ഇനി അരുതേ ആമയിഴഞ്ചാനും ബ്രഹ്മപുരവും...

കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് വീട്ടിലെ മാലിന്യസംസ്കരണം
ഇനി അരുതേ ആമയിഴഞ്ചാനും ബ്രഹ്മപുരവും...
Published on

തിരുവനന്തപുരത്തുണ്ടായ ആമയിഴഞ്ചാന്‍ അപകടത്തിൻ്റെ ആഘാതത്തിൽ നിന്നും കേരളം മുക്തമായിട്ടില്ല. ശുചീകരണ തൊഴിലാളിയായിരുന്ന ജോയി, ആമയിഴഞ്ചാന്‍ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം വ‍ൃത്തിയാക്കുന്നതിനിടെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. തുട‍‍ർന്ന് എൻഡിആർഎഫിൻ്റെ സംഘം, ഫയർഫോഴ്സ് തുടങ്ങിയവർ റൊബോട്ടിക് സംവിധാനമുപയോഗിച്ച് വരെ രക്ഷാപ്രവ‍ർത്തനം നടത്തിയെങ്കിലും ജോയിയെ കണ്ടെത്താൻ സാധിച്ചില്ല. തോട്ടിൽ കെട്ടിക്കിടന്നിരുന്ന ലോഡ് കണക്കിന് മാലിന്യമായിരുന്നു രക്ഷാപ്രവർത്തനത്തിന് നേരിട്ട പ്രധാന തടസ്സം. കാണാതായി 46 മണിക്കൂറിന് ശേഷം ജോയിയുടെ മൃതദേഹം പഴവങ്ങാടി തകരപ്പറമ്പ് കനാലില്‍ പൊങ്ങി. റെയിൽവേയുടെ കക്കൂസ് മാലിന്യം വരെ വന്നടിഞ്ഞിരുന്നത് ആമയിഴഞ്ചാന്‍ തോട്ടിലാണെന്ന തിരുവനന്തപുരം ന‍​ഗരസഭയുടെ വെളിപ്പെടുത്തൽ വന്നു. ന​ഗരസഭയും റെയിൽവേയും പരസ്പരം പഴിചാരി. എന്നാൽ, മാലിന്യസംസ്ക്കരണത്തിലെ പിഴവ് കവർന്നത് ഒരു മനുഷ്യജീവനാണ്... ആ മാലിന്യപ്പുഴയിലാണ് അയാൾ മുങ്ങി മരിച്ചത്...

അപകടത്തിന് പിന്നാലെ ച‍ർച്ചയാകുന്നത് സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ മാലിന്യപ്രശ്നമാണ്. കഴിഞ്ഞ വ‍ർഷം കൊച്ചി ബ്രഹ്മപുരം മാലിന്യപാൻ്റിൽ തീപിടിത്തമുണ്ടായപ്പോഴും കേരളം ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. പിന്നെ അത് സൗകര്യപൂർവ്വം മറന്നു. ദിവസങ്ങളോളം വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള മാരമായ വിഷപ്പുകയാണ് കൃത്യമായ മാലിന്യശേഖരണവും സംസ്കരണവും നടത്താത്തത് മൂലം അന്ന് ന​ഗരത്തെ മൂടിയത്.

മാലിന്യം വില്ലനാകുന്ന ഇത്തരം സംഭവങ്ങൾ ആവ‍ർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, മാലിന്യസംസ്‌കരണം നടത്തുന്നതിൻ്റെ ആദ്യ പടി മാലിന്യം കുമിഞ്ഞു കൂടാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. പൊതുസ്ഥലത്ത് മാലിന്യം കുമിഞ്ഞു കൂടാതിരിക്കാൻ സമൂഹവും പാലിക്കേണ്ട ചില കടമകളുണ്ട്. ഓരോ വീടുകളിൽ നിന്നും ഉണ്ടാകുന്ന ഭക്ഷ്യ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാനോ അല്ലെങ്കിൽ വീടുകളിൽ തന്നെ സംസ്‌കരിക്കാനോ കഴിഞ്ഞാൽ ഒരു പരിധി വരെ ഈ മാലിന്യപ്രശ്നം ഇല്ലാതാക്കാൻ സാധിക്കും. കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് വീട്ടിലെ മാലിന്യസംസ്കരണം. അതുകൊണ്ട് മികച്ച രീതികൾ തിര‍ഞ്ഞെടുക്കാൻ ശ്രമിക്കണം. മാലിന്യം കൃത്യമായി വേർതിരിക്കണം. വേർതിരിവ് റിസൈക്ലിങ്ങ് എളുപ്പമാക്കുക മാത്രമല്ല, ആരോഗ്യകരവും വൃത്തിയുള്ളതുമായ ചുറ്റുപാട് നിലനിർത്താനും സഹായിക്കും.

പ്ലാസ്റ്റിക്ക്, പേപ്പ‍ർ ഉപയോ​ഗം കുറയ്ക്കാം

പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നതാണ്. ആരോഗ്യപ്രശ്നത്തിന് പുറമെ, പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പ്രളയകാലത്ത് പുഴയിലും മറ്റും തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയിലേക്ക് തിരിച്ചെത്തിയ കാഴ്ച മറക്കാൻ കേരളത്തിന് അത്ര പെട്ടന്ന് സാധിക്കുമെന്ന് തോന്നുന്നില്ല. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ, കവറുകൾ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. യാത്രകൾക്കോ, ഷോപ്പിങ്ങിനോ പോകുമ്പോൾ തുണി സഞ്ചികൾ കരുതുന്നതും, പഴയ ഡെനിം ജീൻസുകൾ ഉപയോ​ഗിച്ച് തയ്ച്ച സഞ്ചികൾ കരുതുന്നതും നല്ലതാണ്. ദൈനംദിന ജീവിതത്തിലെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക.

പേപ്പറിൻ്റെ ഉപയോഗവും കുറയ്ക്കുക. ഓൺലൈൻ പേയ്മെന്റുകൾ നടത്താൻ ശ്രമിക്കുക. ഹാർഡ് കോപ്പികൾക്ക് പകരം ഇ-ബുക്കുകൾ വാങ്ങുക. ടിഷ്യൂ പേപ്പറുകൾ ഒഴിവാക്കി തൂവാലകൾ ഉപയോഗിച്ച് കൈകളും മുഖവും തുടയ്ക്കുക. പേപ്പർ പ്ലേറ്റുകൾക്ക് പകരം, ലോഹമോ പരിസ്ഥിതി സൗഹൃദമോ ആയ കട്ട്ലറികളും പ്ലേറ്റുകളും തിരഞ്ഞെടുക്കുക. ഈ ചെറിയ മാറ്റങ്ങൾ വലിയ മാറ്റത്തിന് കാരണമാവുകയും, ഒരു പരിധി വരെ മാലിന്യ സംസ്കരണം സാധ്യമാക്കുകയും ചെയ്യും.

കമ്പോസ്റ്റ് സംവിധാനങ്ങൾ ഉറപ്പുവരുത്തുക

കമ്പോസ്റ്റ് മാലിന്യങ്ങൾ അഴുകിയാൽ ചെടികൾക്ക് വളമാക്കി മാറ്റാം. സ്വന്തമായി പൂന്തോട്ടമുണ്ടെങ്കിൽ ചെടികൾക്കും പച്ചക്കറികൾക്കും ആവശ്യമുള്ള പരിസ്ഥിതിസൗഹൃദ രാസവളങ്ങൾ ഇതിൽ നിന്നുണ്ടാക്കാം. വിഷമരുന്നുകളടിച്ച് വിപണിയിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളെക്കാൾ മികച്ചതും, ആരോഗ്യത്തിന് നല്ലതും ഇവയാണ്.

ആസൂത്രണം ചെയ്ത് ഭക്ഷണം പാകം ചെയ്യാം

വീട്ടിലെ അംഗങ്ങൾക്കനുസരിച്ച് ആവശ്യമായ ഭക്ഷണം തയ്യാറാക്കാൻ ശ്രമിക്കുക. അളവില്ലാതെ ഭക്ഷണം തയാറാക്കിയാൽ അത് പാഴായി പോകാനുള്ള സാധ്യത വർധിക്കും. കൃത്യമായ ആസൂത്രണത്തിലൂടെ ആവശ്യമുള്ളത് മാത്രം തയ്യാറാക്കുക. ദീർഘകാലാടിസ്ഥാനത്തിൽ, ഇതിലൂടെ പണവും ലാഭിക്കാം.

ഖരമാലിന്യങ്ങൾ പുനരുപയോ​ഗത്തിനനുസരിച്ച് വേർതിരിക്കുകയും, റീസൈക്കിൾ ചെയ്യാനുള്ള സംവിധാനം ഉപയോ​ഗപ്പെടുത്തുകയും ചെയ്യാം. മാലിന്യങ്ങൾ റിസൈക്ലിങ് ബിന്നുകളിൽ തന്നെ നിക്ഷേപിക്കുക. മാലിന്യങ്ങൾ കത്തിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവ‍ർത്തനങ്ങൾ എല്ലാവരുടെയും കടമയാണ്. മറ്റൊരാളുടെ ജോലിയെന്ന് കരുതി മാറിനിൽക്കാതെ, എല്ലാവരും സന്നദ്ധരായി മുന്നോട്ടുവരിക. മാലിന്യ സംസ്‌‌കരണത്തിനായുള്ള അവബോധം മറ്റുള്ളവരിൽ വളർത്തിയെടുക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com