
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണമാണ് കാൻസര്‍. മോശം വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമാണ് ഈ മരണങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത് ഓറല്‍ ക്യാന്‍സറിന്‍റെ രാജ്യത്തെ വര്‍ധനവാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2020-ൽ 350,000-ത്തിലധികം പുതിയ കേസുകളും 170,000-ത്തോളം മരണങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും സാധാരണമായ 13-ാമത്തെ ക്യാൻസറാണ് ഓറൽ ക്യാൻസർ. ഇന്ത്യയിലെ പുരുഷന്മാരില്‍ സാധാരണ നിലയില്‍ പൊതുവെ കാണപ്പെടുന്ന കാന്‍സര്‍ വകഭേദം കൂടിയാണിത്. ലോകത്തിലെ ആകെ ഓറൽ ക്യാൻസർ കേസുകളിൽ ഏകദേശം മൂന്നിലൊന്നും ഇന്ത്യയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ആരോഗ്യമേഖലയില്‍ ചര്‍ച്ചയായിരിക്കുന്നത്. പുകയില ഉപയോഗത്തില്‍ ചൈന കഴിഞ്ഞാല്‍ ലോകത്ത് രണ്ടാമത് ഇന്ത്യയാണെന്നതും കേസുകള്‍ ഉയരുന്നതില്‍ ഒരു കാരണമാണ്. ഇന്തോനേഷ്യ, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.
പുകവലി, മദ്യപാനം, എച്ച്‌പിവി വൈറസ്, പോഷകകുറവ് എന്നിവയാണ് ഇന്ത്യയിലെ പുരുഷന്മാരില്‍ ഓറല്‍ കാന്‍സര്‍ നിരക്ക് ഉയരാനുള്ള മറ്റ് കാരണങ്ങള്‍. മുന്‍പ് വായിലെ അര്‍ബുദം ബാധിക്കുന്നവര്‍ പലരും 40കളില്‍ ഉള്ളവരായിരുന്നെങ്കില്‍ ഇന്ന് 20കളിലും 30കളിലുമുള്ള യുവാക്കള്‍ക്ക് ഓറല്‍ കാന്‍സര്‍ ബാധിക്കുന്നു എന്നതാണ് സ്ഥിതി. ഗുട്‌ക, ഖൈനി, വെറ്റിലപാക്ക്, സര്‍ദ, ബീഡി, സിഗരറ്റ്, ഹുക്ക എന്നിങ്ങനെ പുകയിലയുടെ പല വകഭേദങ്ങള്‍ 80 ശതമാനം ഓറല്‍ കാന്‍സര്‍ കേസുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അമ്പതിലധികം രാസവസ്‌തുക്കള്‍ അടങ്ങിയ പുകയില ഏത് രൂപത്തില്‍ ശരീരത്തിലെത്തിയാലും ഇത് വായ്‌ക്കുള്ളിലെ കോശങ്ങളുടെ ഡിഎന്‍എ ഘടനയിൽ മാറ്റം ഉണ്ടാക്കി അര്‍ബുദം പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. ഇത്തരത്തില്‍ വ്യതിയാനം സംഭവിക്കുന്ന ഡിഎന്‍എ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയ്‌ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് ആരോഗ്യമുള്ള ഒരു കോശം മരിക്കുമ്പോൾ, ഇത് വായിലും അന്നനാളത്തിലും കാൻസറിന് കാരണമാകും.
പുകയില പോലെ വായിലെ അര്‍ബുദത്തിന്റെ സാധ്യതയും മദ്യപാനം വര്‍ധിപ്പിക്കുന്നു, ലിംഗം, യോനി, ഗര്‍ഭാശയമുഖം, മലദ്വാരം, വായ എന്നിവിടങ്ങളില്‍ അര്‍ബുദത്തിന് കാരണമാകാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ കാരണമാകാം. സ്ഥിരീകരിക്കപ്പെട്ട ഓറല്‍ കാന്‍സര്‍ കേസുകളില്‍ 50 ശതമാനത്തിലധികം എച്ച്‌പിവി 16 വൈറസായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരിലും ഓറല്‍ സെക്‌സ് ചെയ്യുന്നവരിലും ഇത്തരം അര്‍ബുദത്തിനുള്ള സാധ്യത അധികമാണ്. പുകവലിയും മദ്യപാനവുമായി ബന്ധപ്പെട്ട ഓറല്‍ കാന്‍സറിനെ അപേക്ഷിച്ച് എച്ച്‌പിവി വൈറസ് മൂലമുള്ള അര്‍ബുദത്തിന്റെ രോഗമുക്തി നിരക്ക് ഉയര്‍ന്നതാണെന്ന വ്യത്യാസമുണ്ട്.
ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് ഓറല്‍ ക്യാന്‍സറിനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങള്‍ പറയുന്നു. പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപഭോഗം വായിലെ അര്‍ബുദത്തിന്‍റെ കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓറൽ ക്യാൻസർ രോഗികളുടെ ബയോപ്സി നടത്തിയ ശേഷം ഇന്ത്യയിൽ നടത്തിയ ഒരു പഠനത്തിൽ, 99% രോഗികൾക്കും ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറവാണെന്ന് കണ്ടെത്തി. ഡിസ്‌കെരാറ്റോസിസ് കണ്‍ജെനിറ്റ, ഫാന്‍കോണിയ അനീമിയ പോലുള്ള ചില ജനിതക രോഗങ്ങളും വായിലെ അര്‍ബുദ സാധ്യതയേറ്റുന്നു.
വായ, തൊണ്ട എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ വേദന, ഭക്ഷണം ചവയ്‌ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, ചുണ്ടിലും നാക്കിലും തൊണ്ടയിലും കവളിനുള്ളിലും നീര്‍ക്കെട്ട്, കുരുക്കള്‍, നാക്കിനോ വായ്‌ക്കോ മരവിപ്പ്, നാക്കിലും കവിളിനുള്ളിലും വെളുത്തതോ ചുവന്നതോ ആയ പാടുകള്‍, ദീര്‍ഘകാലമായുള്ള വായ്‌നാറ്റം, ഇളകിയ പല്ലുകള്‍, കാതിനും താടിക്കും വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഉടനടി ദന്തരോഗ വിദഗ്‌ധനെ കണ്ട് ചികിത്സ തേടേണ്ടത് അര്‍ബുദത്തിലേക്ക് നയിക്കാതിരിക്കാന്‍ സഹായിക്കും.
ഇന്ത്യക്കാരില്‍ 20 മുതല്‍ 30 ശതമാനം പേര്‍ മാത്രമാണ് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ദന്താരോഗ്യ വിദഗ്‌ധനെ കാണാന്‍ പോകാറുള്ളതെന്ന് ചില പഠനങ്ങള്‍ പറയുന്നു. എന്തെങ്കിലും വേദനയോ പ്രശ്‌നങ്ങളോ ഉള്ളവര്‍ മാത്രമാണ് ദന്തരോഗ വിദഗ്‌ധനെ കണ്‍സള്‍ട്ട് ചെയ്യാറുള്ളത്. എന്നാല്‍ മറ്റ് ഹെല്‍ത്ത് ചെക്കപ്പുകള്‍ പോലെ ഇടയ്‌ക്കിടെ ദന്തരോഗ പരിശോധന നടത്തേണ്ടതും രോഗങ്ങളില്ലെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.