

'യുവജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കുക, ഇന്നേക്കും ഭാവിയിലേക്കും വേണ്ടി' - ഇന്ന് ആചരിക്കുന്ന ലോക ജനസംഖ്യാ ദിനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യമാണിത്. യുവജനശാക്തീകരണം, പ്രത്യുത്പാദന അവകാശങ്ങള്‍ സംരക്ഷിക്കുക, ജനസംഖ്യാ സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍കൊണ്ടുവരിക എന്നിവയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ലിംഗസമത്വം, സുസ്ഥിര വികസനം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകളും മുന്നോട്ടുവയ്ക്കുന്നതാണ് ഈ ദിനം. ലോക ജനസംഖ്യ നിലവില്‍ 830 കോടിയില്‍ എത്തി നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ഉയരുന്ന ആഗോള ജനസംഖ്യയുണ്ടാക്കുന്ന അവസരങ്ങളും ഒപ്പം വെല്ലുവിളികളും ചര്‍ച്ചയാക്കാനും ദിനാചരണത്തിലൂടെ സാധ്യമാണ്. 2026ല്‍ ലോക ജനസംഖ്യ 830 കോടി കവിയുമെന്ന് കണക്കാക്കപ്പെടുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാദിനം കടന്നുവരുന്നത്.
ജനസംഖ്യാ ആസൂത്രണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍, പാരിസ്ഥിതിക സുസ്ഥിരത എന്നിവ മുന്‍പത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നത് വസ്തുതയാണ്. ഓരോ വ്യക്തിക്കും ആരോഗ്യകരവും അന്തസുള്ളതുമായ ജീവിതം നയിക്കാനുള്ള അവസരം ഉറപ്പാക്കാന്‍ ലോകം ഒരേ മനസോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. 1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞ ചരിത്ര നിമിഷത്തില്‍ നിന്നാണ് ഈ ദിനാചരണത്തിന്റെ തുടക്കം. യുഗോസ്ലാവ്യയില്‍ ജനിച്ച 'മാറ്റേജ് ഗാസ്പര്‍' എന്ന കുഞ്ഞിനെയാണ് പ്രതീകാത്മകമായി 500 കോടി തികയ്ക്കുന്ന ആളായി ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയത്.
ലോക ജനസംഖ്യാ ദിനാചരണത്തിന് പിന്നില്‍ 'മലയാളി ടച്ചുള്ള' ഒരു കഥയുമുണ്ടെന്നതില്‍ കേരളത്തിന് അഭിമാനിക്കാം. ജനസംഖ്യയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ പ്രത്യേക ദിനം വേണമെന്ന ആശയം മുന്നോട്ടുവച്ചത് വിഖ്യാത ജനസംഖ്യാ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. കെ.സി. സക്കറിയയാണ്. ലോകബാങ്കിലെ സീനിയര്‍ ഡെമോഗ്രാഫറായിരിക്കെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്.
ഡോ. കെ.സി. സക്കറിയയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, 1989-ല്‍ ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഗവേണിങ് കൗണ്‍സില്‍ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. 1990 ജൂലൈ 11-നാണ് ആദ്യമായി 90ല്‍ അധികം രാജ്യങ്ങളില്‍ ഈ ദിനം ഔദ്യോഗികമായി ആചരിക്കാന്‍ തുടങ്ങിയത്.