

പക്ഷികളിൽ ഏറ്റവും ഭംഗിയുള്ളവയാണ് മയിലുകൾ എന്നാണ് പറയുന്നത്. പൊതുവെ ഇന്ത്യയിലും ആഫ്രിക്കയിലുമാണ് മയിലുകളെ ധാരാളമായി കണ്ടുവരുന്നത്. ഇന്ത്യൻ മയിലുകൾക്കാണ് ഏറ്റവും ഭംഗിയെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ദേശീയ പക്ഷികൂടിയാണ് മയിൽ. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും തെക്കൻ ഏഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വനങ്ങളിലും പുൽമേടുകളിലും ഇന്ത്യൻ മയിലുകളെ കാണാൻ സാധിക്കും.
പൊതുവെ മയിൽ എന്നു പറയുമ്പോൾ ആൺ മയിലിനെയാണ് പലരും ഓർക്കുക. ആൺമയിലിനും പെൺമയിലിനും രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺമയിലുകൾക്കാണ് അഴകിൽ ഏറെ ആരാധകർ. നീണ്ട വർണാഭമായ പീലികളാണ് അവയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥരാക്കുന്ന പ്രധാന സവിശേഷത. നീലയും പച്ചയും കലർന്ന നിറക്കൂട്ടിലുള്ള തൂവലുകൾ തുടങ്ങി പീലിവിരിച്ചാടുന്ന ആൺമയിലുകളെ കാണുക എന്നത് തന്നെ കണ്ണുകൾക്ക് ആനന്ദം പകരുന്ന മനോഹരകാഴ്ചയാണ്. പെൺ മയിലുകൾക്ക്, മങ്ങിയ തവിട്ട് നിറവും ചാരനിറവുമാണ്. അത്രയൊന്നും പീലികൾ വിരിച്ച് നിൽക്കാൻ മാത്രം ഇല്ല.
എടുത്തുപറയേണ്ട പ്രധാന കാര്യം മയിലുകളുടെ നൃത്തമാണ്. പീലിവിരിച്ച് മഴനൃത്തം ചെയ്യുന്ന മയിലുകളെ വർണിക്കുന്ന നിരവധി രചനകളുണ്ട് സാഹിത്യത്തിൽ. മയിലുകള്‍ മഴക്കാലത്ത് മാത്രമേ പീലിവിരിച്ച് നൃത്തം ചെയ്യാറുള്ളോ? എന്തായിരിക്കും മഴയും മയിലിൽ നൃത്തവുമായുള്ള ബന്ധം? തുടങ്ങിയ സംശയങ്ങൾ ചിലപ്പോൾ നമുക്കും തോന്നിയേക്കാം. മയിൽ നൃത്തവും മഴയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല കഥകളുണ്ട്. എന്നാൽ കഥകൾ പോലെയല്ല കാര്യങ്ങൾ. പ്രത്യുല്‍പാദനം, കാലാവസ്ഥ, അതിജീവനം തുടങ്ങിയ കാര്യങ്ങളാണ് അതിന് പിന്നിൽ. മയിലുകളുടെ ജീവിതചക്രത്തില്‍ മഴക്കാലം ഏറെ പ്രാധാന്യമുള്ള സമയമാണ്. മഴക്കാലമാണ് മയിലുകളുടെ പ്രജനന കാലം. ഇണകളെ ആകര്‍ഷിക്കാനാണ് മയിലുകള്‍ പീലിവിടര്‍ത്തിയാടുന്നത്. അതാണ് മഴക്കാലത്ത് മയൂര നടനങ്ങൾ കൂടുതൽ കാണുന്നത്.
ഇണചേരലിന് മുന്നോടിയായി തന്റെ ഇണയെ ആകർഷിക്കാനാണ് ആൺ മയിലുകൾ പീലിവിരിച്ച് മനോഹര നൃത്തം നടത്തുന്നത്. ആണ്‍ മയില്‍ തൂവലുകള്‍ വിടര്‍ത്തുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ അതിന്റെ ശാരീരികക്ഷമത, ശക്തി, ജനിതക ഗുണം എന്നിവ പ്രകടിപ്പിക്കുന്നു.പെണ്‍ മയിലുകളെ ആകർഷിക്കാൻ ഈ ഗുണങ്ങൾ ഏറെ സഹായിക്കും. അതുപോലെ തന്നെ ഉഷ്ണപക്ഷികളായ മയിലുകൾക്ക് മഴക്കാലം ശാരീരികമായി ഏറെ ആശ്വാസം ലഭിക്കുന്ന സമയമാണ്. കടുത്ത ചൂടിനുശേഷം തണുത്ത കാലാവസ്ഥ എത്തുന്നതോടെ മയിലുകൾ ഏറെ ഉർജസ്വലരാകുന്നു. പ്രാണികള്‍, മണ്ണിരകള്‍, വിത്തുകള്‍, ചെറുജീവികള്‍ എന്നിവ മഴക്കാലത്ത് സമൃദ്ധമാകുന്നതോടെ മയിലുകളുടെ ഭക്ഷണ ലഭ്യതയും വർധിക്കുന്നു.
കാലാവസ്ഥയും, ഭക്ഷണവും ഉൾപ്പെടെ സമൃദ്ധമാകുന്ന അതായത് മഴക്കാലം മയിലുകളുടെ ഇണചേരൽക്കാലം കൂടിയാകുന്നതോടെ അവയ്ക്ക മനോഹാരിതയേറുമെന്ന് സാരം. അതുകൊണ്ടുതന്നെ മഴക്കാലത്ത് മയിൽ നൃത്തങ്ങൾ കൂടുതൽ ഭംഗിയുള്ളതാകുകയും ചെയ്യും.