'ഇന്ത്യക്കാരെ കോപ്പിയടിച്ചോ?', യുകെയില്‍ ഹിറ്റായി മുംബൈ ഡബ്ബാവാല മാതൃകയില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്

ഡബ്ബ ഡ്രോപ്, സാധാരണ ഇന്ത്യയ്ക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സ്റ്റീലിന്റെ ടിഫിന്‍ ബോക്‌സുകളില്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ തന്നെയാണ് ഓഫീസുകളില്‍ എത്തിക്കുന്നത്.
'ഇന്ത്യക്കാരെ കോപ്പിയടിച്ചോ?', യുകെയില്‍ ഹിറ്റായി മുംബൈ ഡബ്ബാവാല മാതൃകയില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്
Published on

മുംബൈയില്‍ ഓഫീസുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഡബ്ബാവാലകള്‍ക്ക് നീണ്ട ചരിത്രമുണ്ട്. കേവലം ഭക്ഷണം വിതരണം ചെയ്യുന്നവര്‍ മാത്രമല്ല മുംബൈയിലെ ഡബ്ബാവാലകള്‍. അവര്‍ മുംബൈ നഗരത്തിന്റെ ഭാഗം കൂടിയാണ്.

തിരക്കുപിടിച്ച നഗരത്തിലെ ഓഫീസുകളിലുള്ളവര്‍ക്ക് ചൂടുള്ള നല്ല ഭക്ഷണം ഉച്ചയ്ക്ക് കഴിക്കാന്‍ പാകത്തില്‍ എത്തിക്കുന്നു എന്നതാണ് ഡബ്ബാവാലകളുടെ പ്രത്യേകത. ഡബ്ബാവാല എന്ന ആശയത്തെ ഉള്‍ക്കൊണ്ടു കൊണ്ട് ലണ്ടനില്‍ 'ഡബ്ബാ ഡ്രോപ്' എന്ന പേരില്‍ തുടങ്ങിയ ഒരു ടിഫിന്‍ സേവനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും കുറയ്ക്കുക എന്നതാണ് ഇതുവഴി കമ്പനി ഉദ്ദേശിക്കുന്നത്. ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതു കൂടിയാണ് കമ്പനിയുടെ ലക്ഷ്യം. യുകെയിലെ ഡബ്ബ ഡ്രോപ്, സാധാരണ ഇന്ത്യയ്ക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സ്റ്റീലിന്റെ ടിഫിന്‍ ബോക്‌സുകളില്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ തന്നെയാണ് ഓഫീസുകളില്‍ എത്തിക്കുന്നത്. പനീര്‍ സബ്ജി, വെജിറ്റബിള്‍ സാലഡുകള്‍, ചോറ് എന്നിവയാണ് ഇതില്‍ നിറയ്ക്കുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് ചേര്‍ന്ന് കഴിക്കാവുന്ന അത്ര അളവിലാണ് ടിഫിന്‍ ബോക്‌സുകള്‍ തയ്യാറാക്കുന്നത്.

സ്റ്റീല്‍ ടിഫിന്‍ ബോക്‌സുകള്‍ തുണിയില്‍ പൊതിഞ്ഞ് കാര്‍ഗോ ബൈക്കുകളിലാണ് ആവശ്യക്കാരിലേക്കെത്തിക്കുന്നത്. ആറ് വര്‍ഷമായി ലണ്ടനില്‍ ഇത് തുടങ്ങിയിട്ടെന്നാണ് കമ്പനി പറയുന്നത്.

'ആറ് വര്‍ഷത്തോളമായി ഞങ്ങള്‍ ഇത് തുടങ്ങിയിട്ട്! സമയം പറക്കുകയാണ്. ഇത്രയും കാലത്തിനിടയ്ക്ക് ഞങ്ങള്‍ 375,660 പ്ലാസ്റ്റിക് പാത്രങ്ങളെ ഉപയോഗിക്കാതെ ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങള്‍ തുടങ്ങിയിട്ടല്ലേ ഉള്ളു. ഭാവിയില്‍ യുകെയില്‍ എല്ലായിടത്തും ഈ പരിപാടി ആരംഭിക്കാനാണ് ഞങ്ങള്‍ ചിന്തിക്കുന്നത്,' ഡബ്ബാ ഡ്രോപ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ട്വിറ്ററില്‍ റിഷി ബാഗ്രീ എന്നയാള്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുന്നത്, വിദേശികള്‍ നമ്മുടെ ഡബ്ബാവാല എന്ന ആശയം കോപ്പി അടിച്ചു എന്നും എന്നിട്ട് ഡബ്ബാ ഡ്രോപ് എന്ന് പേര് നല്‍കിയെന്നുമാണ്. വീഡിയോ ഷെയര്‍ ചെയ്തതുമുതല്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

എന്നാല്‍ ഡബ്ബാ ഡ്രോപ്പിന്റെ സ്ഥാപകരില്‍ ഒരാള്‍ ഇന്ത്യക്കാരാണെന്ന് അവരുടെ ഇന്‍സ്റ്റഗ്രാമിന്റെ ഒഫീഷ്യല്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത് പാത്രങ്ങളിലാക്കി അത് എത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ എന്ത് വൃത്തിയോടെയാണ് ചെയ്യുന്നതെന്നാണ് ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com