ചൈനീസ് ഫുഡിന് ഇന്ന് ഇന്ത്യയിൽ ഏറെ പ്രിയമുണ്ട്. ചൈനീസ് റെസ്റ്ററന്റുകൾ വരെ ദിനം പ്രതി വർധിച്ചുവരുന്നു. ചില്ലി ചിക്കനും, മഞ്ചൂരിയനും, ഹക്ക ന്യൂഡിൽസുമെല്ലാം ഇന്ന് തീൻ മേശകളിൽ അത്ര അപൂർവമല്ല. രാജ്യത്ത് പലയിടത്തും ഈ വിഭവങ്ങൾ പലവിലകളിൽ ലഭ്യമാണ്.
എന്നാൽ നമ്മൾ ഇന്ന് ആഘോഷിച്ച് കഴിക്കുന്ന് പല ചൈനീസ് വിഭവങ്ങളും ചൈനയിൽ ഇല്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലടക്കം പല രാജ്യങ്ങളിൽ ചൈനീസ് സമ്പർക്കത്തിൽ നിന്നാണ് ഈ വിഭവങ്ങൾ ഉണ്ടായത്. അതായത് പല വിഭവങ്ങളിലും ചൈനീസ് ചേരുവകളുടെ സ്വാധീനമുണ്ടാകും പക്ഷേ ഇവയുടെ ജന്മസ്ഥലം വേറെയാണെന്ന് മാത്രം.
ചിക്കൻ മഞ്ജൂരിയൻ
ചൈനീസ് ചേരുവകളാണ് പക്ഷെ ആള് ഇന്ത്യനും. ചൈനീസ് - ഇന്തോ ഷെഫായ നെൽസൺ വാങാണ് ആദ്യമായി 1970ൽ ഈ ഡിഷ് ഉണ്ടാക്കുന്നത്. മുംബൈയിലാണ് ജനനം. ഇന്ത്യൻ മസാലയ്ക്ക് പകരം ഇഞ്ചി, വെളുത്തുള്ളി, സോയ സോസ്, കോൺഫ്‌ളോർ എന്നിവ ഉപയോഗിച്ച് ചിക്കൻ ഉണ്ടാക്കി. ഇന്തോ ചൈനീസ് ഡൈനിങിൽ പ്രധാനിയാണ് പക്ഷെ ഇദ്ദേഹം ചൈനയിൽ ഇല്ല.
ചോപ്പ്‌സേ
ഒരു ദിവസം രാത്രി ബാക്കി വന്ന പച്ചക്കറികളും ഇറച്ചിയും സോയ് സോസിലിട്ട് സാൻ ഫ്രാൻസിസ്‌ക്കോ ഷെഫായ ഒരാൾ ടോസ് ചെയ്‌തെടുത്ത വിഭവം. എന്നാൽ ഇങ്ങനൊരു ഡിഷ് ചൈനയിലില്ല. അമേരിക്കയിലെ ചൈനീസ് ഫുഡിൽപ്പെടും ഇത്. യുഎസിലെ ചൈനീസ് കുടിയേറ്റക്കാരുടെ വിഭവമാണിത്.
ജനറൽ സൗ ചിക്കൻ
1970ൽ ന്യൂയോർക്കിലാ ജനറൽ സൗ ചിക്കൻ ആദ്യമായി തയ്യാറാക്കുന്നത്. 19ാം നൂറ്റാണ്ടിലെ ഒരു സൈനിക മേധാവിയുടെ പേരാണ് ഇതിന് നൽകിയത്. എന്നാൽ അദ്ദേഹത്തിന് ഈ ചിക്കൻ വിഭവവുമായി ബന്ധമൊന്നും ഇല്ല. ചൈനയിൽ ഇതിന് പ്രാധാന്യം തീരെയില്ല. പക്ഷെ അമേരിക്കൻ ചൈനീസ് റെസ്റ്റോറന്റുകളിലെ പ്രധാന ഭക്ഷണമാണിത്.
ഹക്ക ന്യൂഡിൽസ്
കൊൽക്കത്തിയിലെ ചൈന ടൗണിൽ പിറവിയെടുത്ത ഹക്ക ന്യൂഡിൽസ്. ചൈനീസ് രീതിയോട് സാമ്യമുള്ള പാചകം തന്നെ. പച്ച കാപ്‌സിക്കവും മുളകും സോയ് സോസുമെല്ലാം ചേർത്ത് രുചികരമായി തയ്യാറാക്കുന്ന ഈ ന്യൂഡിൽസ് ഹക്ക കുടിയേറ്റക്കാർക്ക് ഇന്ത്യൻ രുചിയോടുള്ള താൽപര്യത്തിന്റെ ഫലമാണ്. എന്നാൽ ചൈനയിലാകട്ടെ ഹക്ക ന്യൂഡിൽസ് എന്നാൽ സാധാരണ ന്യൂഡില്‍സാണ്.
ചില്ലി ചിക്കൻ
ചൈനയിൽ ഇങ്ങനൊരു ചിക്കൻ വിഭവം തന്നെയില്ലത്രേ. കൊൽക്കത്തയിലെ ചൈനീസ് കമ്മ്യൂണിറ്റി തുടങ്ങിവച്ച പാചകരീതിയാണിത്. തീർത്തും ഇന്ത്യൻ വിഭവം ഒരു ചൈനീസ് ടച്ചുണ്ട് പാചകത്തിന് എന്നുമാത്രം. നമ്മുടെ ഫേവറിറ്റായ ചില്ലി ചിക്കൻ ചൈനീസ് രീതിയിൽ ഇന്ത്യൻ കിച്ചണിൽ ഉണ്ടാക്കിയ വിഭവമാണ്.