എന്താ പറയേണ്ടത് എന്നറിയില്ല ഹോ കേട്ടപാടെ അങ്ങ് രോമാഞ്ചം വന്ന് പോയി.... എത്ര കേട്ടരിക്കുന്നു ഇതുപോലുള്ള ഡയലോഗുകൾ. സംഗതി സത്യമാണ് എല്ലാവർക്കും സംഭവിക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ പ്രതിഭാസം അതാണ് രോമാഞ്ചം. നല്ല തണുപ്പടിക്കുമ്പോൾ, കാറ്റടിക്കുമ്പോൾ, സന്തോഷമോ, ഭയമോ എന്തിന് ഇഷ്ടമുള്ള ഒരു പാട്ടുപോലും രോമാഞ്ചത്തിന് കാരണമാകും.
ശരീരത്തിലെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്ന അവസ്ഥ. രോമകൂപങ്ങളുടെ വേരിലുളള ചെറിയ പേശികളുടെ സങ്കോചം (Arrector pili muscles) ആണ് ഇതിന് കാരണം. പേശികള്‍ ചുരുങ്ങുകയും രോമങ്ങള്‍ നിവര്‍ന്ന് നില്‍ക്കുകയും ചെയ്യും. ചില സാഹചര്യങ്ങളോട് ശരീരം പ്രതികരിക്കുന്ന രീതിയാണിത്. ഉദാഹരണത്തതിന് തണുപ്പടിക്കുമ്പോൾ രോമകൂപങ്ങളിൽ ഉണ്ടാകുന്ന മാറ്റം ചെറിയൊരു പ്രതിരോധം പോലെയാണ്.
പലപ്പോഴും മാനസികാവസ്ഥയുമായി ബന്ധപ്പെട്ടും രോമാഞ്ചം ഉണ്ടാകാറുണ്ട്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനവും നമ്മൾ നേരിടുന്ന സാഹചര്യത്തിന്റെ തീവ്രതയുമെല്ലാം ഇതിന് കാരണമാകും. രോമാഞ്ചം ഉണ്ടാകാനുള്ള പ്രധാന കാരണം സ്‌ട്രെസ് ഹോര്‍മോണായ അഡ്രിനാലിനാണ്. അഡ്രിനാലിന്‍ റിലീസിന്റെ മറ്റ് ലക്ഷണങ്ങളായി കണ്ണുനീര്‍ വരിക, കൈ വിറയ്ക്കുക, രക്തസമ്മര്‍ദ്ദം വര്‍ധിക്കുക, ഹൃദയമിടിപ്പ് വര്‍ധിക്കുക എന്നിവയൊക്കെ സംഭവിക്കാം.
ജീവിതത്തിൽ അതുവരെ പരിചയമില്ലാത്ത സാഹചര്യങ്ങൾ. ഭയം ജനിപ്പിക്കുന്ന അനുഭവങ്ങൾ, വൈകാരികമായ സന്ദർഭങ്ങൾ, ചില ഓർമ്മകൾ, ചില സ്പർശനങ്ങൾ പോലും രോമാഞ്ചം ഉണ്ടാകാൻ കാരണമാകും. ത്വക്കിലൂടെയാണ് നമ്മൾ മാറ്റം പുറമെ അറിയുന്നതെങ്കിലും തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങളും ശരീരത്തിലെ നാഡീ വ്യവസ്ഥയും തമ്മിലുളള പ്രതിപ്രവര്‍ത്തനത്തിൻ്റെ ഫലമാണ് ഈ സ്ഥിതി. നമ്മുടെ ശരീരത്തിന് ചുറ്റുമുള്ള വൈകാരിക അനുഭവങ്ങളോട്, പെട്ടെന്നുള്ള മാറ്റങ്ങളോട് എത്ര നന്നായി പ്രതികരിക്കാന്‍ കഴിയുമെന്നതിനും തെളിവാണ് രോമാഞ്ചം.