ഡയറ്റും, വർക്ക് ഔട്ടുമൊന്നും ഫലം ചെയ്യുന്നില്ല; ശരീരഭാരം ഉയർന്നുതന്നെ, കാരണം അറിയണോ?

എത്രതന്നെ കാര്യങ്ങൾ കൃത്യതയോടെ ചെയ്താലും ജീവിത ശൈലി, തൊഴിൽ രീതി, ഉറക്കം തുടങ്ങി പലകാര്യങ്ങളും ശരീരഭാരത്തെ സ്വാധീനിക്കും
ഡയറ്റും, വർക്ക് ഔട്ടുമൊന്നും ഫലം ചെയ്യുന്നില്ല; ശരീരഭാരം ഉയർന്നുതന്നെ, കാരണം അറിയണോ?
Published on

കൃത്യമായ ഭക്ഷണ നിയന്ത്രണം, സമയം കണ്ടെത്തി വ്യയാമവും, എന്നിട്ടും ശരീരഭാരം കുുറയുന്നില്ല. പകരം ദിനം പ്രതി വർധിച്ചുവരികയും ചെയ്യുന്നു. പലരേയും അലട്ടുന്ന പ്രശ്നമാണിത്. കാരണം എന്തെന്ന് ആലോചിച്ചിട്ടുണ്ടോ. എത്രതന്നെ കാര്യങ്ങൾ കൃത്യതയോടെ ചെയ്താലും ജീവിത ശൈലി, തൊഴിൽ രീതി, ഉറക്കം തുടങ്ങി പലകാര്യങ്ങളും ശരീരഭാരത്തെ സ്വാധീനിക്കും. അത്തരം ചില കാരണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


മോശം ഭക്ഷണ ക്രമം

ഡയറ്റിലാണെന്ന് പറഞ്ഞാലും ശരിയായ ഭക്ഷണം ശരിയായ രീതിയിൽ കഴിച്ചാൽ മാത്രമേ ശരീരത്തിന് പ്രയോജനം ചെയ്യുകയുള്ളൂ. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, ഉയർന്ന കലോറിയുള്ള ലഘുഭക്ഷണങ്ങൾ എന്നിവയാണ് കഴിക്കുന്ന സമയത്ത് തെരഞ്ഞെടുക്കുന്നത് എങ്കിൽ അത് ശരീരഭാരത്തെ സ്വാധീനിക്കും. കൃത്യമായ സമയത്ത് ശരിയായ അളവിൽ ശരിയായ ഭക്ഷണം കഴിക്കാൻ തെരഞ്ഞെടുക്കുക.

ഉറക്കക്കുറവ്

എത്രതന്നെ വ്യായാമം ചെയ്താലും ഉറക്കം ശരിയായില്ലെങ്കിൽ പിന്നെ കാര്യമില്ല. ഉറക്കക്കുറവുള്ള ആളുകൾ കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന് സാധ്യത കൂടുതലാണ്. ഇത് ശരീരഭാരം ഉയർത്തും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഉറക്കക്കുറവ് കാരണമാകും.


സമ്മർദ്ദം

വിട്ടുമാറാത്ത സമ്മർദ്ദവും ഉയർന്ന കോർട്ടിസോളിൻ്റെ അളവും വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകും. ഇത് ശരീരഭാരം വർധിപ്പിക്കും. ധ്യാനം, യോഗ, വ്യായാമം തുടങ്ങിയവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്.

അലസമായ ജീവിതരീതി

അലസമായ ജീവിതരീതി പോലും ശരീരഭാരത്തിൽ വ്യത്യാസം വരുത്തും. മണിക്കൂറോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പോലുള്ള കാര്യങ്ങൾ മെറ്റബോളിസം കുറയ്ക്കുകയും അമിത കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുന്നുണ്ട്.

ആർത്തവ വിരാമം

സ്ത്രീകളിൽ ആർത്തവവിരാമം ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. ഈ സമയത്ത് ഈസ്ട്രജൻ്റെ അളവ് കുറയുന്നതാണ് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കൂട്ടുകയും ശരീരഭാരം ഉയർത്തുകയും ചെയ്യുന്നത്

ഹോർമോൺ അസന്തുലിതാവസ്ഥ

ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾ നിർണായക പങ്ക് വഹിക്കുന്നു.ഹോർമ്മോൺ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് ശരീരഭാരത്തേയും സ്വാധീനിക്കും. വരണ്ട ചർമ്മം, ക്ഷീണം, മലബന്ധം, മുടി കൊഴിച്ചിൽ, സന്ധികളിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹൈപ്പോതൈറോയിഡിസം പോലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്.

മരുന്നുകളുടെ പാർശ്വഫലങ്ങൾ

ചില മരുന്നുകളുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. പ്രത്യേകിച്ചും ചില സൈക്യാട്രിക് മരുന്നുകൾ ഭാരം കൂടുന്നതിന് ഇടയാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com