കാഞ്ഞങ്ങാട് വെള്ളിക്കോത്തെ വി.ടി. കാർത്ത്യായനിക്ക് ഇത് ഇരട്ടി മധുരം. 70 കാരിയായ കാർത്ത്യായനി കണ്ണൂർ സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ തൻ്റെ ബിരുദം പാസായിരിക്കുകയാണ്. പത്താം ക്ലാസിൽ മുടങ്ങിയ വിദ്യാഭ്യാസം റിട്ടയർമെൻ്റിന് ശേഷമാണ് പുനരാരംഭിച്ചതിന് പിന്നാലെയാണ് കാർത്ത്യായനി മികച്ച നേട്ടം കൈവരിച്ചത്.
1971 ലാണ് എസ്എസ്എൽസി പാസായത്. തൊട്ടടുത്തവർഷം തന്നെ ബീഡിത്തൊഴിലാളിയായ കൃഷ്ണൻ്റെ ഭാര്യയായി കുടുംബജീവിതം ആരംഭിച്ചു. ഇതിനിടയിൽ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷും മലയാളവും പരിശീലിച്ചു. 1976ൽ ദിനേശ് ബീഡി തൊഴിലാളിയായി. 21-ാം വയസിൽ ടൈപ്പിസ്റ്റായി സ്ഥിരനിയമനവും ലഭിച്ചു. 2011ൽ സർവീസിൽ നിന്നും വിരമിച്ചു.
ഭർത്താവ് മരിച്ചതോടെ ഏകാന്തത വേട്ടിയാടിയപ്പോൾ പഠനമോഹം പൊടിതട്ടിയെടുത്തു. പിന്നാലെ തുല്യതാ പദ്ധതി വഴി പ്ലസ്‌ടുവിന് പ്രവേശനം നേടി.
64-ാം വയസിൽ 83 ശതമാനം മാർക്കോടെ വിജയിച്ച കാർത്യായനി തിളക്കമാർന്ന വിജയം രഹസ്യമാക്കിവച്ചു. 66-ാം വയസിൽ കണ്ണൂർ സർവകലാശാലയിൽ ചരിത്ര വിദ്യാർഥിയായി പഠനം ആരംഭിച്ചു. ഫസ്റ്റ് ക്ലാസോടെ ബിരുദം നേടിയ കാർത്യായനി ഇന്ന് വീട്ടിലും നാട്ടിലും താരമാണ്.
സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ്, ട്രഷറർ തുടങ്ങിയ ചുമതലകൾക്കിടയിലും കോളേജ് വിദ്യാർഥിനിയുടെ ചുറുചുറുക്കിന് കുറവുണ്ടായില്ല. സമ്പൂർണ സാക്ഷരതായ യജ്ഞത്തിൽ അസി. പ്രൊജക്ട് ഓഫീസറായിരുന്നു കാർത്ത്യായനി. ബിരുദ പഠനത്തിനിടയിൽ ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. വെല്ലുവിളികൾ മുൻകൂട്ടി വിലയിരുത്തിയാൽ വഴിത്തിരിവ് എളുപ്പമാകുമെന്ന് തെളിയിക്കുകയാണ് വെള്ളിക്കോത്തുകാരി വി. ടി. കാർത്ത്യായനി.