ഉച്ചയൂണ് കഴിഞ്ഞാൽ ഉടനടി മയക്കമാണോ? ചോറ് മാത്രമല്ല കാരണം!

നാം കഴിക്കുന്ന ഭക്ഷണത്തിലെ ഘടകങ്ങൾ ഈ മയക്കത്തിന്റെ തീവ്രത നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു
ഉച്ചയൂണ് കഴിഞ്ഞാൽ ഉടനടി മയക്കമാണോ? ചോറ് മാത്രമല്ല കാരണം!
Published on: 
Updated on: 

ഉച്ചയ്ക്ക് വയറുനിറയെ ചോറും കറികളും കൂട്ടി ഒരു ഊണ് കഴിച്ചുകഴിഞ്ഞാൽ ഉടൻ മയക്കം വരുന്നത് പലരുടെയും പതിവ് അനുഭവമാണ്. "ചോറ് കഴിച്ചതുകൊണ്ടാവും ഉറക്കം വരുന്നത്" എന്ന് ഇതിന് വളരെ ലളിതമായ ഒരു കാരണം പറയാറുണ്ടെങ്കിലും കാര്യം അത്ര ലളിതമല്ല. ചോറ് കഴിച്ചതുകൊണ്ട് മാത്രം എല്ലാവർക്കും ഉറക്കം വരണമെന്നില്ല. നാം കഴിക്കുന്ന ചോറിന്റെ അളവ്, അതിനൊപ്പം ഉൾപ്പെടുത്തുന്ന മറ്റ് ഭക്ഷണങ്ങൾ, ഭക്ഷണത്തിന്റെ ആകെ ഘടന എന്നിവയെല്ലാം ഈ മയക്കത്തിന് പിന്നിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സും ഇൻസുലിൻ പ്രതികരണവും

ചോറിന് ചപ്പാത്തിയേക്കാൾ ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ ചോറ് വളരെ വേഗത്തിൽ ദഹിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുകയും ചെയ്യുന്നു.

രക്തത്തിൽ ഗ്ലൂക്കോസ് പെട്ടെന്ന് കൂടുമ്പോൾ ശരീരത്തിൽ അതിനനുസരിച്ചുള്ള ഇൻസുലിൻ പ്രതികരണവും ഉണ്ടാകും. ചിലരിൽ ഈ മാറ്റങ്ങളാണ് ഭക്ഷണത്തിന് ശേഷമുള്ള കടുത്ത മയക്കത്തിന് കാരണമാകുന്നത്.

നാം കഴിക്കുന്ന ഭക്ഷണത്തിലെ ഘടകങ്ങൾ ഈ മയക്കത്തിന്റെ തീവ്രത നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പ്രോട്ടീനും പച്ചക്കറികളും കുറച്ച് വലിയ അളവിൽ ചോറ് മാത്രം കഴിക്കുമ്പോൾ ഉറക്കം വരാനുള്ള സാധ്യത കൂടുതലാണ്. വലിയ അളവിൽ കാർബോഹൈഡ്രേറ്റ് മാത്രം ശരീരത്തിലെത്തുന്നത് പെട്ടെന്നുള്ള ഊർജ്ജനഷ്ടത്തിനും തളർച്ചയ്ക്കും വഴിവെക്കും.

മയക്കം ഒഴിവാക്കാൻ സമീകൃത ഭക്ഷണം

വലിയ അളവിൽ കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നതിന് പകരം പ്രോട്ടീനും ഫൈബറും ഉൾപ്പെട്ട സമീകൃത ഭക്ഷണം തെരഞ്ഞെടുക്കുക. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ദഹനം കൂടുതൽ സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ഭക്ഷണത്തിന് ശേഷമുള്ള ഊർജ്ജമില്ലായ്മയും ക്ഷീണവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

News Malayalam 24x7
newsmalayalam.com