
കേരളത്തിൽ നിന്ന് ആദ്യമായി പാർലമെൻ്റിലെത്തിയ വനിതാ എംപി ആനി മസ്ക്രീൻ ഓർമയായിട്ട് 51 വർഷങ്ങൾ. തിരുവിതാംകൂറിൻ്റെ ത്സാൻസി റാണി എന്നറിയപ്പെടുന്ന ആനി മസ്ക്രീൻ സ്വാതന്ത്ര്യസമര സേനാനി, കേരളത്തിലെ ആദ്യ വനിതാ മന്ത്രി, ലോക്‌സഭാംഗം, ഭരണഘടനയുടെ കരടുരേഖയിൽ ഒപ്പുവച്ച വനിത, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ഇടംപിടിച്ച ആദ്യവനിത എന്നീ അംഗീകാരങ്ങളെല്ലാം പ്രവർത്തന മികവ് കൊണ്ട് സ്വന്തമാക്കിയതാണ്.
സ്ത്രീകളെ കോളജുകളിൽ പോലും അയയ്ക്കാതിരുന്ന കാലത്താണ് തിരുവിതാംകൂറിൽ നിന്ന് ആനി മസ്‌ക്രീൻ എന്നപേര് മുഴങ്ങികേട്ടത്. പുരുഷ മേധാവിത്വത്തിൻ്റെ ഉറച്ച ശബ്ദങ്ങൾക്കിടയിൽ നിന്ന് ആ ധീരവനിത ശക്തമായ നിലപാടുമായി മുഖ്യധാരയിലേക്ക് ഇറങ്ങിവന്നു. പലതവണ പാർലമെൻ്ററി രാഷ്ട്രീയ അധികാരത്തിൻ്റെ ഭാഗമായിരുന്നെങ്കിലും അഴിമതിയുടെ കറപോലും പുരളാത്ത വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അവർ.1963 ജൂലൈ 19ന് ആയിരുന്നു കേരളത്തിന്‍റെ സാമൂഹിക രംഗത്ത് സമാനതകളില്ലാതെ ഇടപെട്ട ആനിമസ്ക്രീൻ വിടവാങ്ങിയത്.