മരണത്തിനും ജീവിതത്തിനും ഇടയിലുള്ള സുദീർഘമായ ഉറക്കത്തെയാണ് കോമ സ്റ്റേജ് എന്ന് വിളിക്കുന്നത്. ദിവസങ്ങളോ മാസങ്ങളോ അല്ല വർഷങ്ങളോളം ആളുകൾ കോമയിൽ കിടന്നേക്കും. അങ്ങനെ 20 വർഷത്തോളമായി കോമയിൽ കിടക്കുകയാണ് സൗദി അറേബ്യയുടെ രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ. 'ഉറങ്ങുന്ന രാജകുമാരൻ' എന്ന പേരിൽ അറിയപ്പെടുന്ന അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാലിൻ്റെ കഥ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ കോമയിൽ നിന്ന് ഉണർന്നെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഉറങ്ങുന്ന രാജകുമാരനെക്കുറിച്ച് ഇൻ്റർനെറ്റ് ലോകം സംസാരം തുടങ്ങിയത്. 20 വർഷങ്ങൾക്ക് മുൻപ്, 2005ൽ ഉണ്ടായ ഒരു വാഹനാപകടത്തോടെ രാജകുമാരൻ്റെ ജീവിതം മാറിമറിയുകയായിരുന്നു. അപകടത്തിൽ ബിൻ ഖാലിദ് ബിൻ തലാലിൻ്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേൽക്കുകയും, അദ്ദേഹം കോമയിലാവുകയും ചെയ്തു. 20 വർഷമായിട്ടും ഇയാൾ കണ്ണ് തുറന്നിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ രാജകുമാരന് 36 വയസ്സ് തികഞ്ഞു. പിന്നാലെയാണ് സൗദിയുടെ ഉറങ്ങുന്ന രാജകുമാരൻ ഉണർന്നു എന്നതരത്തിൽ വീഡിയോ പ്രചരിച്ചത്.
"20 വർഷം മുൻപ് അപകടത്തിൽപ്പെട്ട് കോമയിലായിരുന്ന സൗദിയിലെ ഉറങ്ങുന്ന രാജകുമാരൻ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു നിമിഷം പോലും പ്രതീക്ഷ കൈവിടാതിരുന്ന പിതാവിന് നന്ദി"- ഇങ്ങനെ കുറിച്ചുകൊണ്ടായിരുന്നു സൗദിയിലെ ഉറങ്ങുന്ന രാജകുമാരന്റെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്.
എന്നാൽ വീഡിയോ വ്യാജമാണെന്നും കോടീശ്വരനും മോട്ടോർസ്പോർട്ട് വ്യക്തിത്വവുമായ യാസീദ് മുഹമ്മദ് അൽ-രാജ്ഹിയാണ് ദൃശ്യങ്ങളിലുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു. ബാജ ജോർദാൻ റാലിക്കിടെയുണ്ടായ ഒരു റേസിങ് അപകടത്തിൽ യാസീദ് മുഹമ്മദ് അൽ-രാജ്ഹിയ്ക്ക് പരിക്കു പറ്റിയിരുന്നു. ഇയാൾ ആശുപത്രിയിൽ നിന്നും രോഗമുക്തി നേടുന്നതിന്റെ ദൃശ്യങ്ങളാണ് രാജകുമാരന്‍റേതെന്ന പേരിൽ പ്രചരിക്കപ്പെട്ടത്. രാജകുമാരൻ ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.
രാജകുമാരൻ ബിൻ ഖാലിദ് ബിൻ തലാൽ കഴിഞ്ഞ 20 വർഷമായി ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്. ജീവനുണ്ടെന്നതല്ലാതെ ദീർഘമായ ഉറക്കത്തിൽ തുടരുകയാണ് രാജകുമാരൻ. ഇതിനിടെ 2015-ൽ ഡോക്ടർമാർ രാജകുമാരൻ്റെ ലൈഫ് സപ്പോർട്ട് വിച്ഛേദിക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഒരത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിൻ്റെ പിതാവ് അത് നിരസിച്ചു. ദൈവം അവനെ അപകടത്തിൽ കൊല്ലാൻ ആഗ്രഹിച്ചിരുന്നെങ്കിൽ, അന്നേ മരിച്ചേനെ എന്നായിരുന്നു പിതാവിൻ്റെ പ്രതികരണം.
2019ലാണ് രാജകുമാരൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായത്. അന്ന് അയാൾ വിരൽ ഉയർത്തുകയും തല തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.