കാലാവധി കഴിയുന്നതിന് മുമ്പും കേടായേക്കാം; മേക്കപ്പിൽ മാത്രമല്ല മേക്കപ്പ് ഐറ്റംസിലും ശ്രദ്ധ വേണം!

കാലാവധി കഴിഞ്ഞാലും കുറച്ചുകൂടി ഉപയോഗിക്കാം. കാശ് കൊടുത്തു വാങ്ങിയതല്ലേ. രണ്ടു ദിവസം കഴിഞ്ഞെന്ന് വച്ച് അങ്ങനെ കേടാകില്ല എന്നിങ്ങനെ നിരവധി ന്യായങ്ങൾ
Makeup Box
മേക്കപ്പ് ബോക്സ് Source: Meta AI
Published on

മേക്കപ്പൊക്കെ ചെയ്ത് സ്റ്റെൽആകാമെന്ന് വിചാരിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ന് ഭൂരിഭാഗം ആളുകളുടെ കയ്യിലും ഒരു ചെറിയ മേക്കപ്പ് കിറ്റെങ്കിലും കാണും. ഒരു ലിപ്സ്റ്റിക്കും ഐലൈനറും കോംപാക്റ്റുമൊക്കെയായി ഒരു സിംപിൾ ആൻ്റ് സ്റ്റൈൽ ലുക്കിനുള്ളതാകാം. അല്ലെങ്കിൽ ഫൗണ്ടേഷനും കൺസീലറും മസ്കാരയും തുടങ്ങി ഒരു ഹെവി ലുക്കിനുവേണ്ട എല്ലാത്തരം ബ്യൂട്ടി പ്രൊഡക്റ്റുകളും കയ്യിൽ കരുതുന്നവരും ഉണ്ട്.

മുൻകാലങ്ങളിലെ അപേക്ഷിച്ച് ഇപ്പോൾ മേക്കപ്പ് സാധനങ്ങൾക്ക് വിലകൂടുതലാണ്. ശരീരത്തിൻ്റെ സുരക്ഷ കണക്കിലെടുത്ത് ഗുണമേൻമയുള്ള ബ്രാൻഡുകളാണ് ഏറെപ്പേരും തെരഞ്ഞെടുക്കുക. എത്ര ബ്രാൻഡഡ് ആയാലും ഏത് ഉൽപ്പന്നത്തിനും എക്സപെയറി ഡേറ്റ് ഉണ്ടാകും. കാലാവധി കഴിഞ്ഞ് ഉപയോഗിച്ചാൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും.

കോസ്മെറ്റിക്സ് എന്നു മാത്രമല്ല നമുക്കിഷ്ടപ്പെട്ട ഏതൊരു വസ്തുവും കളയാൻ പലർക്കും മടിയാണ്. അതിപ്പോ കാലാവധി കഴിഞ്ഞാലും കുറച്ചുകൂടി ഉപയോഗിക്കാം. കാശ് കൊടുത്തു വാങ്ങിയതല്ലേ. രണ്ടു ദിവസം കഴിഞ്ഞെന്ന് വച്ച് അങ്ങനെ കേടാകില്ല എന്നിങ്ങനെ നിരവധി ന്യായങ്ങൾ കണ്ടെത്തും. പക്ഷെ ക്രീമുകൾ പോലുള്ള മേക്കപ്പ് വസ്തുക്കൾ ശരീരത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നവയായതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയാണ്. എല്ലാ ഉൽപ്പന്നങ്ങൾക്കും കാലാവധി നിശ്ചയിക്കുന്നത് അവയിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

കാലാവധി കഴിഞ്ഞ ക്രീമുകളിലെ ബാക്ടീരിയകൾ പ്രവർത്തിച്ച് അത് ശരീരത്തിൽ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലാക്കുന്നു. ഇത്തരത്തിൽ കേടായ ക്രീമുകൾ ഉപയോഗിച്ചാൽ ചർമ്മത്തിലെ ചെറിയ സുഷിരങ്ങൾ അടയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇത് മുഖക്കുരു, ചുവന്ന തടിപ്പ്, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാൻ കാരണമാകും. ഇത്തരം പ്രശ്നങ്ങൾ അവഗണിച്ചാൽ ഗുരുതരമായ ത്വക്ക് രോഗങ്ങളിലെത്താനും സാധ്യതയുണ്ട്.

കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിക്കാതിരുന്നാൽ തന്നെ പ്രശ്നങ്ങൾ ഇല്ലാതാകും എന്ന് പൂർണമായും ആശ്വസിക്കാനും കഴിയില്ല. ചിലതെല്ലാം കാലാവധി കഴിയുന്നതിനു മുൻപേ തന്നെ കേടാകാറുണ്ട്. ഉദാഹരണത്തിന് ഫൗണ്ടേഷൻ പോലുള്ള ക്രീം ടൈപ്പ് സാധനങ്ങൾ പലപ്പോഴും ഒരു നിറത്തിൽ വെള്ളവും, അടി ഭാഗത്തായി മറ്റൊരു നിറത്തിൽ ഫൗണ്ടേഷനും കാണാം. പലരും ഡേറ്റ് നോക്കി ഉറപ്പുവരുത്തിയ ശേഷം അത് മിക്സ് ആക്കി ഉപയോഗിക്കും. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.

ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നവർ ഡേറ്റ് മാത്രമല്ല ഇടയ്ക്ക് അതിന്റെ ടെക്‌സ്ചർ, മണം എന്നിവയിൽ മാറ്റം വന്നിട്ടുണ്ടോ എന്നുകൂടി പരിശോധിക്കുക. കാലാവസ്ഥയുടെയും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ താപനിലയുമെല്ലാം മേക്കപ്പ് വസ്തുക്കൾ കേടാകാൻ കാരണമാകുന്നു. ക്രീമുകൾക്ക് മാത്രമല്ല ഇത് ബാധകമാകുന്നത്. ക്രയോണിന്റെ മണം എപ്പോൾ ലിപ്സ്റ്റികിന് വരുന്നോ പിന്നീട് അത് ഉപയോഗിക്കാതിരിക്കുക. കലാവധി ഉണ്ടെങ്കിൽ പോലും മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ മസ്കാര ഉപയോഗിക്കാവൂ എന്ന് വിദഗ്ധർ പറയുന്നു.

മസ്കാരയും ഐലൈനറുമെല്ലാം ത്വക്കിനെമാത്രമല്ല ബാധിക്കുക. കണ്ണുകളെയാണ് ബാധിക്കുക. ലിപ്സ്റ്റിക് വയറിനകത്ത് എത്തുന്നതോടെ ആമാശയത്തിനുൾപ്പെടെ ദോഷകരമാണ്. മേക്കപ്പ് സാധനങ്ങളുടെ കൂട്ടത്തിൽ വെള്ളമോ, എണ്ണയോ ചേർക്കാത്തതിനാൽ പൗഡറുകളാണ് കൂടുതൽ കാലം ഉപയോഗിക്കാനാകുക. പക്ഷെ ശ്രദ്ധയോടെ ഉപയോഗിക്കണം. പൗഡർ ടിന്നുകൾ ഉപയോഗിച്ച ശേഷം കൃത്യമായി മൂടിവെക്കാൻ ശ്രദ്ധിക്കുക, കൂടാതെ അൽപ്പം വരണ്ട സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാകും ഉത്തമം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com