ഫാഷൻ ലോകം എക്കാലവും ആളുകളെ അതിശയിപ്പിക്കുന്ന ഒന്നാണ്. വളരെപ്പെട്ടന്ന് മാറ്റങ്ങൾ സംഭവിക്കുന്ന ഇടം. അതിൽ പല മാറ്റങ്ങളും മനുഷ്യർക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും. ഹെവിയായും, ലൈറ്റായും, ഫണ്ണിയായും, ഹൊററായും, ക്യൂട്ടായും, നീറ്റായുമെല്ലാം ഫാഷനുകളെത്തും. കാലത്തിനനുസരിച്ച്. സിനിമയോ, സീരീസോ, പാട്ടുകളോ, കഥകളോ, സോഷ്യൽ മീഡിയ ട്രെൻ്റുകളോ അനുസരിച്ച് ഫാഷൻ മാറിമറിയും. പലതും കാലങ്ങൾക്കു ശേഷം വീണ്ടും കടന്നുവരും.
ആദ്യകാലത്തൊക്കെ സ്ഥിരം കാഴ്ചാ ശീലങ്ങളിൽ കടന്നു വരുന്ന പരിഷ്കാരങ്ങളാണ് ഫാഷൻ. അത് വസ്ത്രത്തിൽ മാത്രമല്ല. ആഭരണം, ചെരുപ്പുകൾ, ബാഗുകൾ, മേക്കപ്പ്, ഹെയർ സ്റ്റൈൽ തുടങ്ങി ഫാഷൻ ആക്‌സസറീസിന്റെ ലോകം വളരെ വലുതാണ്. ഇതിൽ വരുന്ന മാറ്റങ്ങളും പലപ്പോഴും പ്രവചിക്കാൻ പോലുമാകില്ല. ഫാഷൻ ആക്സസറീസിൻ്റെ ലോകത്ത് ഇപ്പോൾ താരം ലബുബുവാണ്. അതെ ക്യൂട്ട് ലബുബു.
കോൺ ആകൃതിയിലുള്ള ചെവികളും, നല്ല വിടർന്നുരുണ്ട കണ്ണുകളും, ചിരിയും, കരച്ചിലും ദേഷ്യവും, എല്ലാം കാണിക്കുന്ന പ്രത്യേകതരം മുഖഭാവങ്ങളുമൊക്കെയായി ബാഗുകളിൽ തൂങ്ങിക്കിടക്കുന്ന ഇത്തിരി കുഞ്ഞൻമാരാണ് ലബുബു. ബാർബി, ഹോട്ട്‌വീൽ തുടങ്ങിയവയെപ്പോലെതന്നെ ആളുകളെ അകർഷിക്കുകയാണ് പല നിറത്തിലും തരത്തിലും വിപണികളിലും സമൂഹ മാധ്യമങ്ങളിലും നിറയുന്ന ലബുബു.
ആരാണിവർ? എങ്ങിനെ ഫാഷൻ ലോകത്തെ താരങ്ങളായി മാറി? തുടങ്ങിയ സംശയങ്ങളൊക്കെ സ്വാഭാവികമാണ്. ഒരു ചെറിയ ജീവിയുടെ രൂപത്തിലാണ് ലബുബുവിനെ നിർമിച്ചിരിക്കുന്നത്. തുണിയും, പഞ്ഞിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാവകൾ. നിന്നുള്ള കലാകാരനായ കാസിംഗ് ലംഗാണ് ഇവയുടെ സൃഷ്ടാവ്. കാസിംഗ് നോർഡിക് പുരാണങ്ങളിലെയും, നാടോടിക്കഥകളിലെയും ജീവികളെ മനസിൽ കണ്ടാണ് ലബുബുവിനെ നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2016 ലാണ് ലബുബു ലോകം കാണുന്നത്.
പിന്നീട് 2019 ൽ ചൈന ആസ്ഥാനമായുള്ള കളിപ്പാട്ട നിർമ്മാണ കമ്പനി പോപ്പ് മാർട്ട് ആണ് ഇത്തിരികുഞ്ഞന്റെ വിപണനാനുമതി നേടുന്നത്. വിപണിയിലെത്തിയ ഉടൻ തന്നെ ആള് ട്രെൻ്റായി മാറി. സൗത്ത് കൊറിയൻ പെൺകുട്ടികളുടെ മ്യൂസിക് ബാൻഡ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിലെ ലിസയും ലബുബുവിനെ വൈറലാക്കിയിരുന്നു. ഇപ്പോഴിതാ കളിപ്പാട്ടത്തിൽ നിന്ന് ഫാഷൻ ഐക്കണായും മാറി.
ആരാധകരേപ്പോലെ തന്നെ ലബുബുവിന് ഹേറ്റേഴ്സുമുണ്ട്. അവന് കാര്യമായ പ്രോത്സാഹനം നൽകാത്ത പല രാജ്യങ്ങളുമുണ്ട്. എന്നാൽ ഇന്ത്യക്കാർ അക്കാര്യത്തിൽ വിശാലഹൃദയർ തന്നെയാണ്. നടി അനന്യ പാണ്ഡെ കഴിഞ്ഞ ദിവസം തന്റെ ബാഗിൽ ലബുബുവിനെയും ചേർത്ത് വച്ച ചിത്രം പുറത്തുവിട്ടിരുന്നു. ബോളിവുഡിൽ എത്തിയെന്നാൽ പിന്നെ ഇന്ത്യയിലും ആശാൻ ട്രെൻ്റായെന്ന് ചുരുക്കം.