
മഴക്കാലമെത്തിയതോടെ പലയിടത്തും വെള്ളക്കെട്ടുകൾ പ്രത്യക്ഷമായിത്തുടങ്ങി. ഈ വെള്ളക്കെട്ടും മഴയും തണുത്ത അന്തരീക്ഷവും പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പകരുവാന്‍ കാരണമാകും. പഞ്ഞമില്ലാതെ മഴക്കാലരോഗങ്ങളും എത്തിയിരിക്കുകയാണ്. എലിപ്പനി, കോളറ, ഡെങ്കിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങിയവ ബാധിച്ച് നിരവധി പേരാണ് സംസ്ഥാനത്തുടനീളം ചികിത്സയിൽ കഴിയുന്നത്. മഴക്കാലത്ത് ആരോഗ്യപരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. മഴക്കാല രോഗങ്ങളും, മഴക്കാലത്ത് എടുക്കേണ്ട മുൻകരുതലുകളും പരിശോധിക്കാം...
മഴക്കാലരോഗങ്ങൾ
- ചുമയും കഫക്കെട്ടും- മാറി വരുന്ന കാലവസ്ഥ മൂലം ഒട്ടുമിക്ക ആളുകളിലും ഉണ്ടാകാനിടയുള്ള അസുഖമാണ് ചുമയും കഫക്കെട്ടും. പലപ്പോഴും ഇത് പനിയായി മാറാറുമുണ്ട്.
- കോളറ- വെള്ളത്തിലൂടെ പകരുന്ന കോളറ പരത്തുന്നത് വിബ്രിയോ കോളറൈ എന്ന വൈറസാണ്. ശുദ്ധജല സ്രോതസ്സുകള്‍ മലിനമായി, ഇത് ഉപയോഗിക്കുക വഴി കോളറ വരുവാനുള്ള സാധ്യത കൂടുതലാണ്.
- ടൈഫോയ്‌ഡ്- ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം പരത്തുന്നത് സാല്‍മോണെല്ല എന്ന ബാക്ടീരിയയാണ്. മലിനമായ വെള്ളം ഉപയോഗിക്കുന്നതിലൂടെ ഈ രോഗം പിടിപെടും.
- മഞ്ഞപ്പിത്തം- ഹെപ്പറ്റൈറ്റിസ് എ, ഇ എന്ന രോഗാണു ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഈ രോഗം പിടിപെടുന്നത്. കരളിനെ ബാധിക്കുന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സ അനിവാര്യമാണ്.
- എലിപ്പനി- എലികളുടെ മൂത്രത്തിലൂടെയാണ് രോഗം പടരുന്നത്. മലിനജല സമ്പർക്കമില്ലാതെ നോക്കുകയും, കൈകാലുകളിൽ മുറിവുകൾ ശ്രദ്ധിക്കുകയും ചെയ്യണം. മലിനമായ മണ്ണിലും, കളിസ്ഥലങ്ങളിലും, റോഡിലും കെട്ടികിടക്കുന്ന വെള്ളത്തിൽ കളിക്കുന്ന കുട്ടികളിലും രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
- ത്വക്ക് രോഗങ്ങൾ- ഈ രോഗങ്ങൾ കൂടുന്ന സമയമാണ് മഴക്കാലം. പലതരത്തിലുള്ള അലര്‍ജികളും ഈ സമയത്ത് ഉണ്ടാകാറുണ്ട്.
മഴക്കാലത്ത് എടുക്കേണ്ട മുൻകരുതലുകൾ
- വ്യക്തിശുചിത്വം സൂക്ഷിക്കുക, വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ നിര്‍ബന്ധമാണ്.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വൃത്തിയില്ലാത്ത ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് കോളറ ഉണ്ടാകുന്നത്.
- ആരോഗ്യകരമായി ഭക്ഷണക്രമീകരണം നടത്തുക. രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക.
- രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
- വെള്ളം കെട്ടി നില്‍ക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. കൊതുകിനെ നിയന്ത്രിക്കുന്ന ക്രീമുകളും കൊതുകുവലകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ പ്രതിരോധിക്കാം.