എല്ലാം മറന്ന് നൃത്തം ചെയ്യൂ; തലച്ചോറിനെ ഉണര്‍ത്തൂ

നൃത്തം ചെയ്യാന്‍ നിങ്ങള്‍ ഋത്വിക് റോഷനോ, നോറ ഫത്തേഹിയോ ആകേണ്ടതില്ല...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും തുല്യ പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ഇന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്താനായി പലരും പല വഴികളും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജിമ്മില്‍ പോകല്‍, വര്‍ക്ക് ഔട്ട്, യോഗ അങ്ങനെ പല മാര്‍ഗങ്ങളുണ്ടെങ്കിലും ഇതെല്ലാം എല്ലാവര്‍ക്കും ചെയ്യാനും കഴിയാറില്ല. മടി, സമയക്കുറവ് അങ്ങനെ പല കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാകാം.

എന്നാല്‍, ഏത് മടിയന്മാര്‍ക്കും ഈസിയായി ചെയ്യാവുന്ന ഒരു വര്‍ക്ക്ഔട്ട് ഉണ്ട്. ശാരീരിക അധ്വാനമായി തോന്നുകയുമില്ല, എന്നാല്‍ ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളും ഇതുവഴി ലഭിക്കുകയും ചെയ്യും. പറഞ്ഞു വരുന്നത് നൃത്തം ചെയ്യുന്നതിനെ കുറിച്ചാണ്. ഡാന്‍സ് എന്ന് പറയുമ്പോള്‍ ഋത്വിക് റോഷനെ പോലെയോ നോറ ഫത്തേഹിയെ പോലെയോ ശരീരം ചലിപ്പിക്കണമെന്നല്ല, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടിനൊപ്പം ഇഷ്ടമുള്ള രീതിയില്‍ ശരീരം ചലിപ്പിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.

ശരീരത്തിന് മുഴുവന്‍ ഗുണം ചെയ്യുന്ന വര്‍ക്ക്ഔട്ടാണ് ഡാന്‍സ്. ഇത് നിങ്ങളുടെ ശരീരിക ആരോഗ്യത്തിന് മാത്രമല്ല, മാനസിക ആരോഗ്യത്തിനും വലിയ ഗുണങ്ങള്‍ കൊണ്ടുവരും. തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമതയ്ക്കും നൃത്തം വലിയ രീതിയില്‍ സഹായിക്കും.

നിങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ ശരീരം മാത്രമല്ല, തലച്ചോറും കൂടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിന്റേയും മനസ്സിന്റേയും ഏകോപനമാണ് നൃത്തത്തിന് വേണ്ടത്. ഇത് ചുറ്റുപാടിനെ കുറിച്ചുള്ള നിങ്ങളുടെ അവബോധം മെച്ചപ്പെടുത്തുകയും തലച്ചോറിനെ പുതിയ കണക്ഷനുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പതിവായുള്ള നൃത്തത്തിലൂടെ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും കഴിയും. നൃത്തച്ചുവടുകള്‍ പഠിക്കുമ്പോള്‍ പാറ്റേണുകളും താളങ്ങളും സീക്വന്‍സുകളും ഓര്‍മ്മിക്കാന്‍ സഹായിക്കുന്നു. താളങ്ങള്‍ക്കനുസരിച്ച് കൈകളും കാലുകളും ചലിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്യുന്നത് മള്‍ട്ടിടാസ്‌കിങ് ആണ്. ഒരു സ്റ്റെപ്പില്‍ കൂടുതല്‍ പ്രാവീണ്യം നേടുമ്പോഴും പുതിയ ചലനങ്ങള്‍ പഠിക്കുമ്പോഴും തലച്ചോറിന് കൂടുതല്‍ വ്യായാമം ലഭിക്കുകയാണ്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രായമാകുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ എന്നിവയെ ചെറുക്കാന്‍ സഹായിക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com