
പൈനാപ്പിളിന്‍റെ രുചി ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും. മോക്ടെയില്‍, ഡെസര്‍ട്ടുകള്‍ തുടങ്ങി ഇറച്ചിക്കറിയില്‍ വരെ ചേര്‍ക്കാം ഈ പഴം. കാഴ്ച്ചയിൽ പൈന്‍കോണ്‍ പോലെയിരിക്കുന്നതിനാൽ യൂറോപ്യന്‍മാരാണ് പൈനാപ്പിള്‍ എന്ന് പേര് നല്‍കിയത്. പൈനാപ്പിളിൻ്റെ ജന്മനാട് യഥാർത്ഥത്തിൽ ദക്ഷിണ അമേരിക്കയാണ്. രുചി മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ് പൈനാപ്പിൾ. ആന്‍റി ഓക്സിഡന്റുകളും എന്‍സൈമുകളും ധാരാളം അടങ്ങിയ ഈ പഴം പല രോഗങ്ങളും ചെറുക്കാനുപകരിക്കും. പൈനാപ്പിള്‍ പോഷകഗുണങ്ങളുടെ കലവറയാണ്.
പൈനാപ്പിളിൻ്റെ ആരോഗ്യഗുണങ്ങൾ:
-രോഗപ്രതിരോധശേഷി കൂട്ടും
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്റുകള്‍, എന്‍സൈമുകള്‍, ഫൈബര്‍ എന്നിവ പൈനാപ്പിളില്‍ നിറയെ അടങ്ങിയിരിക്കുന്നു. കൊറോണറി രോഗങ്ങള്‍, കോശനാശം, ജോയിന്‍റ് വേദനകള്‍ എന്നിവ അകറ്റാനും പൈനാപ്പിള്‍ നല്ലതാണ്.
- എല്ലുകള്‍ക്ക് ബലം നല്‍കും
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് എല്ലുകളുടെ ബലം കൂട്ടുകയും, കൂടുതല്‍ ശക്തി നല്‍കുകയും ചെയ്യുന്നു. സ്ത്രീകളില്‍ ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് തടയാന്‍ സഹായിക്കുന്നു. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം കൂട്ടും.
- ജലദോഷത്തിനും ചുമയ്ക്കും പ്രതിവിധി
വിറ്റാമിന്‍ സി, ബ്രോമലൈന്‍ തുടങ്ങിയവയുടെ കലവറയാണ് പൈനാപ്പിള്‍. ഇത് തൊണ്ടയിലും മൂക്കിലും കെട്ടിക്കിടക്കുന്ന കഫം കുറയ്ക്കും. പൈനാപ്പിള്‍ ആൻ്റി ഇൻഫ്ലമേറ്ററി ആയതിനാല്‍ ജലദോഷം, ചുമ എന്നിവയും ഇല്ലാതാക്കും.
- വ്രണങ്ങളും മുറിവുകളും ഉണങ്ങാൻ സഹായിക്കും
പൈനാപ്പിളില്‍ അടങ്ങിയ ബ്രോമലൈന്‍ മുറിവുകളുടെ വീക്കം കുറയ്ക്കാനും, രക്തം കട്ട പിടിച്ച് മുറിവിലൂടെ അധികം രക്തം നഷ്ടമാകാതിരിക്കാനും സഹായിക്കും.