
ഇന്ത്യയിലെ ഏറ്റവും മോശം സംരംഭക സ്ഥാപകൻ എന്ന പേര് ലഭിച്ചിരിക്കുകയാണ് ബൈജൂസിന്റെ സഹ സ്ഥാപകൻ ബൈജു രവീന്ദ്രന്. റെഡിറ്റിൽ ഒരു ഗ്രൂപ്പ് നടത്തിയ പോളിങ്ങിലാണ് ആളുകൾ ബൈജുവിനെ ഏറ്റവും മോശം സ്ഥാപകനാക്കിയത്. മോശം തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും, ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുകയും ചെയ്യുകയും അതുവഴി ഇന്ത്യൻ സ്റ്റാർട്ട്പ്പുകൾക്ക് പേരുദോഷം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് റെഡിറ്റ് കമ്മ്യൂണിറ്റി പറയുന്നത്.
ബൈജൂസ് നിലവിൽ നിരവധി നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൂടാതെ, ബൈജുവിന്റെ ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് 533 മില്യൺ ഡോളർ ട്രാൻസ്ഫർ ചെയ്‌തു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ബൈജൂസ് കമ്പനി വലിയ രീതിയിലുള്ള കട ബാധ്യതയിലായതിനാൽ, കൂട്ട പിരിച്ചുവിടൽ ഉൾപ്പെടെ നടത്തി. തൊഴിലാളികൾക്ക് ഇനിയും ശമ്പളം തീർപ്പാകാനുമുണ്ട്.
'സ്റ്റാർട്ടപ്പ് ഇന്ത്യ' എന്ന റെഡിറ്റ് കമ്മ്യൂണിറ്റിയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകരെ കുറിച്ചുള്ള പൊതുജനാഭിപ്രായം തേടിയത്. നിരവധി ആളുകളാണ് ബൈജുവിനെതിരെ കമ്മന്റ് രേഖപ്പെടുത്തി മുന്നോട്ട് വന്നത്. ബൈജുവിന്റെ അത്യാഗ്രഹം മൂലം ഇപ്പോഴും ഒരുപാട് മാതാപിതാക്കൾ കടത്തിലാണ് എന്നുവരെ ചിലർ അഭിപ്രായപ്പെടുന്നു.
അതേസമയം, ശ്രീധർ വെമ്പുവിനെയാണ് മികച്ച സ്ഥാപകനായി കമ്മ്യൂണിറ്റി തെരഞ്ഞെടുത്തത്. സോഹോ എന്ന സോഫ്റ്റ്‍വെയറിന്‍റെ സ്ഥാപകനാണ് ഇയാൾ. ഇദ്ദേഹം ജന്മനാട്ടിൽ തന്നെ നിരവധി പേർക്ക് തൊഴിൽ നൽകുകയും, മികച്ച ഉൽപ്പന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തുവെന്നും ആളുകൾ പറയുന്നു.