
ലോകമെമ്പാടുമുള്ള യുവാക്കളുടെ കഴിവുകൾ, നേട്ടങ്ങൾ, സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി തെരെഞ്ഞെടുത്തിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 12. എല്ലാ വർഷവും ഓഗസ്റ്റ് 12 ന് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നു. യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ദിവസം ആചരിക്കുന്നത്. ഡിജിറ്റലൈസേഷൻ മുതൽ സാമൂഹിക കാര്യങ്ങളിലുള്ള ഇടപെടലുകളിൽ വരെ, യുവാക്കൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവണതയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.
ലോക ജനസംഖ്യയുടെ പകുതിയും 30 വയസ്സിന് താഴെയുള്ളവരാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഇവരുടെ ഇടപെടലും വളരെ അത്യാവശ്യമാണ്. അത്കൊണ്ട് തന്നെ യുവാക്കളെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.
'ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്: സുസ്ഥിര വികസനത്തിനായുള്ള യുവജന ഡിജിറ്റൽ പാതകൾ' എന്നതാണ് 2024 ലെ അന്താരാഷ്ട്ര യുവജന ദിനത്തിൻ്റെ പ്രമേയം. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് (എസ്‌ഡിജി ) പുരോഗതി വർധിപ്പിക്കുന്നതിൽ ഡിജിറ്റലൈസേഷൻ്റെ പങ്ക് വളരെ പ്രധാനപെട്ടതാണ്. ഡിജിറ്റൽ ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സമൂഹത്തിൽ ഗുണകരമായ മാറ്റം വരുത്തുന്ന യുവാക്കളുടെ അധ്വാനത്തെയും ഈ തീമിലൂടെ എടുത്ത് കാട്ടുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം, സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥികവുമായ കാര്യങ്ങളിൽ ഡിജിറ്റലൈസേഷൻ വലിയ പങ്ക് വഹിക്കുന്നുണ്ട്.
1991-ൽ ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന യുണൈറ്റഡ് നേഷൻസ് സിസ്റ്റത്തിൻ്റെ വേൾഡ് യൂത്ത് ഫോറത്തിൻ്റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്ത യുവാക്കളാണ് അന്താരാഷ്ട്ര യുവജനദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1999 ൽ ഐക്യരാഷ്ട്രസഭ, ആഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജന ദിനമായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2000 ഓഗസ്റ്റ് 12 നാണ് ആദ്യമായി യുവജന ദിനം ആചരിച്ചത്.