
മലയാളികള്‍ക്ക് ഭക്ഷണത്തോടുള്ള പ്രിയം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആ പ്രിയം തന്നെയാണ് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് വ്യത്യസ്ത രുചികള്‍ മലയാളികളുടെ തീന്‍ മേശയിലേക്ക് എത്തിയതിന് കാരണവും. എന്നാല്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നതും ഇന്നും നമുക്ക് അത്ര കണ്ട് പിടികിട്ടാത്തതുമായ ഒന്ന് ചോപ്സ്റ്റിക്‌സ് ഉപയോഗിച്ച് കഴിക്കുന്നതാണ്. ഇന്ന് കേരളത്തിലെ പല കുസൈന്‍സുകളിലും റസ്റ്റോറന്റുകളിലും ചോപ്സ്റ്റിക്‌സ് കൊണ്ട് കഴിക്കുന്ന വിഭവങ്ങള്‍ ലഭ്യമാണ്.
എന്നാലും പലര്‍ക്കും ചൈനക്കാരോ കൊറിയന്‍കാരോ ആയാസത്തോടെ കഴിക്കുന്നപോലെ ന്യൂഡില്‍സും ചോറുമെല്ലാം ചോപ്സ്റ്റിക്‌സ് കൊണ്ട് കഴിക്കാന്‍ കഴിയാറില്ല. നമ്മള്‍ക്ക് അന്നും ഇന്നും പ്രിയം കൈകൊണ്ട് കഴിക്കുന്നത് തന്നെയാണ്. എങ്ങനെയാണ് ഇവരൊക്കെ ഇത്ര ആനായാസമായി ചോപ്സ്റ്റിക്‌സ് എന്ന് പേരിട്ട് വിളിക്കുന്ന കമ്പു പേലെയുള്ള വസ്തുകൊണ്ട് ഭക്ഷണം കഴിക്കുന്നതെന്ന് നമ്മള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട്.
നമുക്ക് ചോപ്സ്റ്റിക്‌സ് എല്ലാം ഒരുപോലെയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ട് കമ്പ്. പക്ഷെ അതിലും വ്യത്യസ്തകളുണ്ട്. ജാപ്പനീസുകാര്‍ ഉപയോഗിക്കുന്ന ചോപ്സ്റ്റിക്‌സും കൊറിയന്‍കാരും ചൈനക്കാരും ഉപയോഗിക്കുന്ന ചോപ്സ്റ്റിക്‌സും വ്യത്യസ്തമാണ്.
ഈ ചോപ്സ്റ്റിക്‌സ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ജാപ്പനീസുകാര്‍ ഉപയോഗിക്കുന്ന ചോപ്സ്റ്റിക്‌സ് പൊതുവില്‍ നീളം കുറഞ്ഞതും അറ്റം മെലിഞ്ഞിരിക്കുന്നതുമായിരിക്കും. ഉരുണ്ടതോ ഓവല്‍ ഷേപ്പിലോ ആയി കാണപ്പെടുന്ന ഈ ചോപ്സ്റ്റിക്കുകള്‍ക്ക് നടുവിലായി ഒരു രണ്ട് സ്റ്റിക്കുകള്‍ ചേര്‍ത്ത് വെച്ചതുപോലെ ഒരു അടയാളവും ഉണ്ടാകും.
അതേസമയം കൊറിയന്‍ ചോപ്സ്റ്റിക്കുകള്‍ ചെറുതും സാധാരണഗതിയില്‍ മെറ്റല്‍ കൊണ്ട് നിര്‍മിച്ചിട്ടുള്ളതുമായിരിക്കും. റൗണ്ട് ഷേപ്പിന് പകരം ചതുരമായിരിക്കും ഇവകാണുക. സ്റ്റെയിന്‍ലെസ് സ്റ്റീലിലോ വെള്ളിയിലോ ആണ് ഇവ നിര്‍മിക്കുക. എന്നാല്‍ ചൈനീസ് ചോപ്സ്റ്റിക്കുകള്‍ക്ക് നീളം കൂടുതലായിരിക്കും. കട്ടിയുള്ള ഇത്തരം ചോപ് സ്റ്റിക്കുകള്‍ അധികവും മരത്തിലോ മുളയിലോ ആണ് നിര്‍മിക്കുക.
ചൈനയിലാണ് ചോപ്സ്റ്റിക്‌സിന്റെ ഉത്ഭവം. ബി.സി.ഇ 1766-1122 കാലത്ത് നിലനിന്നിരുന്ന ഷാങ് ഡൈനാസ്റ്റി സമയത്താണ് ചോപ്സ്റ്റിക്കുകള്‍ ഉപയോഗത്തില്‍ വന്നതെന്നാണ് പറയപ്പെടുന്നത്. ചൈനയില്‍ പിറവിയെടുത്ത ചോപ്സ്റ്റിക്കുകള്‍ ജപ്പാനിലേക്കും കൊറിയയിലേക്കും വ്യാപിച്ചത് എഡി 500 കളിലാണ്. ചോപ്സ്റ്റിക്കുകള്‍ക്ക് ഏകദേശം 5000 വര്‍ഷത്തെ ചരിത്രം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ആദ്യകാലത്ത് ചോപ്സ്റ്റിക്കുകള്‍ ഉപയോഗിച്ചിരുന്നത് ഭക്ഷണം കഴിക്കുന്നതിനായിരുന്നില്ല. പകരം, ഭക്ഷണം പാചകം ചെയ്യുന്നതിനും തീ കത്തിക്കുന്നതിനും ഭക്ഷണം വിളമ്പുന്നതിനുമൊക്കെയായിരുന്നു.
വിയറ്റ്‌നാമുകാരും വലിയ ചോപ്സ്റ്റിക്‌സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അവരും ഭക്ഷണം കഴിക്കുന്നതിനായല്ല, പകരം ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇളക്കുന്നതിനും മാംസം വേവിക്കുമ്പോള്‍ അത് മറിച്ചിടാനുമൊക്കെയാണ് ചോപ്സ്റ്റിക്‌സ് ഉപയോഗിക്കുന്നത്.