വൃക്കൾ എന്നാൽ ശരീരത്തിലെ അരിപ്പകളാണ്. മാലിന്യങ്ങൾ അരിച്ച് നീക്കം ചെയ്ത് പുറത്തേക്ക് വിടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവങ്ങളാണിവ. വൃക്കരോഗങ്ങൾ പലപ്പോഴും മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യും. മരണത്തിലേക്ക് നയിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടു തന്നെ വൃക്കകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങൾ ഉള്ളവരാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണ്ടതാണ്.
വൃക്കകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം തന്നെ നിരീക്ഷിച്ച് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തണം. ലക്ഷണങ്ങൾ കണ്ടാൽ അത് അവഗണിക്കരുത്. വൃക്കൾക്ക് തകരാറുണ്ടാൽ നമ്മുടെ കാലുകൾ ശ്രദ്ധിച്ചാൽ ചില ലക്ഷണങ്ങൾ കാണാം.
ഉദാഹരണത്തിന് കാലിലെ വീക്കം. കണങ്കാലിന് ചുറ്റും ചെറിയ വീക്കമോ നീരോ കണ്ടാൽ അവഗണിക്കരുത്. വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കാണുന്ന ലക്ഷണങ്ങളിൽ ഒന്നാണ് ഇത്. പ്രത്യേകിച്ചും വൈകുന്നേരങ്ങളിലാണ് കാലിൽ നീര് കാണുന്നതെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. പലപ്പോഴും വേദനയോ പ്രശ്നങ്ങളോ ഇല്ലെന്ന് പറഞ്ഞ് ആളുകൾ ഇത് അവഗണിക്കുകയാണ് പതിവ്. എന്നാൽ വൃക്കയിൽ ചെറിയ തകരാറുണ്ടെങ്കിൽ പോലും അത് മനസിലാക്കിത്തരാൻ ശരീരം കാണിക്കുന്ന അടയാളമാണ് ഇത്. ശരീരത്തിൽ അധിമാകുന്ന ഉപ്പ്, വെള്ളം എന്നിവ വേർതിരിച്ച് നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഫ്ലൂയിഡ് കണങ്കാലുകളിലെത്തി വീക്കം ഉണ്ടാക്കുന്നത്.
പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ തന്നെ കാലുകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടാലും അത് അവഗണിക്കരുത്. അതും വൃക്കയുടെ ആരോഗ്യത്തിൽ വരുന്ന മാറ്റം സൂചിപ്പിക്കുന്ന ലക്ഷണമാകാം. രക്തത്തിന്റെ ശുദ്ധീകരണത്തില്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍, അല്ലെങ്കില്‍ വൃക്കകളുടെ തകരാറിന്റെ ആദ്യ ലക്ഷണം ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ സാധാരണ ഗതിയിയിലുള്ള കാരണങ്ങൾ ഇല്ലാതെ കാലുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ അത് ശ്രദ്ധിക്കാതെ വിടരുത്.
മറ്റൊരു പ്രശ്നം കാലിലെ വേദനയാണ്. എല്ലാ കാലു വേദനയും വൃക്കളുടെ തകരാറാകണമെന്നില്ല. പക്ഷെ ചിലത് അപകട സൂചനയാണ്. ഉറക്കത്തില്‍ അല്ലെങ്കില്‍, കിടക്കുമ്പോഴോ, വിശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന കാലില്‍ മസില്‍ വലിഞ്ഞ് പിടിച്ചുണ്ടാകുന്ന വേദന വൃക്കകളിലെ പ്രശ്നമാകാൻ സാധ്യതയുണ്ട്. പൊട്ടാസ്യം പോലുള്ള മിനറലുകളുടെയും, കാത്സ്യത്തിന്റെയും, സോഡിയത്തിന്റെയും അസന്തുലിതാവസ്ഥയാണ് പ്രധാന കാരണം. ഉറക്കത്തിലോ, വിശ്രമത്തിലോ ആകും ഇത്തരത്തിൽ കാലിന് വേദന അനുഭവപ്പെടുക. അതുകൊണ്ടു തന്നെ അത്തരം സാഹചര്യങ്ങളെ പരിഗണിക്കേണ്ടതുണ്ട്.