
ഷാരൂഖ് ഖാൻ്റെ മകൻ എന്ന പേരിനുമപ്പുറം ആരാണ് ആര്യൻ ഖാൻ എന്ന് നിങ്ങൾക്ക് അറിയാമോ? പേരും പ്രശസ്തിയും ആവോളമുണ്ടെങ്കിലും സ്വന്തം വഴിവെട്ടി തൻ്റെ ആദ്യ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ഒരുങ്ങുകയാണ് ആ 27കാരനായ ചെറുപ്പക്കാരൻ. 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന സീരീസിലൂടെ സംവിധായകനായി അരങ്ങേറുകയാണ് ആര്യൻ ഖാൻ.
തൻ്റെ ഡിയാവോൾ എന്ന ലൈഫ് സ്റ്റൈൽ ബ്രൻഡ് ആരംഭിക്കുന്നത് മുതൽ സംവിധായകനായി ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത് വരെ, ഖാൻ എന്ന കുടുംബ പേരിനുമപ്പുറമാണ് താനെന്ന് ആര്യൻ ഖാൻ തെളിയിക്കുകയാണ്.
'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന ചിത്രത്തിലൂടെ തൻ്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഒരുങ്ങുന്ന സംവിധായകൻ കൂടിയാണ്. ആഗോളതലത്തിലുള്ള ഭാഷകളെ കൈകാര്യം ചെയ്യുകയും ചലച്ചിത്രനിർമാണത്തിൽ പരിശീലനവും നേടിയ ആര്യൻ, വിനോദ വ്യവസായത്തിൽ തൻ്റേതായ ഇടം കണ്ടെത്തുകയാണ്.
ജീവിതവും വിദ്യാഭ്യാസവും
1997 നവംബർ 13ന് ജനിച്ച ആര്യൻ ഖാൻ മാധ്യമങ്ങളുടെ ശ്രദ്ധപ്പിടിച്ചു പറ്റിയാണ് വളർന്നു വന്നത്. ഷാരൂഖിൻ്റെയും ഗൗരിയുടെയും മൂന്ന് മക്കളിൽ മൂത്തവനാണ് ആര്യൻ. സുഹാന, അബ്രാം എന്നിവർ സഹോദരങ്ങളാണ്. മുംബൈയിലെ പ്രശസ്തമായ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം ലണ്ടനിലെ സെവനോസ്ക് സ്കൂളിലും പഠിച്ചിട്ടുണ്ട്. ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം മേക്കിംഗ് എന്നിവയിൽ ബിരുദം നേടിയത് സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു.
ഏറെ പ്രതീക്ഷയോടെ ബോളിവുഡ് കാത്തിരിക്കുന്നതാണ് താര പുത്രൻ്റെ അരങ്ങേറ്റ ചിത്രമായ 'ബാഡ്‌സ് ഓഫ് ബോളിവുഡ്'. ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. നർമവും ഡ്രാമയും സെൽഫ് അവയർനസും നിറഞ്ഞ ചിത്രം ഹിന്ദി ചലചിത്ര മേഖലയെക്കുറിച്ചുള്ളതായിരിക്കും. ലക്ഷ്യ, സഹേർ ബംബ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രൺബീർ കപൂർ, സൽമാൻ ഖാൻ, കരൺ ജോഹർ, രൺവീർ സിംഗ് എന്നിവർക്കൊപ്പം ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു. ലൈവ് ആക്ഷൻ സിനിമകളിലേക്ക് ചുവടുവയ്ക്കുന്നതിന് മുൻപ്, ഡിസ്നിയുടെ ദി ലയൺ കിംഗിൻ്റെ (2019) ഹിന്ദി ഡബ്ബിൽ സിംബയ്കക്ക് ശബ്ദം നൽകിയിരുന്നു. ആര്യൻ്റെ ശബ്ദത്തിന് സ്ക്രീനിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനുള്ള തെളിവായിരുന്നു അത്.
നേരിട്ട് അഭിനയത്തിലേക്ക് കടക്കുന്ന മെഗാ സ്റ്റാറുകളുടെ മക്കളിൽ നിന്ന വ്യത്യസ്തമായി ആര്യൻ അഭിനയവും സിനിമാ നിർമാണവും പഠിക്കാൻ സമയം കണ്ടത്തി. പ്രശസ്തമായ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് പരിശീലനം നേടിയ അദ്ദേഹം ഷാരൂഖ് ഖാൻ്റെ ചിത്രമായ സീറോ (2018) യിൽ സംവിധായകൻ ആനന്ദ് എൽ. റായിക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു.