ഒന്നു വെയിലുകൊണ്ടാൽ അപ്പോ പ്രശ്നമാണ്. ടാനാണ് വില്ലൻ. സൂര്യനൊന്ന് മനസുവച്ചാൽ അപ്പോ കരുവാളിച്ചു പോകും മുഖം. ഇതിനെ മറികടക്കാനുള്ള പ്രധാന ആയുധം സൺസ്ക്രീൻ ആണെന്നാണ് വയ്പ്പ്. ഈ സൺസ്ക്രീൻ താരമാകുന്നതിന് മുൻപ് എങ്ങനെയാണ് ടാനെന്ന വില്ലനെ നേരിട്ടിരുന്നതെന്ന് അറിയാമോ?
ചില നാടൻ പൊടിക്കൈകൾ മതിയാകും മുഖത്തെ കരുവാളിപ്പൊക്കെ മാറ്റി, സുന്ദരമാക്കാൻ. അതിനിനി എന്തൊക്കെ വേണം എന്നലോചിച്ച് അടുത്ത ടെൻഷൻ എടുക്കേണ്ട. വീട്ടിലുണ്ടാകുന്ന ചില്ലറ കാര്യങ്ങൾ മാത്രം മതി ഇതിന്.
കറ്റാര്‍വാഴ
സൂപ്പർ ഫ്രഷ് ജെല്‍ ആണ് കറ്റാർവാഴ. ഇത് ചര്‍മത്തിലൂടെ ആഴ്ന്നിറങ്ങി അള്‍ട്രാവയല്റ്റ് രശ്മികളേറ്റ് കേടായ ചര്‍മത്തിലെ കോശങ്ങളെ പെട്ടെന്ന് ശരിയാക്കും. ഒരുവിധം എല്ലാ തരം ചര്‍മങ്ങള്‍ക്കും ഇതുപയോഗിക്കാം. ഇനി സമയമാണ് പ്രശ്നമെങ്കിൽ അതിനും വഴിയുണ്ട്. രാത്രി കരുവാളിപ്പുള്ള ഭാഗത്ത് കറ്റാര്‍വാഴ ജെല്‍ പുരട്ടി പിറ്റേന്ന് രാവിലെ കഴുകിക്കളയാം. കഗരുവാളിപ്പൊക്കെ മാറി മുഖം ഫ്രഷാകും.
തക്കാളി
സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച പരിഹാരം തക്കാളിയിലുണ്ട്.സ്ഥിരമായി തക്കാളി പള്‍പ്പ് മുഖത്ത് തേക്കുകയാണെങ്കില്‍ വെയിലേറ്റുള്ള കരുവാളിപ്പ് മാറി, മുഖത്തിന് കൂടുതൽ നിറം ലഭിക്കും. ആന്റി ഓക്‌സിഡന്റ് ധാരാളമുള്ള ഒന്നാണ് തക്കാളി.ഇവ ചർമത്തിന് തിളക്കം നൽകും. തക്കാളിയുടെ പൾപ്പ് മുഖത്തിട്ട് കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴിഞ്ഞ് കഴുകിക്കളയാം.
നാരങ്ങയും തേനും
ഒരു പ്രകൃതിദത്ത ബ്ലീച്ചാണ് നാരങ്ങ. മോയ്ച്യുറൈസർ പോലെ തേനും ഉപയോഗിക്കാം. ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ തേനുമായി കലര്‍ത്തി മുഖത്ത് പുരട്ടുക. അൽപ്പസമയം കഴിഞ്ഞ് കഴുകിക്കളയാം. മുഖത്ത് നല്ല വ്യത്യാസം കാണാൻ സാധിക്കും.
കുക്കുമ്പര്‍ ജ്യൂസ്
ശരീരത്തിന്റെ ആരോഗ്യത്തിനും, ചർമസംരക്ഷണത്തിനും കുക്കുമ്പർ ഉപയോഗിക്കാം. ഇതിന്റെ ജ്യൂസ് ശരീരത്തിന് തണുപ്പ് നൽകും. ഇത് ചർമത്തിൽ പുരട്ടുന്നതും ചൂടേൽക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ മാറ്റും. മുഖത്തു പുരട്ടിയാലും മുഖത്തിന് നല്ല കുളിർമ ലഭിക്കും.