

ന്യൂഡൽഹി: ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ വ്യക്തമായ ചിത്രസഹിതമുള്ള മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാൻ സുപ്രീംകോടതി. ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ പാക്കറ്റിന്റെ മുൻവശത്ത് പ്രത്യേക മുന്നറിയിപ്പ് ചിഹ്നങ്ങൾ നൽകണമെന്നാണ് കോടതിയുടെ നിർദേശം.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (FSSAI) നിർദേശങ്ങൾ നൽകിയത്. ഭക്ഷണത്തിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള (Hexagon) മുന്നറിയിപ്പ് നൽകണം.
ഹൈ ഫാറ്റ്, ഹൈ ഷുഗർ, ഹൈ സാൾട്ട് എന്നീ മുന്നറിയിപ്പും ഇതിനൊപ്പം നൽകിയിരിക്കണം. ഒരു ഭക്ഷ്യവസ്തുവിൽ മൂന്നും അധികമാണെങ്കിൽ മൂന്ന് വ്യത്യസ്ത മുന്നറിയിപ്പ് ചിഹ്നങ്ങൾ തന്നെ നൽകണം. എല്ലാം ഉൾപ്പെടുത്തി ഒറ്റ മുന്നറിയിപ്പ് ചിഹ്നം നൽകിയാൽ മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.
ഓരോ മുന്നറിയിപ്പ് ചിഹ്നവും പാക്കറ്റിന്റെ മുൻവശത്ത് കാണാവുന്ന രീതിയിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സാധാരണ ഉപഭോക്താവിന് എളുപ്പത്തിൽ വായിക്കാനും തിരിച്ചറിയാനും കഴിയുന്ന തരത്തിലായിരിക്കണം അക്ഷരങ്ങളുടെ വലുപ്പവും ചിത്രങ്ങളും. പാക്കറ്റ് ഭക്ഷണങ്ങളുടെ മുൻവശത്ത് പോഷകഘടകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷൻ ലേബലിങ് (FOPNL) സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഏകദേശം 100 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഭക്ഷ്യ-പാനീയ വ്യവസായത്തിന് ഈ വിധി കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. ഇന്ത്യയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം.