

കൂർക്കംവലി പലർക്കും ഒരു തമാശയാണെങ്കിലും അത് അനുഭവിക്കുന്നവർക്ക് അത് അത്ര സുഖമുള്ള കാര്യമല്ല. ഉച്ചത്തിൽ സ്ഥിരമായി കൂർക്കം വലിച്ചുറങ്ങുന്നത് ഉറക്ക തടസവും അതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
കൂർക്കംവലിയുള്ളവർക്ക് സാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്എ). ഉറക്കത്തിൽ തുടർച്ചയായി ശ്വാസം നിന്നുപോകുന്ന അവസ്ഥയാണിത്. ഉറക്കത്തിൽ സംഭവിക്കുന്നതു കൊണ്ട് തന്നെ ആളുകൾ ഈ അവസ്ഥ തിരിച്ചറിയാറില്ലെന്ന് ഡോക്ടർ വികാസ് അഗർവാൾ പറയുന്നത്. ഈ അവസ്ഥയുള്ളവർ രാത്രി മുഴുവൻ ഉറങ്ങിയാലും ഇടക്ക് ഉണരുന്നതിനാൽ രാവിലെ ക്ഷീണം അനുഭവപ്പെടും.
ചിലരിൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയാത്തതും ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടാകുന്നതും ഒഎസ്എ കൊണ്ടാകും. ചെറിയ രീതിയിലുള്ള കൂർക്കം വലി ചികിത്സിക്കേണ്ടതില്ലെങ്കിലും ഉറക്കം കെടുത്തുന്ന കൂർക്കം വലിയെ നിസാരമായി കാണരുതെന്നാണ് ഡോ.അഗർവാൾ പറയുന്നത്.
ഒഎസ്എ ആളുകളിൽ ദീർഘ കാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പലപ്പോഴും വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങി അപകടങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ ഒഎസ്എയ്ക്ക് പങ്കുണ്ടെന്ന് ഡോക്ടർ പറയുന്നു. മാത്രമല്ല വ്യക്തി ബന്ധങ്ങളെയും ഇത് ബാധിക്കും.
ഇറിറ്റേറ്റബിൾ ബവൽ സിൻഡ്രം, ദഹന പ്രക്രിയയിലെ തടസങ്ങൾ ഇവയൊക്കെ ഒഎസ്എയുടെ അനന്തര ഫലങ്ങളാണ്. ഒഎസ്എ ഉള്ളവർക്ക് തളർച്ച അനുഭവപ്പെടുന്നതിനാൽ അവർക്ക് കൂടുതൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടി വരും.
മുതിർന്നവരെ പോലെ തന്നെ കുട്ടികളിലെ കൂർക്കം വലിയും നിസാരമായി കാണരുതെന്ന് ഡോക്ടർ പറയുന്നു. ടോൺസിലും അഡിനോയിഡും വികസിക്കുന്നത് ഇതിന് കാരണമാകാമെന്ന് ഡോക്ടർ പറയുന്നു.
ഒഎസ്എ സിടി സ്കാൻ, സ്ലീപ് എൻഡോസ്കോപ്പി തുടങ്ങിയവ വഴി എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയും. രോഗാവസ്ഥയുടെ സ്ഥിതി അനുസരിച്ചായിരിക്കും ചികിത്സയുടെ സ്വഭാവം നിർണയിക്കുക. മൂക്കിലെ തടസം, സൈനസ് പ്രശ്നങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും തുടക്കത്തിലെ ചികിത്സ. ചിലപ്പോൾ ദന്ത ചികിത്സയിലൂടെയും ഇത് മാറ്റിയെടുക്കാം. ഗുരുതരമായ കേസുകളിൽ സിപിഎപി പോലുള്ള ചികിത്സാ രീതീകൾ ആവശ്യമായി വരും. ഒഎസ്എ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് ദീർഘ കാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.