ഓർഗൻ മീറ്റ് മുതൽ ഐസ് ബാത്ത് വരെ; വെറൈറ്റിയാണ് ഹാലണ്ടിൻ്റെ ലൈഫ്‌സ്റ്റൈൽ

ഫുട്ബോളിലെ സൈബോർഗ് എന്നറിയപ്പെടുന്ന ഹാലണ്ടിൻ്റെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളുമെല്ലാം ഈ ലോകകപ്പ് കാലത്തും ചർച്ചയാകുകയാണ്...
ഓർഗൻ മീറ്റ് മുതൽ ഐസ് ബാത്ത് വരെ; വെറൈറ്റിയാണ് ഹാലണ്ടിൻ്റെ ലൈഫ്‌സ്റ്റൈൽ
Source: ChatGPT
Published on
Updated on

ഡയറ്റിൽ നിത്യേന പശുവിൻ്റെ ഹൃദയവും കരളും, പ്രത്യേക മിനറൽസ് അടങ്ങിയ കുടിവെള്ളം, നേത്രസംരക്ഷണത്തിന് ഓറഞ്ച് നിറമുള്ള കണ്ണട, ഉറങ്ങും മുൻപേ വായ ടേപ്പ് കൊണ്ട് ഒട്ടിക്കൽ... ലോകകപ്പ് കാലത്ത് മത്സരങ്ങൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒന്നാണ് താരങ്ങളുടെ ലൈഫ് സ്റ്റൈൽ. എന്നാൽ, ലോകകപ്പ് ​ഗോൾവേട്ടയിൽ മുൻനിരയിൽ തന്നെ സ്ഥാനമുറപ്പിച്ച നോ‍ർവീജിയൻ സ്ട്രൈക്ക‍ർ എ‍ർലിങ് ഹാലണ്ടിൻ്റെ ജീവിതശൈലി അക്ഷരാർഥത്തിൽ വിചിത്രമാണ്. ഫുട്ബോളിലെ സൈബോർഗ് എന്നറിയപ്പെടുന്ന ഹാലണ്ടിൻ്റെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളുമെല്ലാം ഈ ലോകകപ്പ് കാലത്തും ചർച്ചയാകുകയാണ്...

സാധാരണ ആളുകൾ അധികം കഴിക്കാത്ത ഭക്ഷണങ്ങൾ പോലും താൻ കഴിക്കാറുണ്ടെന്ന് ഹാലണ്ട് പല അഭിമുഖങ്ങളിലും പറയാറുള്ളതാണ്. സാധാരണ കളിക്കാരിൽ നിന്ന് വ്യത്യസ്തമായി അയാൾ ദിവസവും കഴിക്കുന്നത് പശുവിൻ്റെ ഹൃദയവും കരളുമാണത്രെ! അതും നോർവേയിലെ പച്ചപ്പുല്ല് തിന്ന് വളരുന്ന പശുക്കളുടെ ഓർഗൻ പാർട്സ് മാത്രമാണത്രേ ഹാലണ്ട് കഴിക്കാറ്.

കഴിഞ്ഞില്ല, കാപ്പിയിൽ പോലും ഹാലണ്ട് ഒഴിക്കുന്നത് തിളപ്പിക്കാത്ത പച്ചപ്പാലാണ്! ഇതിനെ അയാൾ വിളിക്കുന്നത് തൻ്റെ 'മാന്ത്രിക പാനീയം' എന്നാണ്. മത്സരദിനത്തിൽ കളി കഴിഞ്ഞാൽ പിന്നെ ഫാസ്റ്റ് ഫുഡോ മദ്യപാനമോ നൈറ്റ് ഔട്ടോ ഒന്നുമില്ല. പ്രോട്ടീൻ, നല്ല കൊഴുപ്പ്, പച്ചക്കറികൾ, ഗുണമേന്മയുള്ള കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ സമീകൃത ഭക്ഷണമാണ് ദിനചര്യയിലെ പ്രധാന ഘടകങ്ങൾ.

ഓർഗൻ മീറ്റ് മുതൽ ഐസ് ബാത്ത് വരെ; വെറൈറ്റിയാണ് ഹാലണ്ടിൻ്റെ ലൈഫ്‌സ്റ്റൈൽ
സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് മാനസികാരോഗ്യത്തിന് നല്ലത്! പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

ഹാലണ്ട് കുടിക്കുന്ന വെള്ളത്തിനുമുണ്ട് പ്രത്യേകതകൾ. മികച്ച ഗുണമേന്മയുള്ള, ധാതുക്കൾ അടങ്ങിയ വെള്ളം കുടിക്കാനാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. ശരീരത്തിലെ ജലാംശം ശരിയായ നിലയിൽ നിലനിർത്തുന്നതിനും മസിലുകളുടെ പ്രവർത്തനത്തിനും റിക്കവറിക്കും ഇത് പ്രധാനമാണെന്നാണ് ഹാലണ്ടിൻ്റെ വിശ്വാസം.

ഹാലണ്ടിൻ്റെ മറ്റൊരു കൗതുകകരമായ ശീലമാണ് ഓറഞ്ച് അല്ലെങ്കിൽ ആംബർ നിറമുള്ള ഗ്ലാസുകൾ ധരിക്കുന്നത്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപേ ഹാലൻ്റ് ഈ ഗ്ലാസ് ധരിക്കുകയും വായ ടേപ്പ് കൊണ്ട് ഒട്ടിക്കുകയും ചെയ്യുമത്രേ. ഈ കണ്ണടകൾ ബ്ലൂലൈറ്റിൻ്റെ സ്വാധീനം കുറയ്ക്കാൻ സഹായിക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യും. ദിവസവും 9-10 മണിക്കൂറുകളെങ്കിലും ഹാലണ്ട് നിർബന്ധമായും ഉറങ്ങും. ഉറങ്ങുന്നതിന് മുൻപ് പരമാവധി സ്ക്രീൻ ടൈമും കുറയ്ക്കാൻ ഹാലണഅട് ശ്രമിക്കാറുണ്ട്.

ഹാലണ്ട് എല്ലാ ദിവസവും രാവിലെ കഴിയുന്നത്ര സൂര്യപ്രകാശമേൽക്കാൻ ശ്രദ്ധിക്കാറുണ്ട്. മണിക്കൂറുകളോളം സൂര്യപ്രകാശമേൽക്കുന്ന ഹാലണ്ട് കണ്ണുകളിലേക്ക് സൂര്യപ്രകാശം കടത്തിവിടുമത്രേ. ഇത് ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് ക്രമീകരിക്കാനും വിറ്റാമിൻ ഡി ഉൽപാദനത്തിനും മികച്ച ഉറക്കത്തിനും മാനസിക ഉന്മേഷത്തിനും ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിന്റെ പെർഫോമൻസ് കൂട്ടാൻ റെഡ് ലൈറ്റ് തെറാപ്പിയും, അതികഠിനമായ ഐസ് ബാത്തുമൊക്കെയാണ് ഹാലൻ്റിൻ്റെ മറ്റ് രീതികൾ. പോരാത്തതിന് സമ്മർദം നിയന്ത്രിക്കാനും ഏകാഗ്രത വർധിപ്പിക്കാനും മെഡിറ്റേഷനും ബ്രീത്തിങ് എക്സസൈസുകളും വേറെയുണ്ട്...

ഇതൊക്കെ കേട്ട് മൂക്കത്ത് വിരൽ വച്ച് ഇരിക്കേണ്ട. ചുരുക്കി പറഞ്ഞാൽ മൈതാനത്ത് കാണുന്ന ഹാലണ്ടിൻ്റെ തകർപ്പൻ ഫോമിന് പിന്നിൽ ഈ കോംപ്രമൈസില്ലാത്ത, കഠിനമായ ഡിസിപ്ലിൻ തന്നെയാണ്.

News Malayalam 24x7
newsmalayalam.com