
മാലദ്വീപ് ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫ്. മാലദ്വീപിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് സന്ദര്‍ശിക്കുന്നതിന് ഒരു മാസം മുമ്പാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം മാറിയ സാഹചര്യത്തിലാണ് ഈ താരുമാനം.
"ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തി, മികച്ച അഭിനേത്രി, അവാര്‍ഡ് ജേതാവായ സംരംഭക എന്നീ നിലകളില്‍ പ്രശസ്തയായ വ്യക്തിയാണ് കത്രീന കൈഫ്. വ്യവസായങ്ങളിലും ഭൂഖണ്ഡങ്ങളിലും അവരുടെ സ്വാധീനം വ്യാപിച്ച് കിടക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെയും നിരവധി അഭിമാനകരമായ അവാര്‍ഡുകളുടെയും പ്രശംസ നേടിയ പോര്‍ട്ട്ഫോളിയോയിലൂടെ, ഇന്ത്യന്‍ സിനിമയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്", എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
മാലദ്വീപ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നാണ് കത്രീന പറഞ്ഞത്. "ആഡംബരത്തെയും പ്രകൃതി സൗന്ദര്യത്തെയും എല്ലാം പ്രതിനിധീകരിക്കുന്ന മാലദ്വീപ് ശാന്തമായരു സ്ഥലമാണ്", എന്നും താരം പറഞ്ഞു.
കത്രീനയെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ രാജ്യം "ആഹ്ളാദിക്കുന്നു" എന്ന് വിസിറ്റ് മാലദ്വീപിന്റെ സിഇഒയും എംഡിയുമായ ഇബ്രാഹിം ഷിയൂരി പറഞ്ഞു.