പനിയോടൊപ്പം വ്രണങ്ങളും കുമിളകളും; എന്താണ് കുട്ടികളില്‍ കാണുന്ന കൈ, കാല്‍, വായ് രോഗം?

കൈ, കാൽ, വായ് രോഗം (എച്ച്എഫ്എംഡി) പ്രധാനമായും ശിശുക്കളെയും കൊച്ചുകുട്ടികളെയുമാണ് ബാധിക്കുന്നത്.
പനിയോടൊപ്പം വ്രണങ്ങളും കുമിളകളും; എന്താണ് കുട്ടികളില്‍ കാണുന്ന കൈ, കാല്‍, വായ് രോഗം?
Published on

മഴക്കാലം പകർച്ചവ്യാധികളുടെയും കാലമാണ്. പലതരം പനികളും വ്യാധികളുമാണ് ഇക്കാലങ്ങളിൽ മനുഷ്യരിലേക്ക് പടരുന്നത്. ഇപ്പോഴിതാ, ഡൽഹിയിൽ കുട്ടികൾക്കിടയിൽ എച്ച്എഫ്എംഡി പ്രേത്യേക വൈറൽ പനി പടർന്നു പിടിക്കുകയാണ്. കൈ, കാൽ, വായ രോഗം (എച്ച്എഫ്എംഡി) എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതൊരു സാധാരണ വൈറൽ രോഗമാണെന്നും, കേസുകൾ ദിനംപ്രതി വർധിക്കുന്നതായും ഡോക്ടർമാർ പറയുന്നു.

എന്താണ് കുട്ടികളിൽ പടർന്നു പിടിക്കുന്ന എച്ച്എഫ്എംഡി ?

കൈ, കാൽ, വായ് രോഗം (എച്ച്എഫ്എംഡി) പ്രധാനമായും ശിശുക്കളെയും കൊച്ചുകുട്ടികളെയുമാണ് ബാധിക്കുന്നത്. കൂടാതെ പനി, തൊണ്ടവേദന, വായിലെ വ്രണം, കൈകളിലും കാലുകളിലും ചുണങ്ങ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഹാൻഡ്, ഫൂട്ട്, മൗത്ത് ആൻഡ് ഡിസീസ് എന്നാണ് ഇംഗ്ലീഷിൽ ഇതിൻറെ പേര്. 

സാധാരണയായി കോക്‌സാക്കി വൈറസ് എ 16, എൻ്ററോ വൈറസ് 71 എന്നിവ  മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. സാധാരണയെക്കാൾ കൂടുതലായി നാല്-അഞ്ച് കേസുകളാണ് ദിവസേന വരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഒന്നു മുതൽ ഏഴ് വയസ്സുവരെ പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. പനിയാണ് ഈ രോഗത്തിന്റെ തുടക്കം. തൊണ്ടവേദന, ദേഹത്ത് വേദന, വായിലും കൈപ്പത്തിയിലും പാദങ്ങളിലും വേദനാജനകമായ വ്രണങ്ങള്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

ഈ വ്രണങ്ങൾ കുട്ടികൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം, ഇത് ബാധിച്ച കുട്ടികൾക്ക് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടാണ്. കൈകളിലും കാലുകളിലും ചുണങ്ങ് , ചെറിയ ചുവന്ന പാടുകൾ കുമിളകൾ എന്നിവയും വരാം. ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് എൻ്ററോവൈറസ് 71-ൽ, ഈ രോഗം വൈറൽ മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ എൻസെഫലൈറ്റിസ് പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്കും നയിച്ചേക്കാം.

അസുഖം ബാധിച്ച വ്യക്തികളുമായുള്ള അടുത്ത സമ്പർക്കം, ചുമ, തുമ്മൽ, മലിനമായ പ്രതലങ്ങളുമായോ മലവുമായോ സമ്പർക്കം എന്നിവയിലൂടെയും വൈറസ് പടരും. ഡേ കെയർ, സ്‌കൂളുകൾ തുടങ്ങിയ കൊച്ചുകുട്ടികൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലാണ് ഇത് കൂടുതലായി പടരുന്നത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് വൈറസ് വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം. ഇതാണ് രോഗം വർധിക്കാൻ കാരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ തക്കാളിപ്പനി എന്നറിയപ്പെടുന്ന ഒരു പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ, ഇത് ഒരു തെറ്റായ പദമാണെന്നും യഥാർത്ഥത്തിൽ അത് കൈ, കാൽ, വായ് രോഗമാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പനിയോടൊപ്പം കൈകളിലും കാലുകളിലും വായിലും വരുന്ന വ്രണങ്ങൾ, കുമിളകൾ എന്നീ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും, കുട്ടിക്ക് എച്ച്എഫ്എംഡി ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com