ങളിൽ കാൻസർ വരുന്നതിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും എന്നാണ്.
ദിവസേനയുള്ള വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസിനും നല്ലതാണ്. അതുപോലെ തന്നെ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുവാൻ വ്യായാമത്തിന് സാധിക്കും. കൂടാതെ ഹോർമോണുകളെ നിയന്ത്രിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക തുടങ്ങിയ പല ഗുണങ്ങളുണ്ട്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച് ഓരോ ആഴ്ചയും 150 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത്. സ്തന, വൻകുടൽ, എൻഡോമെട്രിയൽ ക്യാൻസറുകൾ വരുന്നത് ഒരു പരിധിവരെ കഴിയും എന്നാണ്.
മദ്യവും പുകവലിയും
അമിതമായി മദ്യപിക്കുന്നത് കരൾ, സ്തനം, അന്നനാളം എന്നിവടങ്ങളിൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു. മദ്യം ശരീരത്തിൻ്റെ പ്രതിരോധത്തെയും ഡിഎൻഎയെ തകരാറിലാക്കുകയും ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നു. മദ്യപാനം നിയന്ത്രിക്കുന്നത് വഴി കാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസെർച്ച് പറയുന്നത്.
പുകവലി ക്യാൻസറിന് കാരണമാകുന്നുവെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പുകവലിക്കുന്നത് മാത്രമല്ല സിഗരറ്റിന്റെ പുക ശ്വസിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കുന്നതാണ്. പുകവലി നിർത്തുന്നതും, പുക ശ്വസിക്കാതിരിക്കുന്നതും ആരോഗ്യം വർധിപ്പിക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യും.
സ്ഥിരമായി ചെക്കപ്പുകൾ നടത്തുക
ആദ്യഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിച്ചാൽ അത് ഭേദമാക്കാൻ സാധിക്കും. അതിനാൽ കൃത്യമായ ചെക്കപ്പുകൾ ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. മാമോഗ്രാം, പാപ് സ്മിയർ, കോളൻ തുടങ്ങിയ പതിവ് സ്ക്രീനിംഗുകൾ ചെയ്യുന്നത് ബ്രെസ്റ്റ്, സെർവിക്സ്, വൻകുടൽ എന്നിവയുടെ ക്യാൻസറുകൾ കണ്ടെത്താൻ കഴിയും.
സൂര്യനിൽ നിന്ന് അകലം പാലിക്കുക
സാധാരണയായി നമുക്കിടയിൽ കാണപ്പെടുന്ന മറ്റൊരു കാൻസറാണ് തൊലിയിലെ ക്യാൻസർ. സൂര്യനിൽ നിന്ന് നമ്മെ സ്വയം സംരക്ഷിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധ മാർഗം. വെയിലത്ത് ഇരിക്കുമ്പോൾ സൺ ഗ്ലാസ് വെക്കുക, സൺ സ്ക്രീനുകൾ ഉപയോഗിക്കുക, കുട ഉപയോഗിക്കുക ഇവയെല്ലാമാണ് സൂര്യനിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾ. 'എസ്‌പിഎഫ് 30' അല്ലെങ്കിൽ, അതിനു മുകളിലുള്ള സൺസ്‌ക്രീനുകൾ വേണം ഉപയോഗിക്കാൻ. പുറത്തിറങ്ങുമ്പോൾ രണ്ട് മണിക്കൂറുകൾ കൂടുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.